ഇന്ത്യയിലെ 18 കോടി ജനങ്ങള്‍ ഹൈപ്പര്‍ടെന്‍ഷന്‍ ബാധിതര്‍

ന്യൂദല്‍ഹി- ഹൃദയാഘാതം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഹൈപ്പര്‍ ടെന്‍ഷന്‍ ഇന്ത്യയില്‍ 18 കോടി ജനങ്ങള്‍ക്കുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. സാമൂഹിക സാഹചര്യങ്ങള്‍ ജീവിത ശൈലി തുടങ്ങിയവയാണ് ഹൈപ്പര്‍ടെന്‍ഷനിലേക്കെത്തിക്കുന്നത്. 

ഇന്ത്യയിലെ രോഗികളില്‍ തങ്ങളുടെ രോഗാവസ്ഥയെ കുറിച്ച് അറിയാവുന്നവര്‍ 30 ശതമാനം പേര്‍ മാത്രമാണെന്ന് പഠനം പറയുന്നു. 

രോഗനിര്‍ണയം നടത്തിയവരില്‍ 30 ശതമാനം പേര്‍ മാത്രമാണ് ചികിത്സ തേടിയതെന്നും അതില്‍ 15 ശതമാനം പേര്‍ക്ക് മാത്രമേ രോഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുള്ളൂവെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2019 മുതലുള്ള ഡാറ്റ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലോകത്താകമാനുള്ള കണക്കുകള്‍ നോക്കുമ്പോള്‍ മൂന്നില്‍ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ബാധിക്കുന്നുണ്ട്. അഞ്ചില്‍ നാല് പേരിലും ഈ രോഗം നിയന്ത്രണ വിധേയമല്ലെന്ന് ഹൈപ്പര്‍ടെന്‍ഷനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന പറഞ്ഞു.

ഹൈപ്പര്‍ടെന്‍ഷന്‍ ബാധിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് ഹൃദയാഘാത സാധ്യതകളും വര്‍ധിക്കുന്നു എന്നതിന്റെ സൂചനയാണ്. 2022 ഫെബ്രുവരിയില്‍ നടത്തിയ ു പഠന പ്രകാരം ഇന്ത്യയില്‍ ഒരുലക്ഷത്തില്‍ 172 പേരെ ഹൃദയാഘാതം ബാധിക്കുന്നുണ്ട്. 18 മുതല്‍ 42 ശതമാനം വരെയാണ് ഒരു മാസത്തെ മരണനിരക്ക്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ ഇന്ത്യയില്‍ ഭൂരിഭാഗം മരണത്തിനും വിവിധ വൈകല്യങ്ങള്‍ക്കും കാരണം ഹൃദയാഘാതമായിരുന്നു.

രക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം രോഗിയുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നു. അനിയന്ത്രിതമായ രക്താതിമര്‍ദ്ദം ദീര്‍ഘനാള്‍ നീണ്ടുനിന്നാല്‍ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. ഇത് വൃക്കകളുടെയും കണ്ണുകളെയും ആരോഗ്യത്തെയും ബാധിക്കും.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള 70 ദശലക്ഷത്തിലധികം രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് ഇന്ത്യ ഹൈപ്പര്‍ടെന്‍ഷന്‍ കണ്‍ട്രോള്‍ ഇനിഷ്യേറ്റീവ് എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഹൈപ്പര്‍ടെന്‍ഷന്‍ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും ഹൈപ്പര്‍ടെന്‍ഷന്‍ ചികിത്സാ രംഗത്ത് ഇന്ത്യക്ക് മുന്‍നിര സ്ഥാനമുണ്ട്. 

കാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതിയും ഇന്ത്യ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 30 വയസിന് മുകളിലുള്ള ആളുകള്‍ കൃത്യമായ ഇടവേളകളില്‍ അവരുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം. ഇന്ത്യയിലുടനീളമുള്ള ഭൂരിഭാഗം ആശുപത്രികളിലും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലും ഈ പ്രോട്ടോക്കോള്‍ പിന്തുടരുന്നുണ്ട്.

Latest News