റിയാദ്- സൗദി, കുവൈത്ത് റെയില്‍പാത യാഥാര്‍ഥ്യമാകും. റെയില്‍വേ പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. വാണിജ്യ, പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിര്‍മിക്കുന്ന റെയില്‍വേയുമായി ബന്ധപ്പെട്ട കരാറിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കുവെറ്റിന്റെ 565 കിലോമീറ്റര്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമാകാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് തീരുമാനമെടുത്തത്.
റെയില്‍വേ ലിങ്ക് പ്രൊജക്റ്റിന്റെ കരട് കരാറുമായി ബന്ധപ്പെട്ട് കുവൈത്ത് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയ സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലെഹ് അല്‍ജാസര്‍ പദ്ധതിയുടെ രൂപരേഖ മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു.