Sorry, you need to enable JavaScript to visit this website.

മറക്കാനാവാത്ത മൊറോക്കോ

2022 ലെ ഫിഫ ലോകകപ്പിൽ വമ്പന്മാരായ പോർചുഗലിനെയും സ്‌പെയിനിനെയും വീഴ്ത്തി സെമിയിൽ എത്തിയതോടെയാണ് മൊറോക്കോ എന്ന കൊച്ചു രാജ്യം ആഗോള ശ്രദ്ധ നേടിയത്. ഒരു കാലത്ത് തങ്ങളെ അടക്കിവാണ അധിനിവേശ ശക്തിയും ഫിഫ മുൻ ചാമ്പ്യനുമായ സ്‌പെയിനിനെ മൊറോക്കോ തോൽപിച്ചപ്പോൾ അതിന് പുതിയ രാഷ്ട്രീയ മാനം കൈവന്നു. മറ്റൊരു മുൻ ചാമ്പ്യനും അധിനിവേശ ശക്തിയുമായ ഫ്രാൻസിനോട് മൊറോക്കോ പൊരുതിത്തോറ്റപ്പോൾ പാരീസ്, മാർസെയിൽ, ബ്രസ്സൽസ് തുടങ്ങി  അറബ് - മൊറോക്കോ വംശജരായ കുടിയേറ്റക്കാർ ധാരാളമുള്ള യൂറോപ്യൻ നഗരങ്ങളിൽ അത്  സ്ഫുരണങ്ങൾ സൃഷ്ടിച്ചു. മൊറോക്കോ ആരാധകരുടെ ആഘോഷം അതിര് വിട്ടപ്പോൾ ഒടുവിൽ ആഗോള രാഷ്ട്രീയ പ്രശ്‌നമായി മാറാതിരിക്കാൻ ക്രമസമാധാന പാലകർക്ക് രംഗത്തിറങ്ങേണ്ടി വന്നു.


ആദ്യ സന്ദർശനത്തിൽ തന്നെ ഏവരെയും ആകർഷിക്കുന്ന ചില ഘടകങ്ങൾ മഗ്രിബിലുണ്ട്. 
അറബ് - ബെർബെർ - യൂറോപ്യൻ - ആഫ്രിക്കൻ സംസ്‌കാരങ്ങളുടെ സമ്മിശ്ര പൈതൃകവും വൈവിധ്യമാർന്ന പാചക വൈദഗ്ധ്യവും ഈ ഉത്തരാഫ്രിക്കൻ രാജ്യത്തിന്റെ  സവിശേഷതയാണ്. ആകാര സൗഷ്ടവവും ചുറുചുക്കുമുള്ള ജനത രാജ്യത്തിനകത്തും പുറത്തും സർവ മേഖലകളിലും മികവ് കാട്ടുന്നു. മധ്യപൗരസ്ത്യ ദേശത്തെ മികച്ച വിമാനക്കമ്പനികളിൽ ഫ്‌ളൈറ്റ് അറ്റൻഡർമാരായി ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും 'മഗ്രിബി'കൾ ആണെന്നത് ഇതിന്റെ നേർസാക്ഷ്യങ്ങൾ. മാതൃഭാഷ അറബിയാണെങ്കിലും മിക്കവർക്കും ഫ്രഞ്ച് അറിയാം, വൻനഗരങ്ങളിലുള്ളവർക്ക്  -പ്രതേകിച്ചും. ടൂറിസം രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഇംഗ്ലീഷും അറിയാം.


മൊറോക്കോക്കാരുടെ ആതിഥ്യ മര്യാദയെപ്പറ്റി ദീർഘകാലം ഫാക്ടിന്റെ ചെയർമാനായിരുന്ന എം.കെ.കെ. നായർ  'ആരോടും പരിഭവമില്ലാതെ' എന്ന തന്റെ പ്രസിദ്ധമായ ആത്മകഥയിൽ പ്രതിപാദിച്ചത് ഓർമ വരുന്നു. രാസവള നിർമാണത്തിന് അവിഭാജ്യമായ ഫോസ്‌ഫേറ്റ് ഇറക്കുമതി ചെയ്യുന്നതിന് ദീർഘകാല വ്യാപാര കരാർ ഒപ്പുവെക്കുന്നതിനായി ഇന്ത്യൻ സംഘത്തെ നയിച്ച് റബാത്തിൽ എത്തിയപ്പോൾ റമദാൻ മാസമായിട്ടും ഉച്ച വിരുന്ന് നൽകിയ സംഭവം ഹൃദയസ്പർശിയായി അദ്ദേഹം വിവരിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള രാജ്യമാണ് മൊറോക്കോ. ഇതിന് പുറമെ, മേത്തരം തുണിത്തരങ്ങളും പഴവർഗങ്ങളും പച്ചക്കറിയും വൻതോതിൽ കയറ്റുമതി ചെയ്യന്നു.


 എട്ട് ദിവസത്തെ അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിച്ച ഈജിപ്ത് പര്യടനത്തിന് ശേഷം മൊറോക്കോയിലെ ഏറ്റവും വലിയ നഗരമായ കാസബ്ലാങ്ക (അറബിയിൽ ദാറുൽ അബിയാദ്) യിൽ വിമാനമിറങ്ങുമ്പോൾ അർധരാത്രിയായിരുന്നു. എയർപോർട്ട് ടാക്‌സിയിൽ നഗര മധ്യത്തിലെ ഹോട്ടലിലേക്കുള്ള യാത്രയിൽ ഉണർന്നിരിക്കുന്ന നഗരത്തിലെ ആരവങ്ങൾ ദൃശ്യമായിരുന്നു.
ഏറെ ചരിത്രപ്രാധാന്യമുള്ള തന്ത്രപ്രധാനമായ തുറമുഖ നഗരമാണ്  കാസബ്ലാങ്ക -രാജ്യത്തിന്റ സാമ്പത്തിക തലസ്ഥാനം. അറ്റ്ലാന്റിക് തീരത്ത് കടലിനോടു തൊട്ടുരുമ്മി, പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഏറെ മനോഹരമായ മസ്ജിദാണ് മുഖ്യ ആകർഷണം. ദീപസ്തംഭത്തിന്റെ സ്ഥാനത്ത് മൂറിഷ് വാസ്തുശിൽപ മാതൃകയിൽ നിർമിച്ച ആഫ്രിക്കയിലെ ഏറ്റവും വലിയ ഈ മസ്ജിദിന്റെ 210 മീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള മിനാരത്തിന്റെ കിഴക്ക് ഭാഗത്തു നിന്ന് വിശുദ്ധ മക്കയുടെ ദിശയിലേക്കു വിളക്ക് പ്രകാശിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മെദീന (സൂഖ്) ആണ് മറ്റൊരു ആകർഷണം. ഒരറ്റം മുതൽ മറ്റേ അറ്റം വരെ കാണണമെങ്കിൽ നടന്നു തളരും. ഈ മെദീനയിൽ കിട്ടാത്തതായി ഒന്നുമില്ല. തദ്ദേശീയരും വർദേശീയരമായി എങ്ങും ആൾകൂട്ടം. ഇതിനകത്തു തന്നെ ഘാന മാർക്കറ്റ്, സെനെഗൽ മാർക്കറ്റ് എന്നിങ്ങനെ ഓരോ രാജ്യത്തിനു വെവ്വേറെയും  മാർക്കറ്റ് ഉണ്ട്.  എല്ലാ സ്ഥലത്തും മൊത്ത - ചില്ലറ വ്യാപാരം തകൃതിയായി നടക്കുന്നു.


കാസാബ്ലാങ്കയിൽ നിന്ന് മറാക്കിഷിലേക്കുള്ള യാത്രക്കിടയിൽ, വഴിയോരക്കാഴ്ചകൾ ആസ്വദിക്കാനായി ബുള്ളറ്റ് ട്രെയിനിനു പകരം ബസാണ് ഞങ്ങൾ തെരഞ്ഞെടുത്തത്. വോൾവോയുടെ  അത്യാധുനിക ബസിൽ തലേന്ന് തന്നെ 3 ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കൂടെയുള്ള നാട്ടുകാരനും സുഹൃത്തുമായ ഇബ്രാഹിം എറക്കുത്ത്, ചെന്നൈ സ്വദേശി ആവനം അബ്ദുല്ല എന്നിവർക്ക്  സീറ്റ് നമ്പർ ക്രമമനുസരിച്ച് പിൻസീറ്റിൽ അടുത്തടുത്ത് ഇരിപ്പിടം കിട്ടി. ബസ് പുറപ്പെടാറായപ്പോൾ ഒരാൾ സുസ്‌മേര വദനനായി കയറി വന്ന് എന്റെ അടുത്ത സീറ്റിലിരുന്നു. 
അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഇംഗ്ലീഷ് കഷ്ടി പറയും. ലളിതമായി അറബിയിൽ പറഞ്ഞാൽ എനിക്ക് കാര്യം മനസ്സിലാകുമെന്നു വിനയപൂർവം പറഞ്ഞപ്പോൾ എന്റെ സഹയാത്രികന് സന്തോഷമായി. 


എന്റെ 23 വർഷത്തെ അറേബ്യൻ വാസവും സഞ്ചാരി എന്ന നിലയിൽ മൊറോക്കോ അറുപതാമത്തെ രാജ്യമാണെന്ന കാര്യവും അറിഞ്ഞപ്പോൾ അദ്ദേഹത്തിന് വിസ്മയം. അറുപതുകളിൽ എത്തിനിൽക്കുന്ന അലി ആൽമി, മൊറോക്കോയുടെ തെക്ക് പടിഞ്ഞാറുള്ള അഗാദിർ സ്വദേശിയാണ്. അറിയപ്പെടുന്ന അഭിഭാഷകനാണ്. രാഷ്ട്രീയത്തിൽ തൽപരനാണ്. മുൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉറ്റ സൗഹൃദമുണ്ട്. ഇന്ദിരാഗാന്ധിയെ ബഹുമാനമാണ്.
നാലര മണിക്കൂർ നീണ്ട ബസ് യാത്രക്കിടയിൽ  15 മിനിറ്റ് വിശ്രമത്തിനായി ബസ് ഒരിടത്ത് നിർത്തി. ഒരു വലിയ ഹാളിനകത്തു  കഫേ -റസ്റ്റോറന്റും ചെറിയ സൂപ്പർ മാർക്കറ്റും ഭംഗിയായി സജ്ജീകരിച്ചിരിക്കുന്നു. ഹാളിനകത്ത് നിന്ന് തന്നെ നേരിട്ട് പ്രവേശിക്കാവുന്ന വൃത്തിയുള്ള ടോയ്ലറ്റും. ഒരു യൂറോപ്യൻ രാജ്യത്ത് ചെന്നിറങ്ങിയ പ്രതീതി. ബസ് മറാക്കിഷിൽ  എത്തിയപ്പോൾ ആൽമി ഫോൺ നമ്പർ തന്നു. അഗാദിരിൽ വന്നാൽ വീട്ടിൽ വരണമെന്ന് പറഞ്ഞു.
കടൽതീരമില്ലെങ്കിലും വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ പറുദീസയാണ് മറാക്കിഷ്.  എട്ട് ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ നഗരത്തിൽ വർഷംപ്രതി ഒരു കോടിയിൽ അധികം സഞ്ചാരികൾ എത്തുന്നു. ലോകത്തിലെ നാനാഭാഗങ്ങളിലുള്ള അതിസമ്പന്നർക്കും ഇവിടെ കൊട്ടാര സദൃശമായ ഒഴിവുകാല വസതികളുണ്ട്. ഗൾഫ് രാജ്യങ്ങളിലെ സമ്പന്നരുടെ കൊട്ടാരങ്ങളുടെ സൂക്ഷിപ്പുകാരായും പരിപാലകരായും ഏതാനും മലയാളികൾ ജോലി ചെയ്യുന്നുണ്ട്. പോർച്ചുഗീസ് സൂപ്പർ താരമായ റൊണാൾഡോക്ക്  ഇവിടെ പഞ്ചനക്ഷത്ര ഹോട്ടലുള്ള കാര്യം ഈയിടെ വാർത്തയായിരുന്നു. 
1070 ൽ സ്ഥാപിതമായ 'മെദീന'യിൽ രാത്രി 8 മണിക്ക് ഞങ്ങൾ എത്തുമ്പോൾ വൻ തിരക്കായിരുന്നു. സൂഖിനോട് അനുബന്ധിച്ചുള്ള വിശാലമായ തുറസ്സായ സ്ഥലത്ത് നിരനിരയായി ഭക്ഷ്യ സ്റ്റാളുകൾ. 
മാംസാഹാരവും മൽസ്യ വിഭവങ്ങളും എല്ലാം ലഭ്യമാണെങ്കിലും ഞങ്ങൾ നേരത്തെ ഭക്ഷണം കഴിച്ചിരുന്നതിനാൽ മൊറോക്കോ  കഹ്വ കഴിച്ച് തൃപ്തിപ്പെട്ടു.  സ്റ്റാളുകളുടെ തൊട്ടപ്പുറത്ത് തെരുവ് കലാകാരന്മാർ  പരിപാടി അവതരിപ്പിച്ച് ജനത്തെ ഹരം കൊള്ളിക്കുകയാണ്. നാടൻപാട്ടും നൃത്തവുമാണ് പ്രധാന ഇനം. കലാകാരന്മാർ പാടുമ്പോഴും നൃത്തമാടുമ്പോഴും ഒപ്പം കാണികളും പാടുകയും ചുവടുകൾ വെക്കുകയും ചെയ്യുന്നണ്ട്. തീറ്റ ഉൾപ്പെടെയുള്ള ഈ  കലാപരിപാടി  പുലരുംവരെ തുടരും.
മറാക്കിഷിൽ നിന്ന് അഗാദിരിലേക്കു  പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ, അവസാന നിമിഷം, ഏതോ നിമിത്തം മൂലം അഗാദിർ യാത്ര റദ്ദാക്കി പകരം ടാൻജിയറിലേക്ക് പുറപ്പെട്ടു. 
മറാക്കിഷിൽ നിന്ന് ബുള്ളറ്റ് ട്രെയിനിൽ  കാസബ്ലാങ്കയിൽ  എത്തി മാറിക്കയറിയാണ് ടാൻജിയറിൽ എത്തിയത്. ഞങ്ങൾ ടാൻജിയറിൽ എത്തി. അന്ന് (സെപ്റ്റംബർ 8, വെള്ളി) പ്രാദേശിക സമയം രാത്രി 11 മണിക്കാണ് മൊറോക്കോയെ നടുക്കിയ ഭൂകമ്പമുണ്ടായത്. പിറ്റേന്ന് അലി ആൽമി വിളിച്ചപ്പോൾ ഞങ്ങൾ ടാൻജിയയിലാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് ആശ്വാസമായി.
മൊറോക്കോയുടെ വടക്ക് ആഫ്രിക്കയെയും യൂറോപ്പിനെയും സന്ധിപ്പിക്കുന്ന തന്ത്രപ്രധാനായ തുറമുഖ നഗരമാണ്  ടാൻജിയ (അറബിയിൽ ടാഞ്ച). ഇവിടെ നിന്ന് ജിബ്രാൾട്ടർ കടലിടുക്കിലൂടെ 35 മിനിറ്റ് ബോട്ട് യാത്ര ചെയ്താൽ സ്പെയിനിലെ താരിഫയിൽ എത്താം. 
ഞങ്ങൾ ഉച്ച നേരത്ത് തുറമുഖ പരിസരത്ത് എത്തിയപ്പോൾ ഇരുഭാഗത്തേക്കും പോകാനായി ധരാളം യാത്രക്കാർ എത്തിയിരുന്നു. ഷെൻഗെൻ വിസയുള്ളവർക്കു കുറഞ്ഞ ചെലവവിൽ യൂറോപ്പിലേക്ക് പോകാം.  
മൊറോക്കോയുടെ മറ്റു പ്രദേശങ്ങൾ ഫ്രാൻസിന്റെ അധീനതയിലായിരുന്നെങ്കിൽ ഇത് സ്പെയിനിന്റെ കോളനിയായിരുന്നു. മനോഹരമായ കടൽത്തീരമുള്ള ടാൻജിയ ഒരു  യൂറോപ്യൻ നഗരത്തെ അനുസ്മരിപ്പിക്കും. ലോകപ്രശസ്ത സഞ്ചാരി ഇബ്ൻ ബത്തൂത്ത ഇന്നാട്ടുകാരനാണ്. അദ്ദേഹത്തിന്റ പേരിൽ റെസ്റ്റോറന്റുകൾ വരെയുണ്ട്.
ഇവിടത്തെ പ്രശസ്തമായ കഫെ ഹഫയിൽ നിർബന്ധമായും പോകണമെന്ന് പാരീസിലെ സുഹൃത്ത് പറഞ്ഞതനുസരിച്ച് രാത്രി 8 മണിയോടെ അവിടെ എത്തിയപ്പോൾ നല്ല തിരക്കായിരുന്നു. കുറച്ചു നേരം കാത്തുനിന്ന ശേഷം ഞങ്ങൾ മൂന്നാൾക്കും ഇരിപ്പിടം കിട്ടി. കടലിനു അഭിമുഖമായി കിഴക്കാംതൂക്കായ ഒരു മലഞ്ചെരിവിൽ പല തട്ടുകളിലായി സംവിധാനിച്ച  മനോഹരമായ ഒരിടം. 
1921 ൽ സ്ഥാപിതമായ കഫെ ഒരു മാറ്റവും വരുത്താതെ, മോടികൂട്ടാതെ പഴയ പടി സംരക്ഷിച്ചു നിറുത്തിയിരിക്കുകയാണ്. ഇവിടെ ഇരുന്നാൽ സ്പെയിൻ കാണാം എന്നതാണ് പ്രത്യേകത. കഫെ  ഹഫയുടെ കവാടത്തിൽ നിന്ന് ഫോട്ടോ എടുക്കാൻ നല്ല തിരക്കുണ്ട്. 5 മിനിറ്റോളം കാത്തുനിന്ന ശേഷമാണ് എന്റെ ഊഴം ആയത്. ഞങ്ങൾ  മോറോക്കൻ പുതീന ചായയും മധുര പലഹാരങ്ങളും ഓർഡർ ചെയ്തു. കഫേ ഹഫയിൽ ഇരുന്ന് സ്പെയിനിലെ താരിഫായയിലെ ദീപസ്തംഭത്തിൽ നിന്ന് പ്രകാശിക്കുന്ന മനോഹര കാഴ്ച കണ്ടു.  
മൊറോക്കോയെ നടുക്കിയ ഭൂകമ്പത്തെത്തുടർന്നുണ്ടായ സവിശേഷ സാഹചര്യത്തിൽ ഫെസ്, റബാത്ത്, അഗാദിർ എന്നിവിടങ്ങളിലേക്കുള്ള യാത്ര റദ്ദാക്കി വീണ്ടും കാസബ്ലാങ്കയിൽ എത്തി. എട്ട് ദിവസത്തെ പര്യടനത്തിന് ശേഷം  താൽക്കാലികമായി മൊറോക്കേയോട് വിടചൊല്ലി എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പറന്നു.

Latest News