Sorry, you need to enable JavaScript to visit this website.

പീഡനക്കേസ് പ്രതികളുടെ അറസ്റ്റ് തടഞ്ഞു; പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി-പീഡനക്കേസ് പ്രതികളുടെ അറസ്റ്റ് തടയുക വഴി ഇവര്‍ക്ക് നാടുവിടാന്‍ സൗകര്യം ചെയ്ത പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെയാണ് ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
ഇതേ കേസില്‍ കുമളി എസ്‌ഐ പി.ഡി. അനൂപ്‌മോന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഡിവൈഎസ്പി, ഉപ്പുതറ എസ്എച്ച്ഒ അടക്കം നാലുപേര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശയുണ്ട്.
രാജസ്ഥാന്‍ സ്വദേശിനിയായ 31 കാരിയെ പീഡിപ്പിച്ച കേസിലെ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍ ഒന്നാകെ കൃത്യവിലോപം നടത്തിയത്. മെയ് 8ന് ആണ് കുമളി സ്വദേശികളായ മാത്യു ജോസ്, സക്കീര്‍ മോന്‍ എന്നിവര്‍ക്കെതിരെ യുവതി പോലീസിന് പരാതി നല്‍കിയത്. 9ന് ഇത് സംബന്ധിച്ച് കുമളി എസ്‌ഐ കേസെടുക്കുകയും ചെയ്തു. തന്നെ നിരവധി തവണ പീഡിപ്പിച്ചതായും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയിലുണ്ട്. ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെയാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. കേസെടുത്ത ശേഷം എസ്‌ഐ അനൂപ് മാത്യുജോസിന്റെ വീട്ടില്‍ അന്വേഷണത്തിനെത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ഐപാഡ് എന്നിവ കണ്ടെടുത്തു. വിവരം ഡിവൈഎസ്പിയെ അറിയിച്ചപ്പോള്‍ അറസ്റ്റ് മാറ്റി വയ്ക്കാന്‍ നിര്‍ദേശിക്കുകയും നാളെ തന്നെ ഓഫീസില്‍ വന്ന് കാണാനും പ്രതിയോട് നിര്‍ദേശിച്ചു. ഇരുവരും സംസാരിക്കുന്നതിനിടെ പ്രതി ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്തു.
പിന്നീട് പ്രതികള്‍ നാട് വിടുകയായിരുന്നു. ജൂണ്‍ 15ന് മഥുര, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് പിന്നീട് പ്രതികളെ പിടികൂടുകയായിരുന്നു. ഈ സമയത്തിനിടെ കേസില്‍ നിര്‍ണ്ണായകമായ തെളിവുകളെല്ലാം നഷ്ടമാകുകയും ചെയ്തു. ഇതേ റിപ്പോര്‍ട്ടില്‍ അനൂപ്‌മോന്‍, ഉപ്പുതറ എസ്എച്ച്ഒ ഇ. ബാബു, മുല്ലപ്പെരിയാര്‍ എസ്എച്ച്ഒ റ്റി.ഡി. സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശയുണ്ട്. മൂന്ന് പേര്‍ക്കും അന്വേഷണത്തില്‍ മനപൂര്‍വം പലതും വിട്ടുകളഞ്ഞാതായും വലിയ വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഡിവൈഎസ്പി ഗുരുതരമായ കൃത്യവിലോപം, അച്ചടക്കരാഹിത്യം, കര്‍ത്തവ്യനിര്‍വ്വഹണം, അധികാര ദുര്‍വിനിയോഗം എന്നിവ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് അച്ചടക്കമുള്ള ഉദ്യോഗസ്ഥന്‍ ചേര്‍ന്ന നടപടിയല്ലെന്നും അഡീ. സെക്രട്ടറി സി.വി. പ്രകാശിന്റെ ഉത്തരവില്‍ പറയുന്നു.

Latest News