ആട് കഞ്ചാവ് അടിച്ചാല്‍ എങ്ങനെയിരിക്കും, തമാശയല്ല, നൂറ് കിലോ കഞ്ചാവാണ് ആട്ടിന്‍ പറ്റം അകത്താക്കിയത്

പ്രതീകാത്മക ചിത്രം

ആതന്‍സ് - ഉറക്കം തൂങ്ങി നില്‍ക്കുന്ന ആളുകളെ കാണുമ്പോള്‍ കോഴി കഞ്ചാവ് അടിച്ച പോലെ എന്ന് തമാശയായി പറയാറുണ്ട്. എന്നാല്‍ ആട് ശരിക്കും  കഞ്ചാവ് അടിച്ചാല്‍ എങ്ങനെയിരിക്കും. മധ്യ ഗ്രീസിലെ അല്‍മിറോസ് എന്ന നഗരത്തിനാണ് ആടുകള്‍ കൂട്ടത്തോടെ കഞ്ചാവ് അടിച്ച കഥ പറയാനുള്ളത്. കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഗ്രീന്‍ ഹൌസില്‍ ആടുകളെ കയറ്റി നിര്‍ത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവം നടന്നത്.  സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയത്. മരുന്നിനായി കഞ്ചാവ് വളര്‍ത്തിയിരുന്ന ഗ്രീന്‍ ഹൌസിലായിരുന്നു ഇടയന്‍ ആട്ടിന്‍പറ്റത്തെ കെട്ടിയത്. വിശന്നുവലഞ്ഞ ആടുകള്‍ കഞ്ചാവ് ചെടികള്‍ അകത്താക്കുകയായിരുന്നു. സാധാരണ നിലയിലായിരുന്ന ആടുകള്‍ ചാടി മറിയാനും പതിവ് രീതികളില്‍ നിന്ന് മാറി പെരുമാറാനും തുടങ്ങിയതോടെ ഭയന്നുപോയ ഇടയന്‍ ഫാമിന്റെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. നൂറ് കിലോയോളം കഞ്ചാവും ഇലകളുമാണ് ആട്ടിന്‍ പറ്റം തിന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. മരുന്ന് ആവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നത് നിയമ വിധേയമാക്കിയ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഗ്രീസ്.

 

Latest News