ന്യൂദൽഹി- രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യാ മുന്നണിയുടെ ഘടനയിൽ മാറ്റം വരുത്തിയേക്കുമെന്ന് സൂചന.പല സംസ്ഥാനങ്ങളിലും മുന്നണിയിലെ കക്ഷികൾക്ക് വ്യത്യസ്ത നിലപാടുകളുള്ളതിനാൽ പൊതുവായ താൽപര്യം മുൻ നിർത്തി മുൻ തീരുമാനങ്ങളിൽ മാറ്റം വരുത്തുമെന്നാണ് സൂചനകൾ. സഖ്യത്തിന്റെ മുംബൈ യോഗത്തിലെ തീരുമാനത്തെത്തുടർന്ന് രൂപീകരിച്ച വിവിധ സമിതികളിൽ മാറ്റം വന്നേക്കും. നിലവിൽ രൂപീകരിച്ച 14 അംഗ ഏകോപനസമിതിയുടെ ഘടനയിൽ തന്നെ മാറ്റം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഏകോപനസമിതിയിലെടുത്ത പല തീരുമാനങ്ങളും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയും ഉയർന്നു വന്നിട്ടുണ്ട്. 14 അംഗ ഏകോപനസമിതിയിലെ 13 പാർട്ടികളുടെ പ്രതിനിധികളെ നേരത്തെ തീരുമാനിച്ചിരുന്നു. സി.പി.എം. പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സെപ്തംബർ 17-ന് ദൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ, ഏകോപനസമിതിയിൽനിന്ന് വിട്ടുനിൽക്കാനാണ് സി.പി.എം തീരുമാനിച്ചത്. പല പാർട്ടികളിൽ നിന്നും പ്രധാന നേതാക്കൾ ഇല്ലാത്തത് സമിതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.സമിതിയിലെ അംഗങ്ങളുടെ അഭിപ്രായം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അംഗീകരിക്കാത്ത പ്രശ്‌നം ഉയർന്നിട്ടുണ്ട്.മുതിർന്ന നേതാക്കൾ ഇല്ലാത്തതിനാൽ ഏകോപനസമിതിക്ക് പ്രധാനതീരുമാനങ്ങൾ എടുക്കാനോ എടുക്കുന്നവ അംഗീകരിക്കപ്പെടാനോ സാധ്യതയില്ലെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സമിതിയിൽ ഇല്ലാത്ത മുതിർന്ന നേതാക്കൾക്ക് തീരുമാനങ്ങളെ വീറ്റോ ചെയ്യാൻ കഴിയുമെന്നിരിക്കെ ഏകോപനസമിതിയുടെ തീരുമാനങ്ങൾ നടപ്പാവില്ലെന്ന അഭിപ്രായയവും ഉയരുന്നുണ്ട്.
ഏകോപനസമിതി യോഗം എടുത്ത രണ്ട് പ്രധാന തീരുമാനങ്ങൾ,പിന്നീടുള്ള ചർച്ചകൾ നടപ്പാക്കാൻ കഴിയാതെ പോയിട്ടുണ്ട്.ഭോപ്പാലിൽ ഇന്ത്യ മുന്നണിയുടെ സംയുക്ത റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഇപ്പോൾ റാലി നടത്തുന്നതിനെ സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവ് കമൽനാഥ് എതിർത്തിരുന്നു.തുടർന്ന് സമിതിയുടെ തീരുമാനം മാറ്റി. ജാതി സെൻസസ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്താനും ഏകോപനസമിതി നിർദേശിച്ചിരുന്നു.എന്നാൽ, ഇതിനോട് ബംഗാളിലെ തൃണമൂൽ കോൺഗ്രസ് അനുകൂല നിലപാടല്ല സ്വീകരിച്ചത്.
14 വാർത്താ അവതാരകരെ ബഹിഷ്‌കരിക്കാൻ സഖ്യത്തിന്റെ മാധ്യമ ഉപസമിതി നിർദേശിച്ചിരുന്നു.എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ തന്നെ വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ,ഡി.എം.കെ. എം.പി. ടി.ആർ. ബാലു, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്,ആർ.ജെ.ഡി. നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്,ജെ.എം.എം. നേതാവ് ഹേമന്ത് സോറൻ,തൃണമൂൽ നേതാവ് അഭിഷേക് ബാനർജി, എ.എ.പി. നേതാവ് രാഘവ് ഛദ്ദ,നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി.രാജ, ജെ.ഡി.യു. നേതാവ് ലല്ലൻ സിങ്, സമാജ്‌വാദി പാർട്ടി നേതാവ് ജാവേദ് അലി ഖാൻ എന്നിവരാണ് ഏകോപനസമിതി അംഗങ്ങൾ.