Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ തുറമുഖത്ത് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ പദ്ധതി

ജിദ്ദ- ജിദ്ദ ഇസ് ലാമിക് പോർട്ടിൽ ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ പദ്ധതിയുള്ളതായി സൗദി പോർട്ട്‌സ് അതോറിറ്റി പ്രസിഡന്റ് ഉമർ ഹരീരി വെളിപ്പെടുത്തി. സൗദി പോർട്ട്‌സ് അതോറിറ്റിയും സൗദിയിലെ ഫ്രഞ്ച് എംബസിയും സഹകരിച്ച് അൽകോബാറിൽ സംഘടിപ്പിക്കുന്ന ചതുർദിന ഫ്രഞ്ച്-സൗദി മാരിടൈം ഡേയ്‌സ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉമർ ഹരീരി. 
സൗദിയിലെ ഫ്രഞ്ച് അംബാസഡർ ലുഡോവിക് പൗളിയും സൗദി, ഫ്രഞ്ച് ബിസിനസ് കൗൺസിൽ പ്രസിഡന്റ് ഡോ.മുഹമ്മദ് ബിൻ ലാദിനും ചടങ്ങിൽ സംബന്ധിച്ചു. ആകെ 1,30,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് 45 കോടിയിലേറെ റിയാൽ ചെലവഴിച്ചാണ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം സ്ഥാപിക്കുക. 2030 ഓടെ പെട്രോളിതര ആഭ്യന്തര ഉൽപാദനം 16 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനും മേഖലയിലെ റീ-എക്‌സ്‌പോർട്ട് വിപണിയുടെ 45 ശതമാനം സ്വന്തമാക്കാനും സൗദിയിൽ ലോജിസ്റ്റിക് സർവീസ്, റീ-എക്‌സ്‌പോർട്ട് കേന്ദ്രങ്ങളുടെ എണ്ണം 30 ആയി ഉയർത്താനും സൗദി തുറമുഖങ്ങളുടെ ശേഷി നാലു കോടി കണ്ടെയ്‌നറുകളായി വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജിദ്ദ തുറമുഖത്ത് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം 
സ്ഥാപിക്കുന്നത്. 
വൻതോതിലുള്ള നിക്ഷേപങ്ങൾ ആകർഷിച്ചും ആധുനികവൽക്കരണം നടപ്പാക്കിയും ആധുനിക പശ്ചാത്തല സൗകര്യങ്ങളും ലോകോത്തര പ്രവർത്തന നിലവാരവുമുള്ള സുസ്ഥിരവും സമ്പന്നവുമായ ഒരു ദേശീയ സമുദ്ര വ്യവസായ മേഖല കെട്ടിപ്പടുക്കാൻ സൗദി പോർട്ട്‌സ് അതോറിറ്റി വലിയ ചുവടുവെപ്പുകളാണ് നടത്തുന്നത്. സൗദിയിൽ ഏറ്റവുമധികം നിക്ഷേപങ്ങൾ നടത്തിയ മൂന്നാമത്തെ രാജ്യമാണ് ഫ്രാൻസ്. സൗദിയിൽ ഫ്രാൻസ് 1500 കോടി യൂറോയുടെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. 
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഫ്രാൻസ് സൗദി അറേബ്യക്ക് സുപ്രധാന സമുദ്ര ബന്ധങ്ങൾ നൽകിയിട്ടുണ്ട്. സൗദി അറേബ്യയുടെ വിദേശ വ്യാപാരം വർധിപ്പിക്കുന്നതിലും പ്രാദേശിക കയറ്റുമതിക്കാർക്കു മുന്നിൽ പുതിയ വിപണികൾ തുറക്കുന്നതിലും ആഗോള സൂചകങ്ങളിൽ സൗദി തുറമുഖങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിലും ഇത് ഫലപ്രദമായ പങ്ക് വഹിച്ചതായും ഉമർ ഹരീരി പറഞ്ഞു.
സൗദി, ഫ്രഞ്ച് വ്യാപാരം കഴിഞ്ഞ വർഷം 46 ശതമാനം തോതിൽ വർധിച്ചതായി ഫ്രഞ്ച് അംബാസഡർ ലുഡോവിക് പൗളി പറഞ്ഞു. കഴിഞ്ഞ കൊല്ലം ഉഭയകക്ഷി വ്യാപാരം 4500 കോടി റിയാലായി ഉയർന്നു. ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യ, ഗൾഫ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഉഭയകക്ഷി വ്യാപാരം ഈ വർഷം കൂടുതൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
സൗദി, ഫ്രാൻസ് സംയുക്ത ശ്രമങ്ങൾ സൗദി വിഷൻ 2030 പദ്ധതിയുമായും 2030 ഫ്രാൻസ് സ്ട്രാറ്റജിയുമായും ഒത്തുപോകുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തവും സുസ്ഥിരവുമായ സാമ്പത്തിക സഹകരണത്തിന് കൂടുതൽ കരുത്തുള്ള നടപടികൾ ആവശ്യമാണെന്നും ഫ്രഞ്ച് അംബാസഡർ പറഞ്ഞു. ലോജിസ്റ്റിക് സർവീസ്, ഊർജം, ഗ്യാസ്, പെട്രോൾ, സോഫ്റ്റ് വെയർ, ടെക്‌നോളജി, സമുദ്ര, സുരക്ഷാ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന 30 ലേറെ ഫ്രഞ്ച് കമ്പനികളും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. 

Latest News