മോഷണക്കേസ് പ്രതികളായ രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍

കൊച്ചി- നിരവധി മോഷണ കേസുകളില്‍ പ്രതികളായ രണ്ട് തമിഴ്‌നാട് സ്വദേശിനികളെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടി. തമിഴ്‌നാട് തിരുപ്പൂര്‍ തെന്നപാളയം മാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ് ആന്‍സിയ (43), തെന്നപാളയം തിരുപ്പൂര്‍ സരിത (45) എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍ പോലീസ് പിടികൂടിയത്. 

പോലീസ് പട്രോളിംഗിനിടെയാണ് ഇവര്‍ പിടിയിലായത്. പറവൂര്‍ മുന്‍സിപ്പാലിറ്റി ജംഗ്ഷനു സമീപമുള്ള ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂള്‍ പരിസരത്ത് നിന്നാണ് സംശായസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി. 

ഓരോ സ്ഥലത്തും വ്യത്യസ്ത പേരുകളിലാണ് ഇവര്‍ അറിപ്പെടുന്നത്. ആസ്‌നിയക്ക് രാസാത്തി, ശാലിനി, ഇന്ദിര എന്നിങ്ങനേയും സരിതയ്ക്ക് മുരുകമ്മ, കവിത, നിര്‍മ്മല എന്നിങ്ങനെയും പേരുകളുണ്ട്. പിടികൂടുമ്പോള്‍ വ്യത്യസ്തങ്ങളായ പേരുകളാണ് ഇവര്‍ പറയുന്നത്. 

ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്. ഐമാരായ പ്രശാന്ത് പി. നായര്‍, ടി. എസ് സനീഷ്, എസ്. സി. പി. ഒമാരായ കെ. എ ജസീന, എന്‍. വി രാജേഷ്, എം. എസ്. മധു, സിന്റോ ജോയി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest News