Sorry, you need to enable JavaScript to visit this website.

ട്രഷറി നിയന്ത്രണം ബാധകമല്ല, 200 കോടി  പൊടിപൊടിച്ച് സര്‍ക്കാര്‍ ആഘോഷം 

തിരുവനന്തപുരം- കേരളപ്പിറവിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനത്തു നടത്തുന്ന 'കേരളീയം' പരിപാടിക്കും ഓരോ നിയമസഭാ മണ്ഡലത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന 'ജനസദസ്സി'നുമായി വേണ്ടി വരുന്ന ചെലവ് 200 കോടിയിലേറെ രൂപ. 5 ലക്ഷം രൂപയില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് ധനവകുപ്പ് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളീയത്തിനും ജനസദസ്സിനും നിയന്ത്രണം ബാധകമല്ല.
പരിപാടികള്‍ക്കു പണം അനുവദിച്ചുള്ള ഉത്തരവ് അടുത്തയാഴ്ച ഇറക്കും. ചെലവു കുറയ്ക്കാനായി കേരളീയം പരിപാടിക്ക് പരമാവധി സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. വകുപ്പുകള്‍ സ്വന്തം ഫണ്ടില്‍ നിന്നു പണമെടുത്തു ചെലവാക്കാനും ആവശ്യപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങള്‍ ഏതാനും വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലുകളെ മാതൃകയാക്കിയാണ് കേരളീയം ഒരുക്കുന്നത്.
5 ദിവസങ്ങളിലായി 25 സംവാദ പരിപാടികളാണ് കേരളീയത്തില്‍ അരങ്ങേറുക. കഴിഞ്ഞ വര്‍ഷത്തെപ്പോലെ പുസ്തകോത്സവം നിയമസഭാ വളപ്പില്‍ തന്നെ നടക്കും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ 140 മണ്ഡലങ്ങളിലായി നടക്കുന്ന 'ജനസദസ്സി'ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അതതു മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി പ്രഭാത ഭക്ഷണം കഴിച്ച ശേഷമാകും മറ്റു പരിപാടികളിലേക്കു കടക്കുക.

Latest News