Sorry, you need to enable JavaScript to visit this website.

ആരോഗ്യ സംരക്ഷണത്തിലെ അനാരോഗ്യ പ്രവണതകൾ

ആരോഗ്യ മേഖലയിൽ മരുന്നുകളുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചു വരികയാണ്. ജീവിതശൈലീ രോഗങ്ങളുടെ വളർച്ച അതിവേഗത്തിലാകുന്നുവെന്നാണ് ആരോഗ്യ മേഖലയിൽ നിന്നുള്ള പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമേഹ രോഗം ജനസംഖ്യയിൽ പകുതിയോളം പേരെ പിടികൂടിക്കഴിഞ്ഞു. യുവാക്കൾക്കിടയിൽ പോലും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളുടെ വളർച്ച അതിവേഗത്തിലാണ്. കർശനമായി പ്രതിരോധിച്ചില്ലെങ്കിൽ, വരാനിരിക്കുന്ന തലമുറകളെ വരിഞ്ഞു മുറുക്കുന്ന രോഗമായി പ്രമേഹം മാറുമെന്നാണ് പുതിയ മുന്നറിയിപ്പ്.
രക്തസമ്മർദദ്ദത്തിന്റെ കാര്യവും മറിച്ചല്ല. ലക്ഷക്കണക്കിന് പേരാണ് ജീവിതകാലം മുഴുവൻ പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്നു കഴിക്കുന്നത്.
അലോപ്പതി മരുന്നുകളുടെ വലിയ വിപണിയായി കേരളം മാറിയിട്ട് ഏറെ കാലമായി. അതിലേറെയും വിൽക്കപ്പെടുന്നത് ജീവിതശൈലീ രോഗങ്ങൾക്കായാണ്. മരുന്നുകളുടെ ഉപയോഗം വർധിക്കന്നതിനൊപ്പമാണ് അവയുടെ ദുരുപയോഗവും വിപണിയിൽ നടക്കുന്നതായുള്ള വിവരങ്ങൾ പുറത്തു വരുന്നത്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ അടുത്തിടെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഈ രംഗത്ത് നടന്നു വരുന്ന ചില അനാരോഗ്യകരമായ പ്രവണതയാണ്.
രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകൾ പലയിടങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നണ് കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരിയിലെ ഒരു മരുന്ന് മൊത്ത വിതരണ കേന്ദ്രത്തിൽ ഈയിടെ നടത്തിയ പരിശോധനയിൽ രക്തസമ്മർദത്തിനുള്ള മരുന്ന് ഉത്തേജനാവശ്യത്തിനായി വൻതോതിൽ വിൽപന നടത്തിയതായാണ് കണ്ടെത്തിയത്. ഈ സ്ഥാപനത്തിനെതിരെ അധികൃതർ കേസെടുത്തിരുന്നു.
ബോഡി ബിൽഡേഴ്‌സും കായിക താരങ്ങളും ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന മെഫന്റർമിൻ സൾഫേറ്റ്  എന്ന ഇഞ്ചക് ഷനാണ് ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന 850 ഇഞ്ചക്ഷനുകളാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഈ സ്ഥാപനം വാങ്ങിയിരുന്നത്. എന്നാൽ വിൽപന ബില്ലുകൾ ഇല്ലാതെ അനധികൃതമായാണ് സ്ഥാപന ഉടമ ഈ മരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജിമ്മുകളിൽ നൽകുവാൻ ഏജന്റുമാർക്ക് എത്തിച്ചു കൊടുക്കുവാൻ വേണ്ടിയാണ് മരുന്ന് വാങ്ങിയിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.
രക്തസമ്മർദം കൂട്ടുന്നതിനായി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന മരുന്നാണ് മെഫെന്റർമിൻ സൾഫേറ്റ്. ഷെഡ്യൂൾ ഒ വിഭാഗത്തിൽ പെടുന്നതും ഡോക്ടറുടെ നിർദേശത്തോടെ മാത്രം നൽകുന്ന ഇൻജക്ഷൻ രൂപത്തിലുള്ള മരുന്നാണിത്. ഡോക്ടറുടെ നിർദേശമില്ലാതെയുള്ള മരുന്നിന്റെ അനിയന്ത്രിത ഉപയോഗം ഹൃദയാഘാതം, ഉറക്കമില്ലായ്മ, മാനസിക പ്രശ്‌നം തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ജിമ്മുകളിൽ കായിക പരിശീലനം നടത്തുന്നവർ പല തരത്തിലുള്ള ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. മസിലുകൾ വലുതാക്കുന്നതിനും കൂടുതൽ സമയം വർക്ക് ഔട്ട് ചെയ്യുന്നതിനുമെല്ലാം ഇത്തരം മരുന്നുകൾ ഉപയോഗിച്ചു വരുന്നുണ്ട്. അനുവദനീയമായ പ്രോട്ടീൻ പൗഡറുകളും മറ്റും ഉപയോഗിക്കുന്നതിന് പുറമേയാണ് അപകടകാരികളായ മരുന്നുകളുടെ ഉപയോഗവും നടക്കുന്നത്. ശാരീരക ക്ഷമത നിലനിർത്തുന്നതിനുള്ള വ്യായാമം എന്നതിനപ്പുറം ഒരു മൽസര രംഗമായി ബോഡി ബിൽഡിംഗ് മാറിയതോടെയാണ് ഇത്തരം അനാരോഗ്യകരമായ പ്രവണതകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നത്. ജിമ്മുകളുടെ നടത്തിപ്പുകാരും ഇത്തരം നിയമ ലംഘനത്തെ പ്രോൽസാഹിപ്പിക്കുന്നു. മരുന്നു കച്ചവടക്കാരാകാട്ടെ, ഇതിന്റെ അപകട വശങ്ങളെ കുറിച്ച് ആലോചിക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട് വിൽപന നടത്തുകയും ചെയ്യുന്നു.
കോവിഡാനന്തര കാലത്ത് യുവാക്കളുടെ പോലും ആരോഗ്യം കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചൊരു രോഗമില്ലാത്ത ചെറുപ്പക്കാർ വരെ ഹൃദയാഘാതം മൂലം മരിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. കോവിഡ് രോഗം രക്തധമനികളെ ദുർബലമാക്കുകയും ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതിന്റെ വേഗത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതായും പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിൽ കായികക്ഷമത വലിയ തോതിൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ജിമ്മുകളിൽ അനധികൃത മരുന്നുകളുടെ ഉപയോഗം വർധിച്ചു വരുന്നത്. ജിമ്മുകളിൽ വർക്കൗട്ടിനിടെ മരണങ്ങൾ സംഭവിക്കുന്ന വാർത്തകളും അടുത്ത കാലത്തായി പുറത്തു വരുന്നുണ്ട്.
ഈ മേഖലയിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ കൂടുതൽ ശ്രദ്ധ അനിവാര്യമായിരിക്കുന്നു. ജിംനേഷ്യങ്ങളിൽ പോകുന്നവർക്കിടയിൽ ഇക്കാര്യത്തിൽ ശക്തമായ ബോധവൽക്കരണം ആവശ്യമാണ്. നിയമാനുസൃതമല്ലാത്ത മരുന്നകളോ ഭക്ഷ്യവസ്തുക്കളോ ഉപയോഗിക്കാൻ ഇൻസ്ട്രക്ടർമാർ നിർദേശം നൽകുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഈ മേഖലയിൽ നടക്കുന്ന നിയമ ലംഘനം കണ്ടെത്തി നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മുന്നോട്ടു വരേണ്ടതുണ്ട്.

Latest News