അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കും വോട്ടു ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂദല്‍ഹി- ദേശീയ പൗരത്വ രജിസറ്ററില്‍ നിന്ന് പുറത്തായ അസമിലെ 40 ലക്ഷത്തോളം പേരില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് വ്യക്തമാക്കി. ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പൗരന്മാരെ പുറത്താക്കിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടവര്‍ക്കും എല്ലാ വ്യവസ്ഥകളും പാലിക്കുന്നവര്‍ക്കും തീര്‍ച്ചയായും വോട്ടവകാശം ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പു കമ്മീഷന്‍ ജനുവരിയില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.  അന്തിമ പൗരത്വ പ്ട്ടിക പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. നിലവില്‍ ഒരു മാറ്റങ്ങളും ഇല്ലെന്നും ദേശീയ പൗരത്വ രജിസ്റ്ററുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പൗരത്വ പട്ടികയുടെ അന്തിമ കരട് രേഖ പ്രസിദ്ധീകരിച്ചത് ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് ആയുധമായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാലാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ അടുത്തുവരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇവരെ ഉന്നമിട്ടിരിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.


 

Latest News