Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീ പീഡനം: ജലന്ധര്‍ ബിഷപ്പിനെ പലതവണ മഠത്തിലെത്തിച്ചുവെന്ന് ഡ്രൈവറുടെ മൊഴി

കോട്ടയം - കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ ഇതുവരെയുളള അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്്‌റ ബുധനാഴ്ച കോട്ടയത്ത് എത്തും.
ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നിരവധി തവണ കോട്ടയം കുറവിലങ്ങാട് നാടുക്കുന്ന് മഠത്തില്‍ കൊണ്ടുപോയതായി കാര്‍ ഡ്രൈവര്‍ മൊഴി നല്‍കി. ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരന്‍ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ഡ്രൈവര്‍ ഗൂഡല്ലൂര്‍ സ്വദേശിയായ നാസറാണ് മൊഴി നല്‍കിയത്. കേസില്‍ ബിഷപ്പിന്റെ സഹോദരനെയും പോലിസ് ചോദ്യം ചെയ്തു. 2014 മെയ് അഞ്ചിനാണ് ബിഷപ്പിനെ ആദ്യം മഠത്തില്‍ കൊണ്ടുപോയത്. പല പ്രാവശ്യം ബിഷപ്പുമൊത്ത് ഇവിടെ എത്തിയപ്പോള്‍ മഠത്തില്‍ താമസിച്ചിട്ടുമുണ്ട്. 2006 മുതല്‍ ബിഷപ്പിന്റെ സഹോദരന്റെ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.
കുറവിലങ്ങാട്ടെ മഠത്തില്‍വച്ച് 15 തവണ ബിഷപ്പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കന്യാസ്ത്രീ പോലിസിന് നല്‍കിയ പരാതിയിലും രഹസ്യമൊഴിയിലും വ്യക്തമാക്കിയിരുന്നത്. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശന രജിസ്റ്ററില്‍നിന്ന് വ്യക്തമായിരുന്നു. ബിഷപ്പ് മഠത്തിലെത്തിയതിന് കൂടുതല്‍ സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടിയാണ് ഡ്രൈവറുടെ മൊഴി പോലിസ് രേഖപ്പെടുത്തിയത്. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നതിനായി വെള്ളിയാഴ്ച ജലന്ധറിലേക്ക് പോകാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയ ബന്ധുവായ സ്ത്രീയുടെയും ഭര്‍ത്താവിന്റെയും മൊഴിയും പോലിസ് രേഖപ്പെടുത്തും. അനുമതി ലഭിച്ചാല്‍ വത്തിക്കാന്‍ പ്രതിനിധിയുടെയും മൊഴി രേഖപ്പെടുക്കും. പീഡനത്തെക്കുറിച്ച് വത്തിക്കാന്‍ പ്രതിനിധിക്ക് ഇ- മെയില്‍ വഴി പരാതി നല്‍കിയതായി കന്യാസ്ത്രീ മൊഴി നല്‍കിയ സാഹചര്യത്തിലാണിത്.
കന്യാസ്ത്രീകളെ സ്വാധീനിച്ച് ഒത്തുതീര്‍പ്പാക്കാന്‍  ശ്രമിച്ച സംഭവത്തില്‍ വൈദികനായ ജെയിംസ് ഏര്‍ത്തയിലിനെ ഉടന്‍ അറസ്റ്റു ചെയ്യും. രാഷ്ട്രദീപികയുടെ ഡയറക്ടര്‍കൂടിയാണ് ജെയിംസ് എര്‍ത്തയില്‍. എര്‍ത്തയില്‍ കന്യാസ്ത്രീകളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയപരിശോധനയ്ക്കു ശേഷമാവും അറസ്റ്റ്. പാരിതോഷികം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, മരണഭയമുളവാക്കുന്ന തരത്തില്‍ ഭീഷണിപ്പെടുത്തല്‍, ഫോണ്‍വഴിയുള്ള ഭീഷണി എന്നീ  വകുപ്പുകളാണ് ജെയിംസ് ഏര്‍ത്തയിലിനെതിരേ പ്രധാനമായും ചുമത്തിയിരിക്കുന്നത്. അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്തതോടെ വൈദികന്‍ മുങ്ങിയിരിക്കുകയാണെന്നാണ് പോലിസ് പറയുന്നത്.
കേസൊതുക്കാന്‍ ശ്രമിച്ചത് പുറത്തു വന്നതിനെ തുടര്‍ന്ന് ശിക്ഷാ നടപടിയെന്ന നിലയിലാണ് സിഎംഐ സഭാനേതൃത്വം ഫാ. ഏര്‍ത്തലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വൈദികനെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക കേസായി പരിഗണിക്കുന്നതിനാല്‍ കുറവിലങ്ങാട് പോലിസാണ് കേസന്വേഷിക്കുന്നത്.  പാലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു കുറവിലങ്ങാട് പോലിസ് വൈദികനായ ജെയിംസ് ഏര്‍ത്തയിലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദികന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സുഹൃത്ത് സിസ്റ്റര്‍ അനുപമയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങാട് മഠത്തിലെത്തിയാണ് മൊഴിയെടുത്തത്.  ബിഷപ്പ് ഫോണിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്. എര്‍ത്തയിലിന്റെ ഫോണ്‍ സംഭാഷണവും പോലിസിന് കൈമാറിയിട്ടുണ്ട്.

 

 

Latest News