കെ.ജി ജോര്‍ജിന് യാത്രാമൊഴി, മതചടങ്ങുകളില്ലാതെ സംസ്‌കാരം

കൊച്ചി - അന്തരിച്ച സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലോടെ രവിപുരം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഭാര്യ സല്‍മ, മക്കളായ അരുണ്‍, താര എന്നിവര്‍ക്കൊപ്പം അടുത്ത ബന്ധുക്കളും സിനിമാ, സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സംസ്‌കാര ചടങ്ങളില്‍ സാക്ഷികളായി. ചളിക്കവട്ടത്തുള്ള സിഗ്‌നേച്ചര്‍ എയ്ജ്ഡ് കെയല്‍ സാന്ത്വന പരിചരണ സ്ഥാപനത്തിന്റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ പതിനൊന്നോടെ പൊതു ദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളില്‍ എത്തിച്ചു. അവസാനമായി ഒരുനോക്ക് കാണാന്‍ നൂറുകണക്കിനാളുകള്‍ ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ഭരണസമിതി അംഗം ഹരിശ്രീ അശോകനും, താരസംഘടനയായ അമ്മക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പുഷ്പചക്രം അര്‍പ്പിച്ചു. മുന്‍മന്ത്രി മഞ്ഞളാംകുഴി അലി, കമല്‍, സിബി മലയില്‍, സോഹന്‍ സീനുലാല്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ബ്ലസി, ബി.ഉണ്ണികൃഷ്ണന്‍, ജോജു ജോര്‍ജ്, ജോഷി, വേണു, സുരേഷ് കുമാര്‍, പ്രിയനന്ദന്‍, ഷൈന്‍ ടോം ചാക്കോ, കുഞ്ചാക്കോ ബോബന്‍, തെസ്‌നിഖാന്‍, ബെന്നി പി നായരമ്പലം, ഡേവിഡ് കാച്ചിപ്പിള്ളി, സീമ ജി നായര്‍, രവീന്ദ്രന്‍, എംഎല്‍എമാരായ ടി.ജെ വിനോദ്, കെ.ബാബു, കെ.ജെ. മാക്‌സി, മേയര്‍ എം.അനില്‍കുമാര്‍, സുരേഷ് കുറുപ്പ്, മുഹമ്മദ് ഷിയാസ്, ഡോമിനിക് പ്രസന്റേഷന്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍, കെ.വി തോമസ് തുടങ്ങിയവര്‍ ടൗണ്‍ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു സംസ്‌കാരം.

 

Latest News