Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗാര്‍ഡിന്റെ പ്രാധാന്യംപോലും ഹെല്‍മറ്റിന് പലരും കൊടുക്കുന്നില്ല: നടന്‍ ഷെയ്ന്‍ നിഗം

കൊച്ചി-മൊബൈല്‍ ഫോണിന് സ്‌ക്രീന്‍ ഗാര്‍ഡിന്റെ സംരക്ഷണം നല്‍കുന്ന നമ്മളില്‍ പലരും ഹെല്‍മറ്റ് വയ്ക്കാനുള്ള മനസ് കാണിക്കുന്നില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം പറഞ്ഞു.  മോട്ടോര്‍ വാഹന വകുപ്പ്, റോഡ് സേഫ്റ്റി ക്ലബ്ബ്,  ഫസ്റ്റ് എയ്ഡ് എന്നിവയുടെ സഹകരണത്തോടെ  എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടത്തിയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു  ഷെയ്ന്‍ നിഗം. സെല്‍ഫ് ലവ്, സെല്‍ഫ് കെയര്‍ എന്നീ കാര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാന്‍ നമുക്ക് കഴിയണം. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് നമ്മുടെ തന്നെ സുരക്ഷയുടെ ഭാഗമാണെന്നും അദ്ദേഹം   പറഞ്ഞു.

ഗതാഗതനിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ  ഈടാക്കാനുള്ള ടാര്‍ഗറ്റ് നല്‍കുന്നത് സര്‍ക്കാരിന് പണം ലഭിക്കാനല്ലെന്നും ജനങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.  റോഡ് സുരക്ഷയ്ക്കായി ചെയ്യുന്ന പല കാര്യങ്ങളും സര്‍ക്കാരിന് പിഴ ലഭിക്കാനാണ് എന്ന് തെറ്റിദ്ധരിക്കുന്നുണ്ട്. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അത് വഴി അപകട മരണങ്ങള്‍ കുറക്കാന്‍ കഴിയും. മരണത്തേക്കാള്‍ ഭീകരമായ അവസ്ഥ നട്ടെല്ലിനും മറ്റും ക്ഷതമേറ്റ് കിടപ്പിലാക്കുന്നതാണ്. അവരെ പരിചരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് അവര്‍ക്ക് മാനസിക പിന്തുണ നല്‍കാനായിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി റോഡ് അപകടങ്ങള്‍ പരമാവധി കുറക്കാനാണ് ശ്രമിക്കുന്നത്. യുവാക്കളെ അടക്കം റോഡ് സുരക്ഷയെ കുറിച്ച് ബോധവാന്മാരാക്കാന്‍ പലതരത്തിലുള്ള പരിപാടികള്‍ നടത്തി വരികയാണ്. യുവാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് സിനിമാ താരങ്ങളെയും പരിപാടിയുടെ ഭാഗമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നടിയും സിനിമാ നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നിന്ന് തുടങ്ങിയ ദീപശിഖാ പ്രയാണം നിര്‍മലാ  കോളേജ് പ്രിന്‍സിപ്പല്‍ കെ.വി.തോമസില്‍ നിന്നും സെന്റ് തെരേസാസ് കോളേജ് ചെയര്‍പേഴ്‌സണ്‍ നിഖിത നായര്‍ ഏറ്റുവാങ്ങി.

സര്‍സ്റ്റ് (എസ്.ഐ.ആര്‍.എസ്.ടി) ഡയറക്ടര്‍ ആദര്‍ശ് കുമാര്‍ ജി നായര്‍  സെമിനാര്‍ അവതരിപ്പിച്ചു. സെന്റ്  തെരേസാസ് കോളേജ് മാ?നേജര്‍ സിസ്റ്റര്‍ ഡോ. വിനിത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ അല്‍ഫോന്‍സ വിജയാ ജോസഫ് , ഫസ്റ്റ് എയ്ഡ് സംഘടന പ്രസിഡന്റ്  സനീഷ് കലൂക്കാടന്‍, പെരുമ്പാവൂര്‍ സബ് ആര്‍ടിഒ  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍  ദിലീപ് കുമാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest News