ജിദ്ദയിലെ ഈ റസ്റ്റോറന്റില്‍ സൗദി രാജകുമാരന്‍ നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പും...

ജിദ്ദ- തന്റെ പുതിയ റെസ്റ്റോറന്റില്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷണം വിളമ്പുകയും പാചകം ചെയ്യുകയും ചെയ്യുന്ന സൗദി രാജകുമാരന്റെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ജിദ്ദയിലെ മകരേം നജ്ദ് റെസ്റ്റോറന്റില്‍ മന്തി, ജരീഷ്, കബ്‌സ, മിതാസീസ്, മാര്‍ഗൂഗ്, ഹാരിസ, അരേക്കാ തുടങ്ങിയ പരമ്പരാഗത സൗദി വിഭവങ്ങള്‍ വിളമ്പാന്‍ നായിഫ് ബിന്‍ മംദൂഹ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഏപ്രണ്‍ ധരിച്ച് സ്റ്റാഫിനൊപ്പം ചേരുകയായിരുന്നു.

ഒരു വീഡിയോ ക്ലിപ്പില്‍, രാജകുമാരന്‍ കരിയില്‍ ചിക്കന്‍ പാകം ചെയ്യുന്നതും  ഉപഭോക്താവിന് മെനു വിശദീകരിക്കുന്നതും കാണാം.

'യുവജനങ്ങള്‍ എന്നോട് പറയുന്നു, 'നിങ്ങള്‍ എന്തിനാണ് ഇത് ധരിക്കുന്നത്, എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?' ഇതാണ് എന്റെ ജോലി,' രാജകുമാരന്‍ പറഞ്ഞു. ''എന്റെ ജോലി എന്റെ ടീമുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജോലി ഒരു ബഹുമതിയാണ്, അത് നാണക്കേടല്ല, ആടുകളെ മേയ്ക്കാത്ത ഒരു പ്രവാചകനുമില്ല - അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഇത് അംഗീകരിച്ചു. 'ഇത്തരം തൊഴിലുകളില്‍ പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്ന നമ്മുടെ ചില യുവാക്കള്‍ക്കും യുവതികള്‍ക്കുമുള്ള സന്ദേശമാണിത്. നായിഫ് ബിന്‍ മംദൂഹ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ആവേശം വര്‍ധിപ്പിക്കുകയും സ്വയം തൊഴില്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു-അബ്ദുള്‍ റഹ്‌മാന്‍ അല്‍-സൊലൈം എന്നയാള്‍ പറഞ്ഞു.

മറ്റൊരു ഉപയോക്താവായ മുഹമ്മദ് അല്‍-ഷെഹ്രി പറഞ്ഞു: 'ഒരു റസ്റ്റോറന്റിന് വ്യക്തിപരമായി മേല്‍നോട്ടം വഹിക്കുകയും സേവിക്കുകയും ചെയ്യുന്ന രാജകുമാരന്റെ മനോഹരവും അതിശയകരവുമായ ദൃശ്യം.'

മുന്‍ തബൂക്ക് ഗവര്‍ണര്‍ മംദൂഹ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ മകനായ നായിഫ് രാജകുമാരന്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണ്.

 

 

Latest News