അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ ജീവനക്കാര്‍ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചു

പാലക്കാട് - പരസ്പരം വസ്ത്രങ്ങള്‍ മാറി ധരിച്ചതിന് അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ മറ്റുള്ള കുട്ടികള്‍ക്ക് മുന്‍പില്‍ വെച്ച് വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ ഷോളയൂര്‍ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. ഹോസ്റ്റലിലെ ജീവനക്കാരായ കസ്തൂരി, ആതിര, സുജ, കൗസല്യ എന്നിവര്‍ക്കെതിരെയാണ് ഷോളയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഷോളയൂര്‍ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് വിദ്യാര്‍ത്ഥിനികളെയാണ് ജീവനക്കാര്‍ അപമാനിച്ചത്. വിദ്യാര്‍ത്ഥിനികള്‍ പരസ്പരം വസ്ത്രം മാറിയിട്ടതിനാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വെച്ച് ഹോസ്റ്റലിലെ ജീവനക്കാര്‍ നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചത്. രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതെ സമയം ഹോസ്റ്റലില്‍ പകര്‍ച്ച വ്യാധി പടരുന്നത് തടയാനാണ് വസ്ത്രം മാറിയിടുന്നത് തടഞ്ഞതെന്നാണ് ഹോസ്റ്റല്‍ അധികൃതരുടെ  വിശദീകരണം. 

 

Latest News