മോഷ്ടാവാണെന്ന് സംശയിച്ച് ദൽഹിയിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

ന്യൂദല്‍ഹി- മോഷ്ടാവാണെന്ന സംശയിച്ച് 26കാരനെ ഒരുകൂട്ടം ആളുകള്‍ തൂണില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ദല്‍ഹി സുന്ദര്‍ നഗരി സ്വദേശിയായ ഇസാർ അഹ്മദാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ സുന്ദരനഗരിയിലെ ജി 4 ബ്ലോക്കിന് സമീപത്തുവച്ച് മോഷ്ടാവാണെന്ന് സംശയിച്ച് ഒരുകൂട്ടം യുവാക്കൾ ഇസാറിനെ തടഞ്ഞുവെക്കുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു.  അടിയേറ്റ് അവശനായ ഇസാറിനെ അയല്‍വാസിയായ ആമിര്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി  ജിടിബി ആശുപത്രിയിലേക്ക് മാറ്റിയതായി പോലിസ് പറഞ്ഞു. യുവാവിനെ കെട്ടിയിട്ട് മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടകൂടുമെന്നും പോ ലീസ് അറിയിച്ചു.

Latest News