ന്യൂദൽഹി - കേന്ദ്ര സർക്കാരിന്റെ പൗരത്വ രേഖയിൽനിന്നു പുറത്തായ അസമിലെ 40 ലക്ഷം പേർക്കെതിരെ ഒരു നടപടിയും എടുക്കരുതെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാർ പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എൻ.ആർ.സി ) 40-41 ലക്ഷം പേർ സാങ്കേതികമായി ഇന്ത്യക്കാരല്ലാതായത്. രജിസ്‌ട്രേഷന്റെ അന്തിമ കരടു പട്ടികയെച്ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്നലെ സ്തംഭിച്ചു. ലോക്‌സഭയിലും തൃണമൂൽ കോൺഗ്രസ് വിഷയം ഉന്നയിച്ചു.
അതിർത്തി സംസ്ഥാനമായ അസമിൽ ബംഗ്ലാദേശിൽനിന്നും മറ്റ് അയൽരാജ്യങ്ങളിൽനിന്നും വ്യാപകമായ അനധികൃത കുടിയേറ്റങ്ങളുണ്ടെന്നും ഇത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇത് തടയുന്നതിന് നിലവിലെ പൗരന്മാരുടെ കൃത്യമായ കണക്കുകൾ വേണം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടന പത്രികയിലും ഇത് വ്യക്തമാക്കിയിരുന്നു. 3.2 കോടിയാണ് അസമിലെ ജനസംഖ്യ എന്നു പറയുന്ന പട്ടിക 2.89 കോടി പേർ മാത്രമാണ് ഇന്ത്യൻ പൗരത്വത്തിന് അർഹതയുള്ളവർ എന്ന് വ്യക്തമാക്കുന്നു. പൗരന്മാരുടെ രജിസ്റ്റർ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് അസം. തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശിൽനിന്നു മുസ്‌ലിംകൾ അനധികൃതമായി കുടിയേറി തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുന്നുവെന്നും ഇത് ജനസംഖ്യാ സന്തുലിതാവസ്ഥയെ അട്ടിമറിക്കുന്നുവെന്നുമാണ് ആരോപണം.
പൗരത്വം നഷ്ടമാകുന്നവരുടെ പട്ടികയിൽ കൂടുതലും ബംഗ്ലാദേശ് വേരുകളുള്ള മുസ്‌ലിംകളാണെന്നതാണ് സർക്കാരിന്റെ നീക്കത്തെ സംശയനിഴലിലാക്കുന്നത്. മതിയായ രേഖകൾ അടക്കം രജിസ്‌ട്രേഷൻ നടത്തിയവർക്കാണ് പാരമ്പര്യ രേഖകൾ ശരിയല്ലെന്ന കാരണം പറഞ്ഞ് പട്ടികയിൽ ഇടം നൽകാതിരിക്കുന്നത്. 1971 മാർച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നവർക്കാണ് പൗരത്വ രജിസ്‌ട്രേഷൻ നൽകുക. പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കമുള്ളവരെയാണ് പട്ടികയിൽനിന്നു ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, ഒരു കുടുംബത്തിലെ തന്നെ ചിലരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്ത നടപടിക്കെതിരേ വ്യാപക വിമർശമാണ് ഉയരുന്നത്. അസമിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ ദറാങ്ങിൽ അപേക്ഷകളിൽ ആറായിരത്തോളം അപേക്ഷകരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ രജിസ്‌ട്രേഷൻ സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തുന്നവരിലും ഭൂരിഭാഗം മുസ്‌ലിം സമുദായത്തിൽപെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മ്യാൻമറിലെ റോഹിംഗ്യ മുസ്‌ലിംകൾക്ക് നേരെയുള്ള വംശഹത്യക്ക് സമാനമായ രീതിയിലേക്കാണ് അസമിലെയും കാര്യങ്ങൾ പോകുന്നതെന്നാണ് ചിലർ നിരീക്ഷിക്കുന്നത്. റോഹിംഗ്യകൾക്ക് പൗരത്വം നൽകാൻ വിസമ്മതിച്ച മ്യാൻമർ ഇവരെ രാജ്യത്തുനിന്നു ആട്ടിയോടിച്ചിരുന്നു. നിരവധി രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുകയാണ് ഇപ്പോൾ റോഹിംഗ്യകൾ.
കഴിഞ്ഞ ദിവസമാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക പുറത്തിറക്കിയത്. 3.29 കോടി അപേക്ഷകരിൽ നിന്ന് 40 ലക്ഷം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകുമെന്നാണ് പട്ടികയിൽ പറയുന്നത്. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയാനാണ് 1951നുശേഷം ആദ്യമായി സംസ്ഥാനത്ത് പൗരത്വ രജിസ്‌ട്രേഷൻ നടപ്പിലാക്കിയത്. ഓഗസ്റ്റ് മുപ്പതിനു ശേഷവും പൗരത്വം തെളിയിക്കാൻ കഴിയാത്തവർക്കു നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നിരിക്കെ പട്ടികയിൽ സർക്കാരിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്.
40 ലക്ഷം പേരെ പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും വൻ പ്രതിഷേധം ഉയർന്നിരുന്നു. അനധികൃത കുടിയേറ്റക്കാരെ മറയാക്കി അസമിലെ മുസ്‌ലിംകൾക്കെതിരെ കേന്ദ്രം നടപടിയെടുക്കുകയാണെന്നാണ് ആരോപണം
അസം കരാർ ഉണ്ടാക്കിയത് രാജീവ് ഗാന്ധിയാണെന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയെത്തുടർന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ബഹളം വച്ചതിനു പിന്നാലെയാണ് സഭ ഇന്നലെ പിരിഞ്ഞത്. നാൽപ്പതു ലക്ഷം പേർ പുറത്തായ അസമിന്റെ പൗരത്വ രജിസ്റ്ററിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസ് എം.പി ആദീർ രഞ്ജൻ ചൗധരിയാണ് നോട്ടീസ് നൽകിയത്. ഇതേ വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസും നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, ഇന്നലെ ചർച്ച ചെയ്ത വിഷയം ഇന്നും ചർച്ച ചെയ്യാൻ സ്പീക്കർ സുമിത്രാ മഹാജൻ വിസമ്മതിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, സമാജ്‌വാദി പാർട്ടി തുടങ്ങിയ കക്ഷികളാണ് പാർലമെന്റിൽ പ്രതിഷേധം ഉയർത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നലെയും രാജ്യസഭ സ്തംഭിച്ചിരുന്നു. ലോക്‌സഭയിലും തൃണമൂൽ കോൺഗ്രസ് വിഷയം ഉന്നയിച്ചിരുന്നു. ഗൗരവമെറിയ വിഷയമായി കാണേണ്ട ഒന്നാണിതെന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട് സഭയിൽ ഹാജരാകാനും നായിഡു ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മറുപടി പറയാൻ സഭയിൽ ഉണ്ടാകണമെന്ന് താൻ ആവശ്യപ്പെട്ട പ്രകാരമാണ് ആഭ്യന്തരമന്ത്രി സഭയിൽ എത്തിയതെന്നും എന്നാൽ സഭ ബഹളമയമായിരുന്നുവെന്നും നായിഡു പറഞ്ഞു.