സമുദ്ര സംരക്ഷണത്തെ കുറിച്ചും ആരോഗ്യമുള്ള ജീവിതത്തെക്കുറിച്ചും ബോധവത്ക്കരിക്കുന്നതിനായി മാരത്തോണ്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം - തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി ഡി.എല്‍.ടി ലെഡ്‌ജേഴ്‌സ് കോവളം മാരത്തോണ്‍ 2023 നടത്തി. സമുദ്ര സംരക്ഷണത്തെ കുറിച്ചും ആരോഗ്യത്തോടെയുള്ള ജീവിതത്തെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ കഴിഞ്ഞ സംഘടിപ്പിച്ച മാരത്തോണില്‍ പങ്കെടുത്തത് ആയിരക്കണക്കിന് പേരായിരുന്നു. എം. വിന്‍സന്റ് എം.എല്‍.എ, സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം ഇന്റലിജന്‍സ് ഐ.ജി  ശ്യാം സുന്ദര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. എയര്‍ഫോഴ്‌സ് തിരുവനന്തപുരം സ്റ്റേഷന്‍ കമാന്റര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ സൗരഭ് ശിവ ഫ്‌ലാഗ് ഓഫ് ചെയ്തു. അഞ്ച് കിലോമീറ്റര്‍ വിഭാഗത്തിലും അദ്ദേഹം പങ്കെടുത്തു.  കാലാവസ്ഥ വ്യതിയാനവും മലിനീകരണവും മൂലം കടലിന്റെ സ്വാഭാവികത നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു സന്നദ്ധ സംഘടനയായ യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചത്.  വിജയികള്‍ക്ക് മെമന്റോകളും മാരത്തോണ്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ പേര്‍ക്കും മെഡലുകളും സമ്മാനിച്ചു. ഫുള്‍, ഹാഫ് മാരത്തോണുകളിലും 10 കെ റണ്ണിലും ഫിനിഷിംഗ് സമയം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി ആര്‍.എഫ്.ഐ.ഡി. ചിപ്പുകള്‍ ഘടിപ്പിച്ച ബിബുകള്‍ നല്‍കിയിരുന്നു. ഫുള്‍ മാരത്തോണില്‍ പുരുഷ വിഭാഗത്തില്‍ ദീപു എസ് നായരും വനിത വിഭാഗത്തില്‍  ബി. പാര്‍വതിയുമായിരുന്നു ആദ്യ സ്ഥാനങ്ങളിലെത്തിയത്.

 

Latest News