Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചോട്ടെ, പക്ഷേ..

രാഹുൽ ഗാന്ധി കഴിഞ്ഞ തവണ വയനാട്ടിൽ മത്സരിച്ചതിന്റെ അപ്രതീക്ഷിത നേട്ടം കൈവന്ന കുറെ എം.പിമാർ കേരളത്തിലുണ്ട്. ഇവർ പാർലമെന്റിൽ കേരളത്തിന്റെ പ്രതിനിധികളായതുകൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് അവർക്കേ അറിയൂ. പ്രാദേശിക വികസന കാര്യങ്ങളിൽ ഇടപെടുന്നതെങ്ങനെയെന്ന വിഷയത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്ക്  കോച്ചിംഗ് കൊടുക്കുന്ന കാര്യം പാർട്ടികൾ ആലോചിക്കണം. 

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മിക്ക പാർട്ടികളും ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലും രാഷ്ട്രീയ കക്ഷികൾ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ഒരുക്കത്തിലാണ്. ഇത്തവണ ബി.ജെ.പിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ എന്ന സഖ്യത്തിന് രൂപം നൽകിയിട്ടുണ്ട്. 1977 ലെ ജനത പാർട്ടി പോലെ സംസ്ഥാനങ്ങളിൽ ഇതൊരു തരംഗമായി മാറിയാലും അത്ഭുതമില്ല. തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാവാൻ ഇനിയും സമയമെടുക്കും.  അപരവൽക്കരണം, വിദ്വേഷ രാഷ്ട്രീയം എന്നിവ എത്രത്തോളം ഏശുമെന്നതും കണ്ടറിയണം. എല്ലാ കാലത്തും രാമൻ, സീത എന്നൊക്കെ പറഞ്ഞു വന്നാൽ ആളുകൾക്ക് താൽപര്യം ഒരുപോലെ ഉണ്ടാകുമെന്ന് കരുതാനും വയ്യ. മതം, സാമുദായികത എന്നിവക്കപ്പുറം പലതുമാണ് വോട്ടർമാരെ സ്വാധീനിക്കുകയെന്ന് കർണാടക നിയമസഭയിലേക്ക് ഏറ്റവുമൊടുവിൽ നടന്ന തെരഞ്ഞെടുപ്പ് തെളിയിച്ചിട്ടുമുണ്ട്. 
ഒമ്പത് വർഷത്തെ മോഡി ഭരണത്തിൽ ഒറ്റ എം.പിയുമില്ലാത്ത സംസ്ഥാനമാണ് കേരളം. എങ്കിലും  അടുത്തിടെ കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ കേന്ദ്രം തീരുമാനിച്ചു. രണ്ടു മാസം മുമ്പ് ഇതിന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ഉത്തര കേരളത്തിലാണ് ഈ അഞ്ചു റെയിൽവേ സ്റ്റേഷനുകളും. കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ. തിരൂർ ഒഴികെ എല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീന കേന്ദ്രങ്ങളാണ്. ഇരുപത് കോടി രൂപയിലേറെ വീതം ചെലവഴിച്ചാണ്  അഞ്ച് പട്ടണങ്ങളിലെയും റെയിൽവേ സ്റ്റേഷനുകളുടെ മുഖഛായ മാറ്റുന്ന പദ്ധതിക്ക് കേന്ദ്രം തുടക്കം കുറിച്ചത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവാം. 
കേന്ദ്ര സർക്കാരിന്റെ ഇടപെടൽ സാധാരണക്കാരായ വോട്ടർമാർക്ക് അനുഭവപ്പെടുക ദേശീയ പാതയിൽ യാത്ര ചെയ്യുമ്പോഴും ട്രെയിൻ കയറാൻ റെയിൽവേ സ്റ്റേഷനുകളിലെത്തുമ്പോഴുമാണല്ലോ. നികുതിദായകരായ ജനങ്ങളുടെ പ്രതിനിധിയാണ് എം.എൽ.എയും എം.പിയും. നിയമ നിർമാണ സഭകളിൽ നമ്മുടെ ആവശ്യങ്ങൾ അവതരിപ്പിക്കുന്നവരാണ് പാർലമെന്റ് അംഗങ്ങൾ. കേരളത്തിൽ ഇരുപത് ലോക്‌സഭ അംഗങ്ങളാണുള്ളത്. ഇതിന് പുറമെ രാജ്യസഭയിലെ അംഗങ്ങളും. 
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരിടത്തൊഴികെ എല്ലായിടത്തും ജയിച്ചത് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫാണ്. കോൺഗ്രസിന്റെ സവിശേഷ ഗുണങ്ങൾ കാരണം ആലപ്പുഴയിൽ മാത്രമാണ് ഇടതുപക്ഷം വിജയിച്ചത്. കോട്ടയത്തെ വിജയി തോമസ് ചാഴിക്കാടൻ പിന്നീട് രാഷ്ട്രീയ സമവാക്യങ്ങൾ മാറിയപ്പോൾ ഇടതുപക്ഷക്കാരനായി. തികച്ചും അപ്രതീക്ഷിത ഫലമായിരുന്നു കഴിഞ്ഞ തവണ കേരളത്തിലേത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതോടെയാണ് കേരളത്തിലെ ഫലം മാറി മറിഞ്ഞത്. നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നീ മുൻ പ്രധാനമന്ത്രിമാരെ നെഞ്ചോട് ചേർത്ത മലയാളി സമൂഹം പുതിയ തലമുറക്കാരനെയും വാരിപ്പുണർന്നു. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാടിന്റെ എം.പിയായത്. 2024 ലും അദ്ദേഹം മത്സരിച്ചാൽ ഒരു പക്ഷേ, ഇതിലും വലിയ ഭൂരിപക്ഷത്തിന് ജയിക്കാനാണ് സാധ്യത. അയോഗ്യനാക്കലും കോടതി വിധിയിലൂടെയുള്ള തിരിച്ചു വരവുമെല്ലാം രാഹുലിന് വീര പരിവേഷം നൽകിയിട്ടുമുണ്ട്. ഭാരത് ജോഡോ യാത്രയും വിവിധ വിഷയങ്ങളിലെ ശക്തമായ ഇടെപെടലും രാഹുൽ ഗാന്ധിയെ കൂടുതൽ ശ്രദ്ധേയനാക്കി.  
കോൺഗ്രസ് പ്രവർത്തക സമിതി പിന്നിട്ട വാരത്തിൽ ഹൈദരാബാദിലാണ്  ചേർന്നത്.  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും ലോക്സഭ തെരഞ്ഞെടുപ്പുമാണ് പ്രവർത്തക സമിതി പ്രധാനമായും ചർച്ച ചെയ്തത്. തെലങ്കാനയിൽ കോൺഗ്രസ് മികച്ച മുന്നേറ്റം നടത്തുമെന്ന അഭിപ്രായ സർവേകൾ പുറത്തു വന്നിരുന്നു.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തിൽ തന്നെ മൽസരിക്കണമെന്ന ആവശ്യമുയർന്നത് ശ്രദ്ധേയമായി. കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. 2019 ൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കേരളത്തിൽ പാർട്ടിക്ക് നേട്ടമായിട്ടുണ്ടെന്നും അന്ന് കോൺഗ്രസിന് കൂടുതൽ എം.പിമാരെ സമ്മാനിച്ചത് കേരളമാണെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.
2019 ൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലാണ് മൽസരിച്ചത്. സിറ്റിംഗ് മണ്ഡലമയിരുന്ന ഉത്തർ പ്രദേശിലെ അമേത്തിയിലും വയനാട്ടിലും. എം.ഐ. ഷാനവാസ് ആയിരുന്നു നേരത്തെ വയനാടിനെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗ ശേഷം മറ്റൊരാളെ തേടുന്ന വേളയിലാണ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ മൽസരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ യു.പിയിലെ അമേത്തിയിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇത്തവണ രാഹുൽ അമേത്തിയിൽ തന്നെ മൽസരിക്കണമെന്ന് ഉത്തർ പ്രദേശിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരന്നു. ഈ ഒരു സാഹചര്യത്തിലാണ് കൊടിക്കുന്നിൽ സുരേഷ് വയനാട്ടിൽ  മത്സരിക്കേണ്ടതിന്റെ ആവശ്യം പ്രവർത്തക സമിതിയിൽ ഉന്നയിച്ചത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയോ, മത്സരിക്കാതിരിക്കുകയോ ചെയ്യട്ടെ. അത് ആ പാർട്ടിയുടെ ആഭ്യന്തര വിഷയം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്നാണ് ഇന്ത്യ മുന്നണിയിലെ കക്ഷിയായ സി.പിഐ ആവശ്യപ്പെട്ടത്. ഈ സീറ്റ് എൽ.ഡി.എഫ് സി.പി.ഐക്ക് മത്സരിക്കാൻ നൽകാറുള്ളതാണ്. സി.പി.എമ്മിന് പ്രതിപക്ഷ മുന്നണിയുടെ ഭാഗമാകണമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്. എന്നാൽ സി.പി.ഐ തുടക്കം മുതലേ ഇന്ത്യ മുന്നണിയുടെ ഘടകമാണ്. 
രാഹുൽ ഗാന്ധി കഴിഞ്ഞ തവണ വയനാട്ടിൽ മത്സരിച്ചതിന്റെ അപ്രതീക്ഷിത നേട്ടം (വിൻഡ് ഫാൾ ഗെയിൻ എന്ന് ഇക്കണോമിക്‌സിൽ പറയാറുള്ളത്) കൈവന്ന കുറെ എം.പിമാർ കേരളത്തിലുണ്ട്. ഇവർ പാർലമെന്റിൽ കേരളത്തിന്റെ പ്രതിനിധികളായതുകൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് അവർക്കേ അറിയൂ. എന്നാൽ അപവാദങ്ങളുമുണ്ട്. തിരുവനന്തപുരത്തെ ശശി തരൂർ, കൊല്ലത്തെ എൻ.കെ. പ്രേമചന്ദ്രൻ, മാവേലിക്കരയിലെ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്തെ ഹൈബി ഈഡൻ, കോട്ടയത്തെ തോമസ് ചാഴിക്കാടൻ, കാസർകോട്ടെ രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഇടപെടലുകളുടെ ഗുണം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിൻ സ്റ്റോപ്പേജുകളിലും കാണാനുണ്ട്. 1990 കളിൽ കോട്ടയത്ത് ആദ്യമായി ചെന്ന കാലത്ത് അവിടെ സ്റ്റേഷന് രണ്ടു പ്ലാറ്റുഫോമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഒരു ജംഗ്ഷന്റെ പ്രതീതിയോടെ നിരവധി പ്ലാറ്റുഫോമുകളുണ്ട്. ചെറിയ രാഷ്ട്രീയ പാർട്ടിയുടെ ഏക എം.പിയുടെ ഇടപെടൽ ഇതിലുണ്ടായിട്ടുണ്ടാവുമെന്നുറപ്പ്. മമത ബാനർജി റെയിൽവേ മന്ത്രിയായ കാലത്ത് രാജ്യത്തെ മെട്രോ നഗരങ്ങളിൽ നിന്ന് തുടങ്ങിയതാണ് പാവപ്പെട്ടവർക്കുള്ള എ.സി ട്രെയിനായ ഗരീബ് രഥ്. മുംബൈ കുർളയിൽ നിന്ന് കൊച്ചുവേളിയിലേക്ക് വരുന്ന ഒരെണ്ണമുണ്ട്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം പോലുള്ള പ്രധാന സ്റ്റേഷനുകളിൽ മാത്രം നിർത്തുന്ന ഇത് അടുത്തിടെയായി കോട്ടയത്തിനടുത്ത് ചങ്ങനാശ്ശേരിയിലും നിർത്തിത്തുടങ്ങി. കാസർകോട്ടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കോട്ടയം, കാസർകോട് എം.പിമാർ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുവെന്നർഥം.  കൊല്ലം, തിരുവനന്തപുരം, കൊച്ചുവേളി, എറണാകളം നോർത്തും സൗത്തും സ്റ്റേഷനുകളും ശ്രദ്ധിക്കാൻ അവിടങ്ങളിലെ എം.പിമാർക്ക് കഴിയുന്നു. കേരളത്തിൽ ആരംഭിച്ച രണ്ട് വന്ദേ ഭാരത് ട്രെയിനുകളും കണ്ണൂരിൽ നിന്ന് പുറപ്പെടുന്നതിന് പകരം കാസർകോട്ടേക്ക് ദീർഘിപ്പിച്ചതിന് പിന്നിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ ശക്തമായ ഇടപെടലാണ്. കേരളം അവസാനിക്കുന്നത് കണ്ണൂരിലല്ല, മംഗളൂരുവിനടുത്ത തലപ്പാടിയിലാണെന്ന് റെയിൽവേ കൺസൾട്ടേറ്റീവ് യോഗത്തിൽ അദ്ദേഹം വാദിച്ചു. മലബാറിലെ പല എം.പിമാരും എം.എൽ.എമാരും ആ വഴിക്കേ പോകാറില്ല.  
അടുത്തിടെ ഒരറിയിപ്പ് വന്നത് ശ്രദ്ധേയമായി. കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷനാണ് മലപ്പുറത്തെ തിരൂർ. ഇവിടെ മാവേലി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ളതായിരുന്നു അറിയിപ്പ്. ചെറിയ, തീരെ പ്രാധാന്യമില്ലാത്ത സ്റ്റേഷനുകളിൽ പോലും നിർത്തുന്ന മാവേലി ഇതേവരെ തിരൂരിൽ നിർത്തിയിരുന്നില്ലന്ന കാര്യം കൗതുകകരമാണ്. ഉത്തര കേരളത്തിലെ പ്രധാന സ്റ്റേഷനുകളായ തിരൂർ, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ നിർത്താതെ കടന്നു പോകുന്നത് ഇരുപതിലധികം എക്‌സ്പ്രസ് ട്രെയിനുകളാണ്. മലബാറിന്റെ ആസ്ഥാന നഗരത്തിന്റെ കാര്യവും മഹാകഷ്ടമാണ്. നാലാമത്തെ പ്ലാറ്റ്‌ഫോമിൽ നിന്ന് ഫ്രാൻസിസ് റോഡിലേക്ക് പ്രവേശന കവാടം തുറന്നു കൊടുപ്പിക്കാൻ പോലും കഴിയാത്ത ജനപ്രതിനിധിയാണിവിടെ. ഇത്തരം വിഷയങ്ങൾ ദൽഹിയിലും ചെന്നൈയിലും പാലക്കാട്ടും അവതരിപ്പിക്കാനല്ലേ നമ്മൾ ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്നത്. ആര് വേണമെങ്കിലും എം.പിയായിക്കോട്ടെ, പ്രാദേശിക വികസന കാര്യങ്ങളിൽ ഇടപെടുന്നതെങ്ങനെയെന്ന വിഷയത്തിൽ ഇവർക്കെല്ലാം കോച്ചിംഗ് കൊടുക്കുന്ന കാര്യം പാർട്ടികൾ ആലോചിക്കണം. 

Latest News