Sorry, you need to enable JavaScript to visit this website.

കെ.ജി. ജോർജിനെ  ഓർക്കാൻ പഞ്ചവടിപ്പാലം മാത്രം മതി

1984 ൽ  പുറത്തിറങ്ങിയ പഞ്ചവടിപ്പാലം  ഹാസ്യ സാഹിത്യകാരൻ  വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കിയാണ്  നിർവഹിച്ചത്.  മുഖ്യ കഥാപാത്രമായ  ദുശ്ശാസനക്കുറുപ്പിനെ അവതരിപ്പിച്ചത് ഭരത് ഗോപി.   പാലം നിർമാണവുമായി ബന്ധപ്പെട്ട് സിനിമയിൽ നടക്കുന്ന ചർച്ച കേൾക്കുമ്പോൾ അത് ഏത് കാലത്തിനും ചേരുന്നതായി മാറുന്നു.


  
സിനിമ രംഗത്തെ പഴയ രീതികളെയെല്ലാം മാറ്റിയെഴുതിയ   പ്രതിഭയായിരുന്നു ഇന്നലെ അന്തരിച്ച കെ.ജി. ജോർജ്.   അതുവരെ സഞ്ചരിച്ച വഴികളിൽ നിന്നെല്ലാം മലയാള സിനിമയെ അദ്ദേഹം തിരിച്ചു നടത്തി -മഹാ പ്രതിഭകൾക്ക് മാത്രം കഴിയുന്ന കാര്യമാണിതൊക്കെ.   സമൂഹത്തിലെ കാപട്യങ്ങളെയും  അഴിമതിയെയും തന്റെ  സർഗ പ്രവർത്തനത്തിലൂടെ  അദ്ദേഹം ചോദ്യം ചെയ്തുകൊണ്ടേയിരുന്നു.
1984 ൽ  പുറത്തിറങ്ങിയ പഞ്ചവടിപ്പാലം  ഹാസ്യ സാഹിത്യകാരൻ  വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കിയാണ്  നിർവഹിച്ചത്.  മുഖ്യ കഥാപാത്രമായ  ദുശ്ശാസനക്കുറുപ്പിനെ അവതരിപ്പിച്ചത് ഭരത് ഗോപി.   പാലം നിർമാണവുമായി ബന്ധപ്പെട്ട് സിനിമയിൽ നടക്കുന്ന ചർച്ച കേൾക്കുമ്പോൾ അത് ഏത് കാലത്തിനും ചേരുന്നതായി മാറുന്നു.  പുതിയ പാലത്തിന് തന്റെ  പേരിടണമെന്ന് ശഠിക്കുന്ന രാഷ്ട്രീയക്കാരനായ ദുശ്ശാസനക്കുറുപ്പിനെ (ഭരത് ഗോപി) ഇന്നും മിക്ക ഗ്രാമപഞ്ചായത്തുകളിലും ജീവനോടെ കാണാനാകും.  പ്രസിഡന്റ് ശിഖണ്ഡി പിള്ള (നെടുമുടി വേണു) എന്ന തന്റെ വലംകൈയും വക്രബുദ്ധിയുമായ കഥാപാത്രത്തിന്റെ  ഉപദേശപ്രകാരം അദ്ദേഹം തന്റെ മറ്റു അംഗങ്ങളുമായി ചേർന്ന് പാലം പൊളിക്കാൻ ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവ് ഇശക് തരകൻ (തിലകൻ) ഇത് അട്ടിമറിക്കാനും ഗ്രാമ പ്രസിഡന്റ് സ്ഥാനം പിടിക്കാനുമുള്ള നീക്കങ്ങൾ മറ്റൊരു ഭാഗത്ത്  നടത്തുന്നുണ്ട്.  ഒത്തുതീർപ്പിന്റെ നടപടിയെന്ന നിലയിൽ, പാലം ദൂരെയുള്ള സ്ഥലത്തേക്ക് മാറ്റാൻ ഇരുകൂട്ടരും സമ്മതിക്കുന്നു, അതിനാൽ പുതിയ പാലം മാത്രമല്ല, പാലത്തിലെത്താൻ പുതിയ റോഡും ആവശ്യമായി വരുന്നു. 

രണ്ട് ടെൻഡറുകൾ, ഒന്ന് പാലത്തിനും ഒന്ന് റോഡിനും രണ്ട് പ്രാദേശിക കരാറുകാർക്ക് നൽകി. ഒന്ന് ഭരണകക്ഷിയുടേതും മറ്റൊന്ന് പ്രതിപക്ഷ പിന്തുണയുള്ളതുമാണ്. ആത്യന്തികമായി, ദുശ്ശാസനക്കുറുപ്പിന്റെ മകളുടെയും പാലം കരാറുകാരന്റെയും വിവാഹം നടന്ന അതേ ദിവസം തന്നെ പാലം നിർമിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയാണ്. വിവാഹച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സഹമന്ത്രി ഉൾപ്പെടെ നിരവധി പേർ ആഘോഷ പൂർവം എത്തിച്ചേരുന്നുണ്ട്. വിവാഹത്തിന് വന്ന മുഴുവൻ ആളുകളും  പാലത്തിലൂടെ നടക്കുന്നു. പാലത്തിൽ നിന്ന് വീണ  അവശനായ കാത്തവരയൻ (ശ്രീനിവാസൻ) കൊല്ലപ്പെടുന്ന രംഗം സിനിമ കണ്ടവരാരും മറക്കില്ല. കാത്തവരയൻ സഞ്ചരിക്കുന്ന ചക്രവണ്ടി ഒഴുകി നടക്കുകയാണ്.  തകർന്ന പാലം പശ്ചാത്തലത്തിൽ കാണിച്ചാണ് ചിത്രം അവസാനിപ്പിച്ചത്. ഇന്നും പൊളിയുന്ന മരാമത്ത് പണികൾക്കെല്ലാം മാധ്യമങ്ങൾ നൽകുന്ന ടൈറ്റിൽ പഞ്ചവടിപ്പാലം എന്നായത് കാലത്തിന് മുന്നിൽ നടന്ന ജോർജിനെ ഓർമയിൽ നിർത്തുന്നു.
  ജോർജിന്റെ  ആദാമിന്റെ വാരിയെല്ലായിരുന്നു മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ സിനിമ. 1984 ൽ പുറത്തിറങ്ങിയ  ഈ സിസിമയുടെ കഥ കെ.ജി. ജോർജ് തന്നെ. അദ്ദേഹവും  കള്ളിക്കാട് രാമചന്ദ്രനും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി സിനിമയെ ഹിറ്റാക്കി. 
സ്ത്രീത്വത്തിന്റെ ഉള്ളറിഞ്ഞ എഴുത്തും നിരീക്ഷണങ്ങളും സ്ത്രീപക്ഷ എഴുത്തുകാരെ പോലും വിസ്മയിപ്പിച്ചു. സ്ത്രീയുടെ  ജീവിതാവസ്ഥകളെ ഇതുപോലെ അഭ്രപാളികളിലെത്തിക്കാൻ വനിത സംവിധായകർക്കു പോലും കഴിഞ്ഞിട്ടില്ല. 
ആലീസ്, വാസന്തി, അമ്മിണി  എന്നീ സ്ത്രീകളിലുടെ  ജോർജ് കാണിച്ച   കഥാപാത്രങ്ങളെ നോക്കി  പുതുതലമുറ സംവിധായകർ വിസ്മയിച്ചു നിൽക്കുന്നു.    ത്രില്ലറിന്  മലയാളത്തിലെ എല്ലാ കാലത്തെയും ഉദാഹരണമായി  യവനിക അടയാളപ്പെട്ടു കിടക്കുകയാണ്.  സിനിമ ഇറങ്ങിയ കൊല്ലത്തെ (1982) മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത്, ചിത്രം, മികച്ച രണ്ടാമത്തെ നടൻ തുടങ്ങിയ സംസ്ഥാന അവാർഡുകൾക്ക് പുറമെ ഫിലിം ക്രിട്ടിക്സിന്റേതടക്കം ഒട്ടനവധി പുരസ്‌കാരങ്ങളും യവനികയെ തേടിയെത്തിയിട്ടുണ്ട്. 
മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച  അന്വേഷണാത്മക ത്രില്ലറുകളിൽ ഒന്നായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്. 
 മണ്ണ്, ഉൾക്കടൽ, മേള, കോലങ്ങൾ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഇരകൾ എന്നിങ്ങനെ മുൻനിരയിൽ മാത്രം നിർത്താവുന്ന സിനിമകളാണ് അദ്ദേഹം ചെയ്തത്.

1945 ൽ തിരുവല്ലയിൽ ജനിച്ച കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ.ജി. ജോർജ് ബിരുദ പഠനത്തിന് ശേഷം 1971 ൽ പുനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും സിനിമ സംവിധാനത്തിൽ ഡിപ്ലോമ നേടിയാണ് സിനിമ രംഗത്ത് സജീവമായത്. രാമു കാര്യാട്ടിന്റെ മായ എന്ന സിനിമയിൽ സഹായിയായായിരുന്നു  സിനിമയിലെ തുടക്കം.

1976 ൽ പുറത്തിറങ്ങിയ സ്വപ്നാടനം ആണ് ജോർജ് സംവിധാനം ചെയ്ത ആദ്യ സിനിമ. ഈ സിനിമക്ക് ദേശീയ പുരസ്‌കാരം, മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിവക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 1998 ൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഇലവങ്കോട് ദേശം ആണ് ജോർജിന്റെ അവസാന ചിത്രം. അത് വിജയിക്കാതെ പോയി. അതിന് ശേഷം അദ്ദേഹം സിനിമ ചെയ്തിട്ടില്ല.  നിർബന്ധാവസ്ഥയിൽ ചെയ്തു പോയി എന്നദ്ദേഹം പിന്നീട് നിഷ്‌കളങ്കമായി  ആ സിനിമയെപ്പറ്റി പറഞ്ഞിട്ടുണ്ട്.  നാൽപത് വർഷത്തിനിടെ 19 സിനിമകൾ  മാത്രം സംവിധാനം മാത്രം ചെയ്തു. എന്നാൽ ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റോ അതിനപ്പുറമോ ആയി.
ഒടുവിൽ പ്രായാധിക്യം മൂലം ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ചാണ് മരിച്ചത്. 2006 ൽ ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ.്എഫ്.ഡി.സി) അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് 2016 ൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം നൽകി കെ.ജി. ജോർജിനെ ആദരിച്ചിരുന്നു. 
  ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രുവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ) എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ. 

Latest News