Sorry, you need to enable JavaScript to visit this website.

മൂന്നാമതൊരു വന്ദേഭാരത് ട്രെയിന്‍ കൂടി കേരളത്തിലെത്തി 

തിരുവനന്തപുരം-മൂന്നാമതൊരു വന്ദേഭാരത് ട്രെയിന്‍ കൂടി തിരുവനന്തപുരത്തെത്തിച്ചു. ചെന്നൈ ബേസിന്‍ ബ്രിഡ്ജില്‍നിന്ന് നീലയും വെള്ളയും കലര്‍ന്ന എട്ട് കോച്ചുകളുള്ള റേക്കാണ് തിരുവനന്തപുരത്തെത്തിയത്. രണ്ടാം വന്ദേഭാരതിന്റെ പെയറിങ് ട്രെയിനാണ് ഇതെന്നാണ് വിവരം. കാസര്‍കോട്ടുനിന്ന് രാവിലെ പുറപ്പെട്ട് വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തുന്ന ട്രെയില്‍ വൈകിട്ട് 4:05നാണ് മടക്കയാത്ര ആരംഭിക്കേണ്ടത്. ഒരുമണിക്കൂര്‍ കൊണ്ട് കൊച്ചുവേളിയിലെത്തിച്ച് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാകില്ലാത്തതിനാലാണ് പകരം റേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് വിവരം.
ഞായറാഴ്ച പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ഒന്‍പത് വന്ദേഭാരത് ട്രെയിനുകളില്‍ കേരളത്തിലെ രണ്ടാം വന്ദേഭാരത് മാത്രമാണ് ഓറഞ്ച് നിറത്തിലുള്ളത്. രാജ്യത്ത് ഇതുവരെ ഇറങ്ങിയ 68 വന്ദേഭാരതിലും കേരളത്തിലെ രണ്ടാം വന്ദേഭാരതിന് മാത്രമാണ് ഓറഞ്ച് നിറം.
കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് (20631) ആദ്യ  സര്‍വീസ് ഇന്നാണ്.  രാവിലെ ഏഴ് മണിക്ക് കാസര്‍കോട്ടുനിന്ന് പുറപ്പെട്ട ട്രെയിന്‍ 3:05ന് തിരുവനന്തപുരത്തെത്തും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. ട്രെയിനില്‍ ചെയര്‍കാറിലും എക്‌സിക്യുട്ടീവ് ചെയറിലും ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല. വെയിറ്റിങ് ലിസ്റ്റ് 50 വരെ എത്തിയതിനാല്‍ തത്കാല്‍ മാത്രമാണ് ആശ്രയം. ചെയര്‍കാറില്‍ 96 സീറ്റും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 11 സീറ്റുമാണ് തത്കാലിലുള്ളത്. നിലവില്‍, ചൊവ്വാഴ്ച ഒഴികെ ആറുദിവസമാണ് ആഴ്ചയില്‍ സര്‍വീസ്. അതിനിടെ, ഗുരുവായൂരില്‍ നിന്ന് മധുരയിലേക്ക് പുതിയ വന്ദേഭാരത് ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 


 

Latest News