Sorry, you need to enable JavaScript to visit this website.

ഇത്ര അരാഷ്ട്രീയമോ രാഷ്ട്രീയ കുടുംബങ്ങൾ?

എ.കെ.ആന്റണിയുടെ പത്‌നി എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തലുകളിലൂടെ കേരളീയ സമൂഹത്തിൽ വികസിച്ചുവരുന്ന അരാഷ്ട്രീയതയുടെ നേർചിത്രമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിൽ നടന്ന മരിയൻ ഉടമ്പടി പ്രാർത്ഥനയുമായി ബന്ധപ്പെട്ട് അവർ നടത്തിയ വെളിപ്പെടുത്തലിലാണ് കുടുംബത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ പുറത്തേക്ക് വമിച്ചത്. 
ഒരു കുടുംബത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും ഒരു വ്യക്തിയുടെ സ്വകാര്യ വിഷയങ്ങളിലും പ്രാർത്ഥനകളിലൂടെ പരിഹാരം തേടുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ള പ്രാർത്ഥനകളിൽ പലതും കടന്നുവരാം. അത് പ്രാർത്ഥിക്കുന്നവനും പ്രാർത്ഥിക്കപ്പെടുന്നവനും തമ്മിലുള്ള സ്വകാര്യതയിൽ പെട്ടതാണ്. അത് റെക്കോർഡ് ചെയ്ത് പുറത്തേക്ക് വിടുന്നത് പ്രാർത്ഥന എന്ന ഏറെ ആത്മാർത്ഥമായ പ്രവൃത്തിയെ മലിനമാക്കലാണ്. ഏതു മതത്തിലായിരുന്നാലും പ്രാർത്ഥനകളെ ഇവ്വിധം വാണിജ്യവൽക്കരിക്കുന്നത് ശരിയാണോ എന്ന് വിലയിരുത്താൻ സമൂഹം തയ്യാറാവേണ്ടതുണ്ട്.
എലിസബത്തിന്റെ വെളിപ്പെടുത്തലിലടങ്ങിയ രാഷ്ട്രീയ വിഷയങ്ങളാണ് ഏറെ വിവാദമായിരിക്കുന്നത്. മകൻ അനിലിന് കോൺഗ്രസിൽ വലിയ സ്ഥാനങ്ങളൊന്നും ലഭിച്ചില്ലെന്നും അതിന്റെ പേരിൽ അവന് വലിയ വിഷമമായിരുന്നെന്നും അങ്ങനെയിരിക്കുമ്പോഴാണ് ബി.ജെ.പിയിൽ അവസരം ലഭിച്ചതെന്നും അതോടെ വിഷമം മാറിയെന്നും ബി.ജെ.പിയോടുള്ള വെറുപ്പ് ഇല്ലാതായെന്നുമാണ് അവർ പറഞ്ഞത്. 
അമേരിക്കയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ രാഷ്ട്രീയത്തോട് താൽപര്യം തോന്നിയെന്നും അങ്ങനെ ഇന്ത്യയിലേക്ക് തിരിച്ചുവന്നെന്നും എന്നാൽ കഴിഞ്ഞവർഷം ഉദയ്പൂരിൽ നടന്ന കോൺഗ്രസ് ചിന്തൻ ശിബിറിൽ 'വൺ ഫാമിലി; വൺ ടിക്കറ്റ്' എന്ന ആശയം പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ മോഹഭംഗം ഉണ്ടായെന്നുമാണ് സങ്കടത്തോടെ അവർ പറഞ്ഞത്. സ്വന്തം മക്കൾ രാഷ്ട്രീയത്തിൽ ഉയർന്നുവരണമെന്ന മോഹം ഏതൊരമ്മക്കുമുണ്ടാവുമെന്നും അതിന്റെ സാക്ഷാത്കാരത്തിനായി 'അമ്മ'യോട് കരഞ്ഞു പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. 
അനിൽ ആന്റണി വളർന്നത് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഗതിവിഗതികൾ കണ്ടുകൊണ്ടാണ്. ഇന്ത്യയുടേയും കോൺഗ്രസിന്റെയും ചരിത്രവും കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ തത്ത്വങ്ങളും ധാരാളമായി അറിയാവുന്ന ഒരു കുടുംബത്തിലാണ് അനിൽ വളർന്നത്. എന്നാൽ ചെറുപ്പകാലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അനിൽ പങ്കെടുത്തിരുന്നില്ല. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി) പഠിക്കുന്ന കാലത്തോ അതിന് ശേഷമോ കെ.എസ്.യുവിൽ സജീവമായിരുന്നില്ല. അദ്ദേഹത്തിന്റെ മേഖല ടെക്നോളജിയും ബിസിനസുമായിരുന്നു. 
ഈ മേഖലകളിൽ വലിയ കഴിവ് തെളിയിക്കുകയും ഒട്ടേറെ ലേഖനങ്ങൾ പത്രമാസികകളിൽ എഴുതുകയും ചെയ്തിട്ടുണ്ടായിരുന്നു. ഒരു കാലത്തും ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചോ കോൺഗ്രസിനെ കുറിച്ചോ അദ്ദേഹം ഒന്നും എഴുതിയിട്ടില്ല. ഒരു വ്യവസായ പ്രമുഖനായും സാങ്കേതിക വിദഗ്ധനായും കഴിഞ്ഞുവന്നിരുന്ന അനിലിന്റെ ഉള്ളിൽ രാഷ്ട്രീയ മോഹം വളരുന്നത് അമ്മ പറഞ്ഞപോലെ 34-ാം വയസ്സിൽ അമേരിക്കയിൽ നിന്നും മടങ്ങിയതിന് ശേഷം മാത്രമാണ്. ഈ മോഹം രാഷ്ട്രീയ പ്രവർത്തനത്തോടുള്ള താൽപര്യം കൊണ്ടായിരുന്നില്ല, മറിച്ച് കുഞ്ചിക സ്ഥാനങ്ങളോടുള്ള അഭിവാഞ്ഛ കൊണ്ട് മാത്രമായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകനായി രാജ്യത്തിന് വേണ്ടി സേവനം ചെയ്യാൻ മുന്നിട്ടിറങ്ങുന്നതിന് പകരം കുടുംബ പാരമ്പര്യത്തിന്റെ പേരിൽ പാർട്ടിയുടെ വലിയ സ്ഥാനങ്ങളിൽ എത്തിച്ചേരണമെന്ന മോഹം ഒട്ടും ആശാസ്യമല്ല. 
കഴിഞ്ഞ പത്തുവർഷക്കാലമായി അധികാരത്തിലിരിക്കുന്ന മോഡി സർക്കാർ രാജ്യത്തിന്റെ മതനിരപേക്ഷതയെ തുരങ്കം വെച്ചുകൊണ്ടും ഭരണഘടനയെ ചവിട്ടിമെതിച്ചുകൊണ്ടും ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവരുടെ കഴുത്തറുത്തുകൊണ്ടും നടത്തിക്കൊണ്ടിരിക്കുന്ന ഭീകര രാഷ്ട്രീയ പ്രവർത്തനങ്ങൾക്കെതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അനിൽ ആന്റണിക്ക് അറിയില്ലെന്ന് പറയാൻ കഴിയുമോ? കോൺഗ്രസ് പ്രസ്ഥാനത്തിന് ദീർഘകാലം നേതൃത്വം നൽകിയ എ.കെ.ആന്റണിയുടെ കുടുംബാംഗങ്ങൾ മണിപ്പൂരിലടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നില്ലേ? മകന്റെ രാഷ്ട്രീയ ഭാവിയാണോ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നം? ഒരു പുരോഹിതന്റെ സംസാരത്തിലൂടെ ഇല്ലാതാകുന്നതാണോ ബി.ജെ.പിയോടുള്ള പ്രത്യയശാസ്ത്രപരമായ അറപ്പും വെറുപ്പും? ഇത്ര അരാഷ്ട്രീയമാണോ നമ്മുടെ രാഷ്ട്രീയ കുടുംബങ്ങൾ?
സ്വാതന്ത്ര്യത്തിന് ശേഷമുള്ള കോൺഗ്രസിന്റെ ചരിത്രം ആരംഭിക്കുന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിലൂടെയാണ്.  കോൺഗ്രസ് നേതാവ്, പ്രധാനമന്ത്രി തുടങ്ങിയ പദവികൾക്കപ്പുറം ഒരു നല്ല പിതാവ് കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ നേതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു പിതാവായിരുന്നു അദ്ദേഹം. 
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ അദ്ദേഹം മകൾ ഇന്ദിരക്ക് അയച്ച കത്തുകളിൽ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ബാലപാഠങ്ങൾ അടങ്ങിയിരുന്നു. മതേതരത്വം ഒഴിവാക്കി ഒഴുക്കിനനുസരിച്ച് നീന്താൻ കോൺഗ്രസിലെ പലരും മെനക്കെട്ടപ്പോൾ ഉറച്ച മതേതരവിശ്വാസികളായി മുന്നിൽ നടന്നു പ്രവർത്തിക്കാൻ ഇന്ദിരക്കും മകൻ രാജീവിനും സാധിച്ചത് നെഹ്റു പകർന്നുകൊടുത്ത കോൺഗ്രസ് രാഷ്ട്രീയത്തിലൂന്നിയ മതനിരപേക്ഷ പാഠങ്ങളായിരുന്നു. 
അതുതന്നെയാണ് ഇപ്പോൾ  പേരമകൻ രാഹുലിനെ വർധിത വീര്യത്തോടെ സംഘ്പരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള ഊർജം നേടിയെടുക്കാൻ പ്രാപ്തമാക്കിയതും. നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും സിരകളിലൂടെ ഒഴുകിയ മതനിരപേക്ഷ രക്തം തന്നെയാണ് തന്റെ സിരകളിലൂടെ ഒഴുകുന്നത് എന്ന് തെളിയിച്ചുകൊണ്ടാണ് രാഹുൽ തേരോട്ടം തുടർന്നുകൊണ്ടിരിക്കുന്നത്. അതാണ് ഒരു യഥാർത്ഥ രാഷ്ട്രീയ കുടുംബത്തിന്റെ ഗരിമയും തെളിമയും.  ഉദ്ദേശിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കാതിരിക്കുമ്പോഴോ, നേതാക്കളിൽ ആരോടെങ്കിലും അഭിപ്രായവ്യത്യാസം ഉടലെടുക്കുമ്പോഴോ തെറിച്ചുപോവുന്ന മൂക്കായിരിക്കരുത് രാഷ്ട്രീയബോധം.  

Latest News