ജാമ്യം ലഭിച്ചിട്ടും മൂന്ന് വര്‍ഷം അധികമായി ജയിലില്‍  കഴിയേണ്ടിവന്ന പ്രതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം 

ഗാന്ധിനഗര്‍- ജാമ്യം ലഭിച്ചിട്ടും മൂന്ന് വര്‍ഷം അധികമായി ജയിലില്‍ കഴിയേണ്ടിവന്ന പ്രതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ തുക 14 ദിവസത്തിനകം തടവുകാരന് കൈമാറണമെന്ന് കോടതി വ്യക്തമാക്കി.
കൊലപാതക കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട 27 കാരനായ ചന്ദന്‍ജി താക്കൂറിന്റെ ശിക്ഷ പിന്നീട് സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിച്ചിരുന്നു. 2020 സെപ്തംബര്‍ 29 ന് ആയിരുന്നു ഇത്. പക്ഷെ 2023 വരെ ഇയാള്‍ക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വന്നു. ഹൈക്കോടതി രജിസ്ട്രി അയച്ച ജാമ്യ ഉത്തരവ് തങ്ങള്‍ക്ക് തുറക്കാന്‍ കഴിഞ്ഞില്ലെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
ചന്ദന്‍ജി താക്കൂര്‍ പുതിയ ജാമ്യാപേക്ഷ നല്‍കിയതോടെയാണ് വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജസ്റ്റിസുമാരായ എ എസ് സുപെഹിയ, ജസ്റ്റിസ് എം ആര്‍ മെങ്‌ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.
അപേക്ഷകനെ ജാമ്യത്തില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് രജിസ്ട്രി ജയില്‍ അധികൃതരെ വ്യക്തമായി അറിയിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇ മെയില്‍ ലഭിക്കാത്തതല്ല പ്രശ്നം. ഇ മെയില്‍ അറ്റാച്ച്മെന്റ് തുറക്കാന്‍ കഴിഞ്ഞില്ലെന്നും കോവിഡ് മഹാമാരി കാരണം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്. ജില്ലാ സെഷന്‍സ് കോടതിയിലേക്കും ഇമെയില്‍ അയച്ചെങ്കിലും പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ച ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ കേസ് കണ്ണ് തുറപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കോടതി പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട് രജിസ്ട്രിയെയോ സെഷന്‍സ് കോടതിയെയോ ബന്ധപ്പെടാന്‍ ജയില്‍ അധികൃതര്‍ ശ്രദ്ധിക്കാത്തതിനാല്‍ മാത്രമാണ് അപേക്ഷകനെ മോചിപ്പിക്കാന്‍ കഴിയാതിരുന്നത്. നേരത്തെ സ്വതന്ത്രനാകേണ്ടിയിരുന്നിട്ടും ജയിലില്‍ കഴിയേണ്ടി വന്നയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ജാമ്യം ലഭിച്ചിട്ടും ഇതുവരെ മോചിപ്പിക്കപ്പെടാത്ത എല്ലാ തടവുകാരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളോട് (ഡിഎല്‍എസ്എ) ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു

Latest News