അടുത്ത വര്‍ഷം മുതല്‍ ജിമെയിലിന്റെ അടിസ്ഥാന എച്ച്ടിഎംല്‍ പതിപ്പ് അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. 2024 ജനുവരി മുതല്‍ ജിമെയില്‍ സ്റ്റാന്‍ഡേര്‍ഡ് വ്യൂവിലേക്ക് മാറുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍, ഏത് ദിവസം മുതലായിരിക്കും ഈ മാറ്റമുണ്ടാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ജിമെയില്‍ ഫീച്ചറുകളായ ചാറ്റ്, സ്പെല്‍ ചെക്കര്‍, കീബോര്‍ഡ് ഷോട്ട്കട്ടുകള്‍, റിച്ച് ഫോര്‍മാറ്റിങ്, കോണ്‍ടാക്ടുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഓപ്ഷന്‍, ഫ്രംഅഡ്രസ് എന്നിവ അടിസ്ഥാന എച്ച്ടിഎംല്‍ പതിപ്പില്‍ ലഭ്യമല്ലെന്നും ഗൂഗിള്‍ അറിയിച്ചു.
ജിമെയിലിന്റെ മുന്‍ പതിപ്പാണ് ബേസിക് എച്ച്ടിഎംല്‍ വ്യൂ എന്നും 10 വര്‍ഷം മുമ്പ് തന്നെ ഇതിന് പകരം പുതിയ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നെന്നും ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് രജിസ്റ്റര്‍ റിപ്പോര്‍ട്ടു ചെയ്തു. കൂടാതെ, അടിസ്ഥാന എച്ച്ടിഎംഎല്‍ പതിപ്പില്‍ ജിമെയിലിന്റെ മുഴുവന്‍ ഫീച്ചറുകളും പ്രവര്‍ത്തനക്ഷമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.