ടൊറന്റോ- രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികൾക്കായി പോരാടിയ മുതിർന്ന സൈനികനെ കനേഡിയൻ പാർലമെന്റിൽ ആദരിച്ചതിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രാജ്യത്ത് രൂക്ഷ വിമർശനം. യാറോസ്ലാവ് ഹുങ്കയെന്ന മുതിർന്ന നാസി പടയാളിയുമായി ട്രൂഡോ കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ പാർലമെന്റിൽ ആദരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് പിയർ പോളിയെവ് രംഗത്ത് വന്നു. ട്രൂഡോയുടെ ഭാഗത്തുനിന്ന് വലിയ പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഇത്തരം ആളുകൾ പ്രധാനമന്ത്രിയെ യഥേഷ്ടം കാണുന്നതിനും ചർച്ച നടത്തുന്നതിനും വഴിയൊരുക്കുന്നത് അദ്ദേഹത്തിന്റെ പ്രോട്ടോക്കോൾ ഓഫീസിന്റെ പിഴവാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഉക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശന വേളയിലാണ് ഉക്രൈനിൽ നിന്നുള്ള തൊണ്ണൂറ്റെട്ടുകാരനായ യാറോസ്വ്‌ലാവ് ഹുങ്കയെന്ന മുൻ സൈനികനെ യുദ്ധവീരനെന്ന വിശേഷണത്തോടെ കനേഡിയൻ പൊതുസഭയിൽ ആദരിച്ചത്. ഉക്രൈൻ സ്വാതന്ത്ര്യത്തിനായി റഷ്യക്കാർക്കെതിരെ പോരാടിയ, രണ്ടാം ലോകമഹായുദ്ധ കാലത്തെ ഈ ഉക്രൈൻ-കനേഡിയൻ പോരാളി ഉക്രൈന്റെയും കാനഡയുടെയും നായകനാണെന്നും ട്രൂഡോ വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പാർലമെന്റ് അംഗങ്ങൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ഹുങ്കയെ ആദരിക്കുകയും ചെയ്തു.
സംഭവം വിവാദമായതിനു പിന്നാലെ ക്ഷമാപണവുമായി സ്പീക്കർ രംഗത്തെത്തിയിരുന്നു. പാർലമെന്റിൽ സംഭവിച്ചത് തന്റെ മാത്രം പിഴവാണെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ ഇതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി തന്നെ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.