ഉപയോക്താക്കളുടെ സൗകര്യത്തിനായി കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജനപ്രിയ വാട്‌സ്ആപ്പ് അടുത്ത മാസം മുതൽ കൂടുതൽ ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കാതാകും. ആൻഡ്രോയിഡ് പതിപ്പ് അഞ്ചിനും അതിനുശേഷമുള്ള പുതിയ പതിപ്പുകൾക്കും മാത്രമേ സപ്പോർട്ട് ലഭിക്കുകയുള്ളൂവന്ന് കമ്പനി അടുത്തിടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപനം നടത്തിയിരുന്നു. ആൻഡ്രോയിഡ് പതിപ്പ് 4.1ലും അതിനുമുമ്പുള്ള പതിപ്പുകളിലുമാണ് വാട്‌സ്ആപ്പ് അവസാനിക്കാൻ പോകുന്നത്. ഒക്ടോബർ 24 മുതൽ പഴയ ആൻഡ്രോയിഡ് ഫോണുകളിൽ വാട്‌സ്ആപ്പ് കിട്ടാതാകും.
നെക്‌സസ്, സാംസങ് ഗാലക്‌സി നോട്ട് 2, എച്ച്.ടി.സി വൺ. സോണി എക്‌സ്പീരയ സെഡ്, എൽ.ജി ഒപ്ടിമസ് പ്രോ, സാംസങ് ഗാലക്‌സി എസ് 2, സാംസങ് ഗാലക്‌സി നെക്‌സസ്, എച്ച്.ടി.സി സെൻസേഷൻ, മോട്ടോറോള ഡ്രോയിഡ്, സോണി എക്‌സ്പീരിയ 2, മോട്ടോറോള എക്‌സൂം, സാംസങ് ഗാലക്‌സി ടാബ് 10.1, ഏസസ് ഈ പാഡ് ട്രാൻസ്‌ഫോർമർ, ഏസൽ ഐകോണിക ടാബ് എ 5003, സാംസങ് ഗാലക്‌സി എസ്, എച്ച്.ടി.സി ഡിസൈർ എച്ച്.ഡി, എൽ.ജി ഒപ്ടിമസ് 2എക്‌സ്, സോണി എറിക്‌സൺ എക്‌സ്പീരിയ 3 എന്നീ ഫോണുകളിൽ ആൻഡ്രോയിഡ് പഴയ പതിപ്പുകളായതിനാൽ ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല. ഇതിൽ നെക്‌സസ് 7 ഫോൺ ആൻഡ്രോയിഡ് 4.2 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും.
വാട്‌സ്ആപ്പ് ഇന്ത്യയിൽ പെയ്‌മെന്റ് സംവിധാനത്തിൽ പുതിയ ഫീച്ചർ ഏർപ്പെടുത്തിയിട്ടുണ്ട്. യു.പി.ഐ ആപ്പുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുൾ എന്നിവയുൾപ്പെടെ ബിസിനസ് പെയ്‌മെന്റുകൾക്ക് വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഇതിനായി പേയു, റേസർപെ എന്നിവയുമായി ധാരണയിലെത്തി.