Sorry, you need to enable JavaScript to visit this website.

സംസ്ഥാന ഹജ് ക്യാമ്പിന് നെടുമ്പാശ്ശേരിയിൽ തുടക്കം

ഹജ് ക്യാമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

നെടുമ്പാശ്ശേരി - സംസ്ഥാന സർക്കാരിന്റെയും കേരള ഹജ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള സംസ്ഥാന ഹജ് ക്യാമ്പിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിയാൽ അക്കാദമിയിൽ തുടക്കം. ഹജ് തീർഥാടകരും സമുദായ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സമാധാനം, ത്യാഗം, സാഹോദര്യം എന്നീ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന ഹജ് കർമത്തിന് സാമൂഹ്യ പ്രാധാന്യം ഏറെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിമനസ്സിനെ സമൂഹമനസ്സുമായി കൂട്ടിച്ചേർക്കുന്ന മഹത് കർമമാണിത്. ദേശ വേഷ ഭാഷാ ഭേദമില്ലാതെ 30 ലക്ഷത്തോളം വിശ്വാസികളാണ് ഈ മഹാ തീർഥാടനത്തിനായി അറഫയിൽ ഒത്തുചേരുന്നത്. സർക്കാർ മുഖേന ഇന്ത്യയിൽ നിന്നും 1.75 ലക്ഷം തീർഥാടകരുള്ളതിൽ കേരളത്തിൽ നിന്നും 12,000 പേരാണ് ഹജ് കമ്മിറ്റി വഴി യാത്ര തിരിക്കുന്നത്.
കേരള സംഘത്തിൽ 300 പേർ ലക്ഷദ്വീപിൽ നിന്നും 47 പേർ മാഹിയിൽ നിന്നുമാണ്. രണ്ട് വയസ്സിൽ താഴെയുള്ള 25 കുഞ്ഞുങ്ങളും ഹജ് യാത്രാ സംഘത്തിലുണ്ട്. ഇതാദ്യമായി പുരുഷ സഹായമില്ലാതെ പോകുന്ന ഇന്ത്യയിൽ നിന്നുള്ള വനിതാഹാജിമാരിൽ 1100 പേർ കേരളത്തിൽ നിന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഹജിന് അപേക്ഷ സമർപ്പിക്കുന്നത് മുതൽ പോയി തിരിച്ചെത്തുന്നത് വരെ എല്ലാ സഹായങ്ങളും നൽകാൻ സർക്കാരും സംസ്ഥാന ഹജ് കമ്മിറ്റിയും പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കേണ്ടതാണെന്ന് കേന്ദ്ര ഹജ് കമ്മിറ്റിയും സൗദി അറേബ്യയിലെ ഇന്ത്യൻ കോൺസുലേറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. 
അതേസമയം കേരളത്തിന് കൂടുതൽ ഹജ് ക്വാട്ട ലഭ്യമാക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീർഥാടകർക്കായി നിസ്വാർഥ സേവനം ചെയ്യുന്ന ഹജ് ട്രെയിനർമാരും വളന്റിയർമാരും കേരളത്തിന്റെ പ്രത്യേകതയാണ്. മൂന്ന് വനിതകൾ ഉൾപ്പെടെ 58 വളന്റിയർമാരാണ് ഇത്തവണ സേവന സന്നദ്ധരായി രംഗത്തുള്ളത്. ഇവർക്ക് കേന്ദ്ര, സംസ്ഥാന ഹജ് കമ്മിറ്റികളുടെ പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്. ഹാജിമാർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.ടി.ജലീൽ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൾ വഹാബ് എം.പി, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്ത്, എ.എം. ആരിഫ്, കെ.വി. അബ്ദുൾ ഖാദർ, കാരാട്ട് റസാഖ്, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, മുൻ എം.എൽ.എ എ.എം. യൂസഫ്, കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മഹ്‌സൂദ് അഹമ്മദ് ഖാൻ, സമുദായ നേതാക്കളായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഹുസൈൻ മടവൂർ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
 

Latest News