ന്യൂദല്‍ഹി-ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ആദ്യം അംഗീകരിച്ച് പിന്നീട് വിവാഹമോചനക്കേസില്‍ അതിനെ ക്രൂരതയായി ആരോപിക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.
ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടായിട്ടും ഒപ്പംകഴിയാനാണ് ഭാര്യ തയ്യാറായത്. അതിനാല്‍ വിവാഹമോചനക്കേസില്‍ ഭര്‍ത്താവിന്റെ ക്രൂരതയായി ഈ ബന്ധത്തെ കാണാനാവില്ലെന്ന് കോടതി പറഞ്ഞു.
ഭര്‍ത്താവിന് കുടുംബകോടതി വിവാഹമോചനം അനുവദിച്ചത് ചോദ്യംചെയ്ത് ഭാര്യ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. സൈനികനായ തനിക്ക് പലയിടത്തും ജോലി ചെയ്യേണ്ടിവന്നപ്പോള്‍ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടെന്നും ഭാര്യ തന്നോട് സംസാരിക്കാറുപോലുമില്ലായിരുന്നെന്നും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. കുറ്റം തന്നില്‍ ചുമത്താന്‍ ഭാര്യ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ എഴുതുമായിരുന്നു.
പത്തുവര്‍ഷം മുന്‍പത്തെ സംഭവമാണ് ഭാര്യ വിവാഹേതര ബന്ധമായി ആരോപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജോലിയുടെ സാഹചര്യംകൊണ്ടാണ് അകന്ന് കഴിയേണ്ടിവന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ സുഹൃത്തുക്കളില്‍ ആശ്രയം കണ്ടെത്തിയേക്കാം. അതിനര്‍ഥം ഭാര്യയെ അവഗണിച്ചുവെന്നല്ല. അതില്‍ ക്രൂരത ആരോപിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ നടപടികളെ ക്രൂരതയായി വിലയിരുത്തി വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു.