കൊച്ചി- പകല്‍ കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ബീഹാര്‍ മധുവാപുരി സ്വദേശി ഷൗക്കത്തലി(40)യെയാണ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കലൂര്‍ ദേശാഭിമാനി ജങ്ഷനിലുള്ള അക്ഷയ റസ്റ്റോറന്റിനടുത്താണ് സംഭവം.
അമ്മയ്‌ക്കൊപ്പം പോകുകയായിരുന്ന പെണ്‍കുട്ടിയെ പിറകിലുണ്ടായിരുന്ന ഷൗക്കത്ത് പിടിക്കുകയായിരുന്നു. കൈയില്‍ കടന്നു പിടിച്ച പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു. ഇത് കണ്ട നാട്ടുകാര്‍ ഇയാളെ പിടിച്ച് നിര്‍ത്തി കൈകാര്യം ചെയ്തു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂം വാഹനമെത്തി ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യലഹരിയിലായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊതുസ്ഥലത്ത് സ്ത്രീകളെ ശല്യം ചെയ്തതിന് ഷൗക്കത്തലിക്കെതിരെ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.






