തിരുവനന്തപുരം ജില്ലയിൽ  നേരിയ ഭൂചലനം

തിരുവനന്തപുരം- ജില്ലയിലെ വെഞ്ഞാറമൂടിനും കല്ലറയ്ക്കുമിടയിൽ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ഭൂകമ്പ മാപിനിയിൽ റീഡിംഗ് കിട്ടിയില്ലെന്നും സ്ഥിരീകരണമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. ദുരന്ത നിവാരണ വിഭാഗവും ഫയർ ഫോഴ്‌സും പരിസ്ഥിതി നിരീക്ഷിക്കുന്നുണ്ട്. 
ഇന്നലെ രാത്രി 7.50 ഓടെയാണ് വെഞ്ഞാറമൂട്, കല്ലറ, ഭൂതമടക്കി, കരിച്ച, പുല്ലമ്പാറ, ശാസ്താംനട, പരപ്പിൽ, ചെറുവാളം, പാലുവള്ളി, മുതുവിള, തെങ്ങുംകോട്, വാഴത്തോപ്പ് പച്ച, തണ്ണിയം, മിതൃമ്മല ഭാഗങ്ങളിൽ ഭൂമിക്ക് വിറയൽ അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. പരിഭ്രാന്തരായ ജനം പോലീസ് സ്റ്റേഷനുകളിലും ഫയർ ഫോഴ്‌സിലും വിളിച്ച് വിവരമറിയിച്ചു. കട്ടിലിൽ നിന്ന് മറിഞ്ഞു വീണതായി ഭൂതമടക്കി സ്വദേശി ബേബിയും, കസേരയിൽ നിന്ന് മറിഞ്ഞു വീണതായി കരിച്ച സ്വദേശി ബൈജുവും അടുക്കളയിൽ റാക്കിൽ വെച്ചിരുന്ന പാത്രങ്ങൾ ശബ്ദത്തോടെ മറിഞ്ഞു വീണതായി കരിച്ച സ്വദേശി തുണ്ട് വിളാകത്തിൽ പ്രഭാകരനും ഫയർ ഫോഴ്‌സിൽ വിളിച്ചറിയിച്ചു. അഞ്ച് മിനിറ്റ് ഇടവേളയിൽ രണ്ട് തവണകളിലായി ഭൂമി വിറച്ചതായി തോന്നിയെന്നാണ് റിപ്പോർട്ട്. 
തുടർന്ന് ജില്ലാ ദുരന്തനിവാരണ സേന, റവന്യൂ, വില്ലേജ് അധികൃതർ എന്നിവരെയും വിവരം അറിയിച്ചതായി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഭൂകമ്പ മാപിനികളിൽ റീഡിംഗൊന്നും കിട്ടിയില്ലെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

Latest News