VIDEO - ഓര്‍മകളില്‍ നിത്യത: കോടിയേരിക്ക് സ്മൃതി മണ്ഡപമൊരുങ്ങി

കണ്ണൂര്‍ - രാഷ്ട്രീയ കേരളത്തിന്റെ സൗമ്യ മുഖത്തിന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങി.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്കായി നിത്യസ്മാരകമൊരുങ്ങി. ചരിത്രത്തിന്റെ അലയടികള്‍ ഒരിക്കലും നിലയ്ക്കാത്ത പയ്യാമ്പലത്തെ മണ്ണിലാണ് പ്രിയ നേതാവിന്റെ സ്മൃതിമണ്ഡപമൊരുങ്ങുന്നത്. യുവ ശില്‍പ്പി ഉണ്ണികാനായിയുടെ കരവിരുതില്‍ സാക്ഷാത്ക്കരിക്കപ്പെട്ട സ്മൃതി മണ്ഡപം, കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ ഒന്നിന്  അനാച്ഛാദനംചെയ്യും.
രാഷ്ട്രീയ കേരളത്തെ തന്റെ സൗമ്യതയിലൂടെ കീഴടക്കിയ കോടിയേരിക്ക് കേരളം നല്‍കിയ യാത്രയയപ്പ് എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ്. പ്രിയനേതാവിന്റെ ഓര്‍മകള്‍ തിരയടിക്കുന്ന പയ്യാമ്പലത്ത് വിടപറഞ്ഞ് ഒരു വര്‍ഷമാകുമ്പോഴും എത്തുന്നവര്‍ ഏറെയാണ്. കോടിയേരി എത്രമേല്‍ പ്രിയങ്കരനായിരുന്നുവെന്ന്  ഇവിടെയെത്തുന്നവര്‍  ഓര്‍ത്തെടുക്കുന്നു. ഏത് പ്രതിസന്ധികളിലും മായാത്ത ചിരിയും, സൗമനസ്യത്തോടെയുള്ള ഇടപെടലും  കോടിയേരിയെന്ന മനുഷ്യസ്നേഹിയെ മനുഷ്യ ഹൃദയങ്ങളില്‍ അടയാളപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഒരു സ്തൂപമാണ് ശില്‍പ്പി ഉണ്ണി കാനായി പയ്യാമ്പലത്ത് പൂര്‍ത്തിയാക്കിയത്. പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്തൂപത്തിന്റെ  അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്.
ജനനായകന്‍ ഇ.കെ.നായനാരുടെയും, റിയല്‍ കമ്യുണിസ്റ്റ്  ചടയന്‍ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങള്‍ക്കിടയിലാണ് കോടിയേരിയുടെ സ്മാരകം. പാറിപ്പറക്കുന്ന ചെമ്പതാക സ്മാരകത്തെ കടല്‍ കാറ്റിന്റെ പശ്ചാത്തലത്തില്‍ തലോടുന്നതും കാണാം. കൂടാതെ വാനിലുയര്‍ന്നുനില്‍ക്കുന്ന നക്ഷത്രവും  കോടിയേരിയുടെ ചിരിക്കുന്ന മുഖവും തന്നെയാണ് സ്മാരകത്തിലെ മുഖ്യ ആകര്‍ഷണം. 11 അടി ഉയരമുള്ള സ്തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ് ഒരുക്കിയത്. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റില്‍ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം. ഒരു വെല്ലുവിളി തന്നെയാണ് എന്ന് ശില്പി ഓര്‍മ്മപ്പെടുത്തുന്നു. എല്ലാവരുടെ മനസ്സില്‍ പതിഞ്ഞ ചിരിക്കുന്ന കൊടിയേരിയെ തന്നെയാണ് ഗ്രാനൈറ്റില്‍ ഉളി കൊണ്ട് ശില്പി കാര്‍വ് ചെയ്ത  എടുത്തത് ചരിത്രത്തെ ഓര്‍മിപ്പിക്കുന്ന സ്തൂപത്തില്‍ മണ്‍മറഞ്ഞ് പോയ ധീര സഖാക്കളെ ഇടനെഞ്ചില്‍ ചേര്‍ത്ത് പിടിക്കുന്ന പ്രതീതിയിലാണ് ശില്പി രൂപകല്പന ചെയ്തത്.   '
കോടിയേരി സ്മാര സ്തൂപം വിലയിരുത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും, ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പയ്യാമ്പലത്ത് എത്തി ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.


സെറാമിക് ടൈലുകള്‍ ഉപയോഗിച്ചാണ് സ്തൂപത്തിന് നിറം നല്‍കിയത്.  ടൈലുകള്‍ ചെറുകഷണങ്ങളാക്കി  പതാകയ്ക്കും നക്ഷത്രത്തിനും ചുവപ്പ് നിറം നല്‍കി  ഉപ്പുകാറ്റും വെയിലുമേറ്റ് നിറംമങ്ങുകയോ കേടാവുകയോ ചെയ്യില്ലെന്നതാണ് സെറാമിക് ടൈല്‍ ഉപയോഗിക്കാന്‍ കാരണം.
ഇതിന് മുന്‍പ് ഇടുക്കി വട്ടവടയിലെ ധീര രക്തസാക്ഷി അഭിമന്യൂവിന്റെ  യും തളിപ്പറമ്പിലെ ധീര രക്തസാക്ഷി ധീരജിന്റെയും രക്തസാക്ഷി സ്തൂപം രൂപകല്പന ചെയ്തതും ഉണ്ണികാനായിയാണ് കൂടാതെ മുനയം കുന്ന് രക്തസാക്ഷി സ്തൂപം  രാമന്തളിയിലെ ഒ.കെ കുഞ്ഞിക്കണ്ണന്‍ സ്തുപം, ടി.ഗോവിന്ദന്‍ സ്മാരക സ്തൂപം കൂടാതെ കേരളത്തിനകത്ത് നിരവധി ചരിത്ര പുരുഷന്മാരുടെ ശില്പങ്ങള്‍ ഒരുക്കിയ ഉണ്ണികാനായി  കേരളാ ലളിതകലാ അക്കാദമി അംഗം കൂടിയാണ്
ഒന്നര മാസമെടുത്താണ് സ്തൂപം തയ്യാറാക്കിയത്. ഉണ്ണി കാനായിക്കൊപ്പം സുരേഷ് അമ്മാനപ്പാറ, വിനേഷ് കൊയക്കീല്‍, ബാലന്‍ പാച്ചേനി, സതീഷ് പുളക്കൂല്‍, ഗോപി മാടക്കാല്‍, ബിജു കൊയക്കീല്‍ എന്നിവരും സഹായികളായി.

 

Latest News