Sorry, you need to enable JavaScript to visit this website.

പത്താം തരം പരീക്ഷയുടെ പ്രാധാന്യം കുറക്കുന്നു; പഠനം 12 വരെ തുടരാൻ കേരള പാഠ്യ പദ്ധതി നിർദേശം

ഹയർ സെക്കന്ററി വിഭാഗം ഇനി ഉണ്ടാവില്ല

കോഴിക്കോട് -  പത്താം തരാം പരീക്ഷയുടെ പ്രാധാന്യം കുറച്ച് മുഴുവൻ കുട്ടികളും  12 വരെ  പഠനം തുടരട്ടെ എന്ന് കേരള പാഠ്യ പദ്ധതി ചട്ടക്കൂട് നിർദേശം.  പോളി ടെക്‌നിക്ക്, ഐ.ടി.ഐ എന്നിവയിലേക്ക് പത്താം തരം കഴിഞ്ഞു മാറാനും അവസരം ഉണ്ടാവണം.
ദേശീയ വിദ്യാഭ്യാസ ഘടനയിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ  8-12 ക്ലാസുകൾ ഒരു വിഭാഗത്തിലാക്കും. ഹയർ സെക്കന്ററി വിഭാഗം ഇനി ഉണ്ടാവില്ല.
ദേശീയ നയത്തിൽ   മൂന്നു വയസ്സ് മുതൽ എട്ട് വരെ ഫൗണ്ടേഷൻ,   ക്ളാസ്  3 മുതൽ 5 വരെ പ്രിപ്പറേറ്ററി, ക്ലാസ് 6-8  മിഡിൽ, ക്ലാസ് 9-12 സെക്കന്ററി  എന്നിങ്ങനെ ഘട്ടങ്ങളാണുള്ളത്. ഇത് കേരളത്തിൽ സ്വീകരിക്കുന്നില്ല. പകരം വയസ്സ് മൂന്നു മുതൽ 5,6 വരെ ശിശുപരിചരണ വികാസഘട്ടമായും വയസ്സ് 5,6 മുതൽ 12,13 വരെ(ക്ലാസ് 1-7) പ്രൈമറി ഘട്ടമായും വയസ്സ് 14-18 (ക്ലാസ് 8-12) സെക്കന്ററി ഘട്ടമായും വിഭാവനം ചെയ്യുന്നു.
പത്താം തരം വരെ  വിഷയങ്ങളുടെ സാമാന്യ പഠന രീതി മാറി എട്ടാം തരത്തിൽ വിഷയ മേഖലകൾ കണ്ടെത്താനുള്ള അവസരവും ഒമ്പതാം തരം മുതൽ പ്രത്യേക വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും ലഭിക്കണമെന്നാണ് നിർദേശം. എട്ടാം ക്ലാസിനെ തുടർ പഠനത്തിനുള്ള സ്പ്രിംഗ് ബോർഡ് ആകണം. ഒമ്പത് മുതൽ ക്രെഡിറ്റ് രീതിയിൽ ഏത് വിഷയവും പഠിക്കാനുള്ള സൗകര്യം വേണം. അതാകട്ടെ സ്‌കൂളിൽ നിന്ന് സ്‌കൂൾ സമയത്ത് പഠിക്കണമെന്നുമില്ല.
എല്ലാ കുട്ടികളും 12 വരെ തുടർച്ചയായി പഠിക്കട്ടെ എന്ന് നിർദേശിക്കുമ്പോഴും പത്താം തരം കഴിഞ്ഞ് പോളി ടെക്നിക്ക് , ഐ.ടി.ഐ എന്നിവിടങ്ങളിൽ ചേർന്നു പഠിക്കാനുള്ള അവസരം വേണമെന്നും നിർദ്ദേശമുണ്ട്.  11, 12 ക്ലാസുകളിൽ ഇന്നത്തെ പോലെ രണ്ടു ഭാഷകൾക്ക് പുറമെ നാലു വിഷയങ്ങൾ പഠിപ്പിക്കേണ്ടേതുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് നിർദേശിക്കുന്നത്. ഇംഗ്ലീഷും രണ്ടാം ഭാഷയും ഇന്നത്തെ നിലയിൽ തുടരുമ്പോൾ തന്നെ കോർ വിഷയങ്ങൾ മൂന്നാക്കി ചുരുക്കുകയും ഒന്ന് തൊഴിൽ പരിചയം ആക്കുകയും വേണം.
പ്രൈമറിയെ നിലവിലെ പോലെ തന്നെ 1-4. 5-7 എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. ഒന്നാം ഘട്ടത്തിൽ ഭാഷ , പരിസരം, സമൂഹം, ഗണിതം, ജീവിത നൈപുണി എന്നിവ പഠിപ്പിക്കുമ്പോൾ രണ്ടാം ഘട്ടത്തിൽ സമൂഹം നേരിടുന്ന വിവിധ തരം വെല്ലുവിളികൾ, ഭരണ വ്യവസ്ഥകൾ, സാംസ്‌കാരിക പ്രവർത്തനങ്ങൾ, ശാസ്ത്രീയ മനോഭാവം കൈവരിക്കൽ തുടങ്ങിയവ സംബന്ധിച്ച് സ്വയം വിശകലനം നടത്തി മുന്നേറാനുള്ള അനുഭവങ്ങൾ വേണം.
8-10 ഘട്ടത്തിൽ എല്ലാരും മാതൃഭാഷ പഠിക്കണം. മറ്റു ഭാഷകളുടെ പഠനത്തിൽ ഇന്നത്തെ രീതി തുടരാവുന്നതാണ്. ഭാഷാ വിഷയങ്ങളിലേക്ക് ഇപ്പോഴത്തേതിന് പുറമെയുള്ള ഭാഷകൾക്കും ഇടം വേണം. ഭാഷാ വിഷയങ്ങൾ, കോർ വിഷയങ്ങൾ, പ്രത്യേക വിഷയങ്ങൾ എന്നിങ്ങനെയാണ്8-10 ക്ലാസിലെ പഠന മേഖല. കോർ വിഷയങ്ങളിൽ സാമൂഹ്യശാസ്ത്രം , ശാസ്ത്രം, ഗണിതം, പരിസ്ഥിതി, ആരോഗ്യം, കായികം, കല, തൊഴിൽ എന്നിവക്ക് പുറമെ കൃഷി, ബയോടെക്നോളജി തുടങ്ങിയവ നിർദേശിക്കുന്നു. പ്രത്യേക വിഷയങ്ങളിലാവട്ടെ വയോജന പരിപാലനം, ദുരന്തനിവാരണം, നിർമിത ബുദ്ധി എന്നിവയും നിർദേശത്തിലുണ്ട്.
 

Latest News