Sorry, you need to enable JavaScript to visit this website.

ഇലന്തൂര്‍ നരബലി നടന്നിട്ട് ഒരാണ്ട്: പ്രതികള്‍ ജയിലില്‍ തന്നെ, വിചാരണ ഉടന്‍

പത്തനംതിട്ട- ഇലന്തൂരില്‍ സാമ്പത്തികാഭിവൃദ്ധി നേട്ടം പ്രതീക്ഷിച്ച് നടത്തിയ നരബലിക്ക് ഒരാണ്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27 ന് തമിഴ്‌നാട് സ്വദേശിയായ ശെല്‍വന്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ തന്റെ അമ്മലോട്ടറി വില്‍പ്പനക്കാരിയായ പത്മയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് നാടു ഞെട്ടി ത്തരിച്ച നരബലി കേസ് പുറം ലോകം അറിഞ്ഞത്. പത്മയെപ്പറ്റിയുള്ള അന്വേഷണം എറണാകുളത്ത് ഹോട്ടല്‍ നടത്തുന്ന പെരുമ്പാവൂര്‍ സ്വദേശി  മുഹമ്മദ് ഷാഫിയിലേക്ക് എത്തി. പത്മ ഷാഫിയുടെ ഹോട്ടലിലേക്ക് പോകുന്നതും ഷാഫിയുടെ ബൊലോറ ജീപ്പില്‍ കയറുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെ മുഹമ്മദ് ഷാഫി വലയിലായി. ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു നരബലികളുടെയും കാര്യം പുറത്തുവന്നത്. പത്മക്കു മുമ്പ് കാലടിയിലെ ലോട്ടറി വില്‍പ്പനക്കാരി റോസിലിനെ 2022 ജൂണ്‍ എട്ടിന് കൊലപ്പെടുത്തിയതായും ഷാഫി മൊഴി നല്‍കി. അങ്ങനെയാണ് കൂട്ടുപ്രതികളായ ഇലന്തൂര്‍ ആഞ്ഞിലിമൂട്ടില്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരിലേക്ക് അന്വേഷണം വന്നത്.ഇവരെ കടവന്ത്ര പോലീസ് ഇലന്തൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത് മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് നരബലിയില്‍ രണ്ടു സ്ത്രീകള്‍ ഇരയായതായും മൃതദേഹങ്ങള്‍ ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ വീടിനോടു ചേര്‍ന്ന പുരയിടത്തില്‍ കുഴിച്ചിട്ടതായും സ്ഥിരീകരിച്ചത്. പോലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി പ്രതികളെ ഇലന്തൂരിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഒക്ടോബര്‍ പതിനൊന്നിനാണ് നരബലി വാര്‍ത്തകള്‍ ലോകം അറിഞ്ഞത്. ആ ദിവസം തന്നെ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇലന്തൂരില്‍ കണ്ടെത്തുകയും ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട ആഞ്ഞിലിമൂട്ടില്‍ ഭഗവല്‍ സിംഗിന്റെ പുരയിടത്തില്‍ നിന്നാണ് കഷണങ്ങളാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.തല ഉള്‍പ്പെടെ എല്ലാശരീരഭാഗങ്ങള്‍ കണ്ടെടുത്തു. മൃതദേഹം കഷണങ്ങളാക്കിയശേഷം ഉപ്പു വിതറിയാണ് കുഴിച്ചിട്ടത്.

മൃതദേഹത്തിന്റെ. കൈകാലുകള്‍ മുറിച്ചു മാറ്റിയിരുന്നു. പത്മയുടെ മൃതദേഹം കുഴിച്ചിട്ടതിന് മുകളില്‍ തുളസി തൈ തന്നെ നട്ടിരുന്നു. പത്മ യുടെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ രണ്ടാഴ്ചയുടെ പഴക്കമേ ഉണ്ടായിരുന്നുള്ളു. പിന്നീട് പത്മയുടെ മൃതദേഹമാണന്ന സ്ഥിരീകരണത്തിനായി ഡിഎന്‍.എ പരിശോധനക്ക് അയച്ചു ഉറപ്പു വരുത്തി.

പ്രതികള്‍ നേരത്തെ നരബലി നടത്തിയശേഷം കുഴിച്ചിട്ട റോസിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ വീടിന്റെ അലക്കുകല്ല് സ്ഥിതിചെയ്യുന്നതിന് സമീപത്തു നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.ഇതിന്റെ അവശിഷ്ടങ്ങളും ഡിഎന്‍എ പരിശോധനക്കയച്ച് ഉറപ്പു വരുത്തി.
കൊല്ലപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിച്ച് ഭഗവല്‍ സിംഗിന്റെ വീട്ടില്‍ എത്തിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നുശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് സമ്മതിച്ചത്.

നരബലിയിലേക്ക് നയിച്ച സംഭവം പോലീസ് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.
പല കേസുകളിലെ പ്രതിയും ക്രിമിനലുമായ
മുഹമ്മദ് ഷാഫി
ശ്രീദേവി എന്ന പേരില്‍ വ്യാജ എഫ്.ബി അക്കൗണ്ടാക്കി ആ വലയില്‍ ഭഗവല്‍ സിംഗിനെ കുടുക്കി. പിന്നീട് ഒരു സിദ്ധനു ണ്ടന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറ്റി തരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സിദ്ധനായി മുഹമ്മദ് ഷാഫി തന്നെ അവതരിച്ചു.
നരബലി നടത്തിയാല്‍ മതിയെന്നും അതിനായി സ്ത്രീയെ കുരുതി കൊടുക്കാനും നിര്‍ദ്ദേശിച്ചു.ഷാഫി തന്നെ കഴിഞ്ഞ ജൂണ്‍ മാസം എട്ടിന് കാലടിയിലെ ലോട്ടറി വില്‍പ്പനക്കാരി റോസ് ലിനെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു.
രാത്രി കട്ടിലില്‍ ബന്ധനസ്ഥയാക്കിയ ശേഷം ലൈലയുടെ കൈയ്യില്‍ വാളു കൊടുത്ത് റോസിലിന്റെ കഴുത്ത് മുറിച്ചു മാറ്റി. പിന്നീട് രക്തം കുടിപ്പിച്ചു.മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു. മാംസം വേവിച്ചു ഭക്ഷിച്ചു.
റോസിലിനെ ബലി നടത്തി ഭഗവല്‍ സിംഗില്‍ നിന്നും ദ മുഹമ്മദ് ഷാഫി പണം വാങ്ങിയെങ്കിലും സാമ്പത്തീക ഉയര്‍ച്ച ഉണ്ടാകാത്ത സാഹചര്യത്തിലാണ് രണ്ടാമത് പത്മയെ കണ്ടെത്തി കൊലപ്പെടുത്തിയത്.ഇതോടെ മുവരും കുടുങ്ങുകയായിരുന്നു.
രണ്ടു സ്ത്രീകളെയും ക്രൂരമായി ബലാല്‍സംഗം ചെയ്തു.മൃതദേഹത്തോടും വലിയ ക്രൂരതകള്‍ കാട്ടിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു.
അന്ന് അറസ്റ്റിലായ മുഹമ്മദ് ഷാഫിയും ഭഗവല്‍ സിംഗും വിയ്യൂര്‍ ജയിലിലാണ്. ലൈല കാക്കനാട്ടും..
ഈ വര്‍ഷം ജനുവരി ഏഴിന് പത്മ കേസിലെ കുറ്റപത്രം എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ്സ് മജിസ്‌റേട്ട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു.ജനുവരി 21 ന് റോസിലിന്‍ കേസിന്റെ കുറ്റപത്രം പെരുമ്പാവൂര്‍ കോടതിയിലും സമര്‍പ്പിച്ചു.
പെരുമ്പാവൂര്‍ ജിഷ  കൂടത്തായി കേസുകളിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണനാണ് ഈ കേസിലും ഹാജരാവുക. താമസിയാതെ ഈ കേസിന്റെ വിചാരണ തുടങ്ങും.
ഇലന്തൂരിലെ ആഞ്ഞിലി മൂട്ടില്‍ കുടുംബത്തിലെ വൈദ്യ പാരമ്പര്യ കണ്ണിയായിരുന്നു ഭഗവല്‍ സിംഗ്. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദമെടുത്ത സിംഗ് നാട്ടില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. സി. പി. എം ബ്രാഞ്ച് സെക്രട്ടറി, കാരംവേലി എസ്.എന്‍.ഡി.പി.ശാഖാ യോഗം ഭാരവാഹി എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ഇയാള്‍ എങ്ങനെ ഈ കുരുക്കില്‍പ്പെട്ടു എന്നതാണ് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം.

 

Latest News