അപസ്മാരം മാറാരോഗമോ മാനസിക രോഗമോ അല്ല; വിവാഹ മോചന ആവശ്യം കോടതി തള്ളി

മുംബൈ- അപസ്മാരം മാറാരോഗമോ മാനസിക രോഗമോ അല്ലെന്നും അതിന്റെ പേരില്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. പങ്കാളിക്ക് അപസ്മാരം ഉണ്ടെന്നത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്എ മെനസിസ് എന്നിവര്‍ വ്യക്തമാക്കി.

ഭാര്യയ്ക്ക് അപസ്മാരമുണ്ടെന്നും അവരുടെ മനോനില തകരാറിലാണെന്നും കാണിച്ച് 33 കാരന്‍ നല്‍കിയ വിവാഹ മോചന ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടപടി. അപസ്മാരം മാറാരോഗമോ മാനസിക രോഗമോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കില്‍ മാത്രമേ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനം അനുവദിക്കാനാവൂവെന്ന് കോടതി പറഞ്ഞു.

ഹിന്ദു വിവാഹ നിയമം 13-1 വകുപ്പ് അനുസരിച്ച് വിവാഹ മോചനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ഹരജി നല്‍കിയത്. പങ്കാളികളില്‍ ഒരാള്‍ക്കു മാറാരോഗമോ മാനസിക രോഗമോ ഉണ്ടെങ്കില്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് നിര്‍ദേശിക്കുന്നത്.  തനിക്കു ചുഴലിരോഗം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതിന്റെ പേരില്‍ മാനസിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു.

ഹരജിയില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ഭര്‍ത്താവിന് ആയിട്ടില്ലെന്നു വിലയിരുത്തിയാണ് കോടതി ഉത്തരവ്. അപസ്മാരമുള്ളയാള്‍ക്കു സാധാരണ ജീവിതം നയിക്കാനാവുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Latest News