Sorry, you need to enable JavaScript to visit this website.

താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സഹോദരൻ അറസ്റ്റിൽ; പീഡിപ്പിച്ചത് അമ്മ ജോലിക്കു പോയ സമയത്ത്

(താമരശ്ശേരി) കോഴിക്കോട് - പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
  സ്വന്തം വീട്ടിൽ വച്ചാണ് പെൺകുട്ടി സഹോദരന്റെ പീഡനത്തിനിരയായത്. വയനാട് സ്വദേശികളായ ഇവർ ജോലി ആവശ്യത്തിനായി താമരശ്ശേരിക്കടുത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ്. അമ്മ വീട്ടുജോലിക്ക് പോകുന്ന സമയത്തായിരുന്നു സഹോദരൻ പീഡിപ്പിച്ചിരുന്നത്. സുഹൃത്തുമായുള്ള ഫോൺ സംഭാഷണം അമ്മയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു 17-കാരിയെ പീഡനത്തിനിരയാക്കിയതെന്നാണ് പെൺകുട്ടിയുടെ മൊഴിയിലുള്ളത്. രണ്ടുദിവസം മുമ്പ് പീഡനവിവരം പെൺകുട്ടി സ്‌കൂളിലെ കൂട്ടുകാരിയോട് പറയുകയായിരുന്നു. ഒറ്റമുറി വീട്ടിൽ സഹോദരനോടൊപ്പമായിരുന്നു കിടന്നിരുന്നതെന്നും ഇക്കാര്യം പുറത്തുപറയാൻ പേടിച്ചിരുന്നെന്നും പെൺകുട്ടി കൂട്ടുകാരിയോട് വെളിപ്പെടുത്തി. തുടർന്ന് ഈ കൂട്ടുകാരിയാണ് സ്‌കൂൾ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞത്.
 തുടർന്ന് പെൺകുട്ടിയുമായി സംസാരിച്ച ശേഷം സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ റിപോർട്ട് പ്രകാരമാണ് സഹോദരനായ 19-കാരനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തത്.

Latest News