Sorry, you need to enable JavaScript to visit this website.

സ്വർഗം കിട്ടാൻ സിദ്ധന് കൈക്കൂലി നൽകിയ പ്രവാസി

ജീവിതാനുഭവങ്ങൾ ഒട്ടേറെയുള്ളവരാണ് പ്രവാസികളെങ്കിലും സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തിൽ ഈ അനുഭവ സമ്പത്ത് പ്രയോഗവൽക്കരിച്ചു കാണാറില്ല. ഇക്കാര്യത്തിൽ പലരും നിരക്ഷരരാണെന്ന് വേണം പറയാൻ. തിരിച്ചടികൾ എത്രയുണ്ടായാലും പാഠം പഠിക്കാത്തവർ. കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിച്ചും കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം കാലാകാലം ലഭിക്കുമെന്ന മനപ്പായസമുണ്ടും വലിയ വീടുകൾ കെട്ടിപ്പൊക്കിയും മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ കൊക്കിലൊതുങ്ങാവുന്നതിനേക്കാൾ കൂടുതൽ വിലയുള്ള വാഹനങ്ങളെടുത്തും വായ്പ തിരിച്ചടയ്ക്കാനാവാതെയും വീടും വാഹനവുമെല്ലാം മെയ്‌ന്റെയിൻ ചെയ്യാനാവാതെയും വെള്ളം കുടിക്കുന്ന പ്രവാസികൾ നിരവധിയാണ്.

 

അനുഭവങ്ങളുടെ കലവറയാണ് പ്രവാസികൾ. പ്രവാസമെന്നാൽ ശരീരം കൊണ്ട് മാത്രം അകന്നു പോകുന്ന യാത്രകളാണ്.  പ്രവാസ ജീവിതത്തിൽ അയാൾ സദാ ചിന്തിക്കുക തന്റെ കുടംബത്തെയും ബന്ധുക്കളെയും നാടിനെയും കുറിച്ചായിരിക്കും. അത് നട്ടുനനയ്ക്കാനും സ്വപ്‌നങ്ങളെ തലോലിക്കാനും സ്വന്തം ജീവിതത്തെ ഹോമിക്കുന്നവരാണ് പ്രവാസികൾ. കേരളത്തിന്റെ പ്രവാസ ചരിത്രത്തിന് ഇരുന്നൂറോളം വർഷങ്ങളുടെ പഴക്കമുണ്ട്. കൊളംബോ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കായിരുന്നു ആദ്യകാല കുടിയേറ്റം. 1970 കളോടെയാണ് ഗൾഫിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. അത് പിന്നെ ശക്തിപ്പെട്ട് ഗൾഫും കടന്ന് അമേരിക്കൻ ഐക്യനാടുകളിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കൻ നാടുകളിലേക്കും വരെ വ്യാപിക്കുകയാണ്. ഇങ്ങനെ നാടുവിട്ടവരുടെ അധ്വാനമാണ് കേരളം ഇന്ന് കാണുന്ന സാമ്പത്തിക സുസ്ഥിരതക്കു കാരണം. 
ഏത് പ്രതികൂല കാലാവസ്ഥയെയും ജീവിത സാഹചര്യങ്ങളെയും അതിജീവിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന പ്രവാസികൾക്ക് ഏതു പ്രതിന്ധികളെയും നേരിടാനാവും. എന്നാൽ മനുഷ്യ സ്‌നേഹം കുടികൊള്ളുന്ന ലോല ഹൃദയാലുക്കളായവരായതിനാൽ വളരെ എളുപ്പം കബളിപ്പിക്കലിനും ഇവരിരയാകും. അതു കുടുംബങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും മാത്രമായിരിക്കില്ല, പ്രവാസികളെ ചൂഷണം ചെയ്യാൻ നടക്കുന്ന വിരുതൻമാരിൽ നിന്നു വരെയുണ്ടാകും. അത് തിരിച്ചറിയാനുള്ള കഴിവില്ലായ്മ പലരെയും കൊണ്ടെത്തിക്കുക ജീവിത പരാജയത്തിന്റെ അഗാധ ഗർത്തങ്ങളിലായിരിക്കും. ഒരു ജീവിത കാലഘട്ടം മുഴുവൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യമത്രയും നിമിഷനേരം കൊണ്ട് മറ്റുള്ളവർ അടിച്ചു മാറ്റി വഞ്ചിക്കപ്പെട്ട ശേഷം അതു തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ അവശേഷിക്കുന്നതും ഇല്ലാതാവുന്ന അവസ്ഥയാണ് പലരിലും കണ്ടുവരുന്നത്. ഇങ്ങനെ ജീവിതം ഹോമിക്കപ്പെട്ട് തെരുവിലായവർ നിരവധിയാണ്. ഇതിനർഥം പ്രവാസികളെല്ലാം മണ്ണുണ്ണികളാണെന്നല്ല, എന്നാൽ ചിലരുടെ കഥകൾ കേൾക്കുമ്പോൾ അവർ ഇനിയും നേരം വെളുക്കാത്തവരാണെന്ന് തോന്നിപ്പോകും. 
ജീവിതാനുഭവങ്ങൾ ഒട്ടേറെയുള്ളവരാണ് പ്രവാസികളെങ്കിലും സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തിൽ ഈ അനുഭവ സമ്പത്ത് പ്രയോഗവൽക്കരിച്ചു കാണാറില്ല. ഇക്കാര്യത്തിൽ പലരും നിരക്ഷരരാണെന്ന് വേണം പറയാൻ. തിരിച്ചടികൾ എത്രയുണ്ടായാലും പാഠം പഠിക്കാത്തവർ. കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിച്ചും കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം കാലാകാലം ലഭിക്കുമെന്ന മനപ്പായസമുണ്ടും വലിയ വീടുകൾ കെട്ടിപ്പൊക്കിയും മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ കൊക്കിലൊതുങ്ങാവുന്നതിനേക്കാൾ കൂടുതൽ വിലയുള്ള വാഹനങ്ങളെടുത്തും വായ്പ തിരിച്ചടയ്ക്കാനാവാതെയും വീടും വാഹനവുമെല്ലാം മെയ്‌ന്റെയിൻ ചെയ്യാനാവാതെയും വെള്ളം കുടിക്കുന്ന പ്രവാസികൾ നിരവധിയാണ്. നാട്ടുകാരും വീട്ടുകാരുമെല്ലാം പ്രവാസികളെയെല്ലാം ഒരേ രീതിയിലാണ് കാണുന്നത്. 1000 റിയാൽ ശമ്പളം വാങ്ങുന്നവനെയും പതിനായിരം റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്നവരെയുമെല്ലാം ഒരേ കണ്ണുകളോടെയാണ് കാണുന്നത്. പൊരിവെയിലിൽ ആയിരം റിയാലിനു പണിയെടുക്കുന്നവന്റെ മുന്നിലെത്തുന്നവന്റെയും ലക്ഷങ്ങൾ സമ്പാദിക്കുന്നവന്റെ മുന്നിലെത്തുന്നവന്റെയും ആവശ്യങ്ങൾ ഏതാണ്ട് തുല്യമാണ്. വലിയ വീട് വെക്കണമെന്ന ഭാര്യയുടെ ആവശ്യം, ബ്രാന്റഡ് വസ്ത്രങ്ങളും വാഹനങ്ങളും വേണമെന്ന മക്കളുടെ ആവശ്യം, ബന്ധുക്കളുടെ പലവിധ ഡിമാന്റുകൾ, മക്കളുടെ പഠനം, വിവാഹം, പള്ളിക്കാരുടെയും പട്ടക്കാരുടെയും പിരിവുകൾ, രാഷ്ട്രീയ, മതനേതാക്കളുടെ എഴുന്നള്ളിപ്പ്, ചാരിറ്റിക്കാരുടെ ചാരിനിന്നുള്ള പിടിച്ചുപറി þ-അങ്ങനെ പട്ടിക നീളും. കുറഞ്ഞ വരുമാനക്കാരൻ ഈ ആവശ്യങ്ങൾക്കു മുന്നിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ പെടാപ്പാട് പെടും. ഇതിനിടയിൽ കിടന്ന് പ്രവാസത്തിനു വിരാമമിടാനാവാതെ  അവർ ഉരുകിത്തീരും. ബഹുഭൂരിഭാഗം പ്രവാസികളുടെയും അവസ്ഥ ഇതാണ്.
ഇതിനിടയിലാണ് പലരും കബളിപ്പിക്കലിനും ഇരയാകുന്നത്. ഉള്ളതെല്ലാം അയച്ചു കൊടുത്ത്, അതെല്ലാം കൈക്കലാക്കി ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി വഞ്ചിതരായ പ്രവാസികൾ നിരവധിയാണ്. അതല്ലെങ്കിൽ സകലതും കുടുംബത്തിന്റെ ജീവിത സുഖത്തിനായി ചെലവഴിച്ച് രോഗിയായി പ്രവാസം അവസാനിപ്പിച്ച് കയറിച്ചെല്ലുമ്പോൾ കറിവേപ്പില പോലെ എടുത്ത് പുറത്തെറിയപ്പെടുന്നവരും ഒട്ടെറെ. വർധിച്ചു വരുന്ന ചെലവുകൾ നേരിടാൻ ശമ്പളം കൂടാതെ മറ്റെന്തെങ്കിലും വരുമാനം എന്ന ചിന്ത രൂപപ്പെട്ട് കിട്ടിയതിൽനിന്ന് പിടിച്ചുവെച്ച് സ്വരുക്കൂട്ടി ബിസിനസുകളിലോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും സംരംഭങ്ങളിലോ പങ്കാളിത്തം കൂടി അതെല്ലാം വായുവിൽ അലിഞ്ഞു പോയ പ്രവാസികളും ചില്ലറയല്ല. സൗഹൃദത്തിന്റെ പേരിൽ തോളിൽ കൈയിട്ട് മൊഞ്ചുവാക്കുകൾ പറഞ്ഞ് കടം ചോദിച്ചവരുടെ മുന്നിൽ മറുവാക്ക് പറയാനാവാതെ കടം നൽകി സൗഹൃദവും പണവും നഷ്ടപ്പെട്ട് കുണ്ഠിതപ്പെട്ടിരിക്കുന്നവരുടെ എണ്ണവും വിരളമല്ല. രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകൾ എല്ലാ അവധി ദിവസങ്ങളിലും അവരുടെ സങ്കേതങ്ങളിലേക്ക് ക്ഷണിച്ച് മനം മയക്കുന്ന വാക്കുകൾ സമ്മാനിച്ച് പോക്കറ്റിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ സകലതും ഊറ്റിയെടുക്കുന്നവരുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് മോചനം സാധ്യമാവാതെ വിഷമിക്കുന്ന പ്രവാസികളും അനവധി. അങ്ങനെ പലവിധ ചൂഷണങ്ങൾക്കും വിധേയരായി മറുത്തൊന്നും പറയാനാവാതെ പ്രയാസപ്പെടുന്ന  പ്രവാസികളുടെ കഥകൾ ഒട്ടേറെ നാം കേട്ടിട്ടുണ്ട്. 
എന്നാൽ സ്വർഗം കിട്ടാൻ ലക്ഷങ്ങൾ നൽകി വഞ്ചനക്കിരയായ പ്രവാസിയുടെ കഥ അധികമാരും കേട്ടിട്ടുണ്ടാവില്ല. അതും സംഭവിച്ചിരിക്കുന്നു. പടച്ചോന് കൈക്കൂലി കൊടുക്കാൻ സിദ്ധന്റെ സഹായം തേടിയ പ്രവാസിയുടെ കഥ. കേട്ടാൽ ആരും ചിരിച്ചു പോകുമെന്ന് മാത്രമല്ല, ഇങ്ങനെയുള്ള ആളുകൾക്ക് തിരിച്ചറിവുണ്ടാവാൻ ഇത്തരം തിരിച്ചടി നല്ലതാണെന്ന് ചിന്തിക്കുന്നവരാകും അധികം പേരും. മലപ്പുറം ഐക്കരപ്പടി സ്വദേശിയായ പ്രവാസിയാണ് 35 വർഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ തന്റെ മുഴുവൻ സമ്പാദ്യവും വ്യാജ സിദ്ധൻ തട്ടിയെടുത്തുവെന്ന പരാതിയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. തുക ഒന്നും രണ്ടുമല്ല, രണ്ടു കോടി രൂപയാണ്. താൻ പറഞ്ഞ പ്രകാരം നടന്നാൽ സ്വർഗം ലഭിക്കുമെന്നും ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ ഭീമമായ തുക സിദ്ധൻ കൈക്കലാക്കിയതെന്നാണ് പ്രവാസി മലപ്പുറത്ത് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. സിദ്ധനെതിരെ പോലീസിൽ പരാതി നൽകി പരിഹാരം തേടി പോലീസിനു പിന്നാലെ നടക്കുകയാണ് ഇദ്ദേഹം. പോലീസ് വേണ്ടത്ര ശ്രദ്ധ നൽകാത്തതിനാൽ മറ്റു നിയമ നടപടികളിലേക്കു പോകാനുള്ള ഒരുക്കത്തിലുമാണ്. അതോടെ അവശേഷിക്കുന്നതും പോയിക്കിട്ടും. സമ്പൂർണ സാക്ഷരതയുള്ള കേരളത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറിയതെന്നതാണ് സവിശേഷത. മാത്രമല്ല, മൂന്ന് പതിറ്റാണ്ടിലേറെക്കാലം വിദേശത്ത് പണിയെടുത്ത് വിവിധ ദേശക്കാരെയും ഭാഷക്കാരെയും കണ്ട് ലോകം എന്തെന്ന് തിരിച്ചറിഞ്ഞ പ്രവാസിയാണ് ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീണതെന്നതാണ് അതിശയിപ്പിക്കുന്നത്. ഇത് പ്രവാസിൾക്ക് തന്നെ നാണക്കേടാണ്. 
പ്രിയ പ്രവാസികളെ, നാം നമ്മളെ തന്നെ തിരിച്ചറിയേണ്ട കാലം വൈകിയിരിക്കുന്നു. ഇനിയെങ്കിലും ഇത്തരം തട്ടിപ്പുകൾക്ക് വശംവദരാവാതെ സാമ്പത്തിക അച്ചടക്കം പാലിച്ച് കിട്ടുന്ന വരുമാനത്തിനനുസരിച്ച് ജീവിക്കാനും അത് കുടുംബാംഗങ്ങളെ പഠിപ്പിക്കാനും തയാറാവണം. അതല്ലെങ്കിൽ നിങ്ങളുടെ സ്വപ്‌നങ്ങൾ പൂവണിയാതെ മണ്ണടിയും. 

Latest News