ആലുവയില്‍ ഹൈക്കോടതി ജീവനക്കാരന്‍ സഹോദരനെ വെടിവച്ചു കൊന്നു  

കൊച്ചി-എറണാകുളം ആലുവയില്‍ ചേട്ടനെ അനിയന്‍ വെടിവച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സന്‍ (48) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിയന്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ചാണ് പോള്‍സനെ തോമസ് വെടിവച്ചത്. കൊലപാതകത്തിനുശേഷം തോമസ് തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. ഹൈക്കോടതിയില്‍ സെക്ഷന്‍ ഓഫിസറാണ് തോമസ്.
വീടിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാവിലെ തോമസിന്റെ ബൈക്ക് പോള്‍സന്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസില്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഒരു ബൈക്ക് വീടിനു മുന്നില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. പിന്നീട് രാത്രി 11 മണിയോടെ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവച്ചതെന്നു പോലീസ് പറഞ്ഞു.

Latest News