ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണ്ട; പുനഃപരിശോധനാ ഹരജിയും തള്ളി

ന്യൂദല്‍ഹി- ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധനഹരജിയും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് റിവ്യൂ പെറ്റീഷന്‍ തള്ളിയത്. നേരത്തെ നല്‍കിയ ഉത്തരവില്‍  മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.  ലോയ സ്വാഭാവിക കാരണങ്ങളാലാണു മരിച്ചതെന്ന സുപ്രീം കോടതിയുടെ ഏപ്രില്‍ 19-ലെ വിധിക്കെതിരേയാണ് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ പുനപരിശോധനാ ഹരജി നല്‍കിയിരുന്നത്.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണക്കോടതി ജഡ്ജിയായിരുന്ന ബി.എച്ച്. ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ തള്ളിക്കൊണ്ട്, ജുഡീഷ്യറിയെ താറടിക്കാനാണ് പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ലക്ഷ്യമിട്ടതെന്ന് ബെഞ്ച് വിമര്‍ശനമുന്നയിച്ചിരുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ തുടങ്ങിയവര്‍ പ്രതികളായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നടക്കവേ 2014 ഡിസംബര്‍ ഒന്നിനു നാഗ്പുരിലെ ഗസ്റ്റ് ഹൗസിലാണ് ജഡ്ജി ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത് ഷാ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്നു ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു ജസ്റ്റിസ് ലോയയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം.
ഹൃദയാഘാതമാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും ലോയയുടെ സഹോദരിയും ഫോറന്‍സിക് വിദഗ്ധരും അതിനു വിരുദ്ധമായി വെളിപ്പെടുത്തല്‍ നടത്തിയതോടെയാണു ദുരൂഹത വര്‍ധിച്ചത്.

 

Latest News