റീട്ടെയിൽ വ്യവസായ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന ലുലു, മധ്യ യൂറോപ്യൻ ദേശത്ത് കൂടി സാന്നിധ്യം ശക്തമാക്കി. വടക്കൻ ഇറ്റലിക്ക് പുറമെ പോളണ്ടിലും പുതിയ പദ്ധതികൾക്ക് ധാരണയായി. പോളണ്ടിന്റെ കാർഷിക മേഖലക്ക് കൂടി കൈത്താങ്ങാകുന്ന പദ്ധതികൾക്കാണ് ലുലു തുടക്കമിട്ടിരിക്കുന്നത്. വികസന നയങ്ങളുടെ ഭാഗമായി രണ്ട് നിർണായക കരാറുകളിൽ പോളണ്ട് സർക്കാരുമായി ലുലു ഗ്രൂപ്പ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.
രണ്ടായിരത്തിലധികം തടാകങ്ങളുള്ളതും പോളണ്ടിന്റെ വടക്കൻ പ്രദേശമായ മസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റിലേക്ക് മിഴിതുറക്കുന്നതുമായ ഓൾസ്‌റ്റൈൻ മസൂറി എയർപോർട്ടിലാണ് ലുലു ഗ്രൂപ്പിന്റെ മധ്യ യൂറോപ്യൻ മേഖലയിലെ പുതിയ പദ്ധതി. ലോവർ വിസ്റ്റുല മുതൽ പോളണ്ട്-റഷ്യ അതിർത്തി വരെ വ്യാപിച്ചു കിടക്കുന്ന അതിമനോഹരമായ ലേക്ക് ഡിസ്‌ക്രട്രിക്ടിൽ നിന്നുള്ള നവീനമായ പഴങ്ങൾ, പച്ചക്കറികൾ, മറ്റു ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ ശേഖരിച്ച് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രമാണ് ഇവിടെ തുറക്കുക. മധ്യ യൂറോപ്യൻ മേഖലയിലെ ഏറ്റവും സ്വാദിഷ്ടമായ ബെറി, ആപ്പിൾ, ചീസ് മുതൽ പച്ചക്കറി, ഇറച്ചി ഉൽപന്നങ്ങൾ വരെ ഈ ഭക്ഷ്യ സംസ്‌കാരണ കയറ്റുമതി കേന്ദ്രത്തിലൂടെ ഇന്ത്യ, മിഡിൽ ഈസ്റ്റ് അടക്കമുള്ള മേഖലയിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മിതമായ നിരക്കിൽ മധ്യ യൂറോപ്യൻ വിഭവങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താകൾക്ക് ലഭിക്കുന്നത്. പോളണ്ടിലെ കർഷകർക്കും സഹകരണ സംഘങ്ങൾക്കും സഹായകമാകുന്നത് കൂടിയാണ് പദ്ധതി.
പോളണ്ടിലെ വിവിധയിടങ്ങളിൽ നിക്ഷേപ പദ്ധതികൾ വിപുലമാക്കുന്നതിന് വഴിതുറക്കുന്ന ധാരണാപത്രത്തിൽ പോളിഷ് ഇൻവെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജൻസിയും ലുലു ഗ്രൂപ്പും ഒപ്പുവെച്ചു. പോളണ്ടിൽ ലുലു ഗ്രൂപ്പിന്റെ നിക്ഷേപ സാധ്യതകൾ സുഗമമാക്കുന്നതിനും പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനുമായാണ് ധാരണ. ലുലുവിന്റെ കൂടുതൽ നിക്ഷേപ സാധ്യതകൾ പോളണ്ടിൽ ആരംഭിക്കുന്നതിന് കൂടിയാണ് വഴി തുറന്നിരിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഫ്ലാഗ് ഓഫ്, ഓൾസ്റ്റിൻ മസൂറി എയർപോർട്ട് മാനേജ്മെന്റ് ബോർഡ് പ്രസിഡന്റ് വിക്ടർ വോജ്സിക്കിന്റെ സാന്നിധ്യത്തിൽ വാർമിൻസ്‌കോ-മസുർസ്‌കി റീജിയൻ ഗവർണർ ഗുസ്റ്റോ മാരേക് ബ്രെസിൻ, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം.എ എന്നിവർ ചേർന്ന് നിർവഹിച്ചു. പോളണ്ടിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ ഹർബി, യു.എ.ഇയിലെ പോളണ്ട് അംബാസഡർ ജാക്കൂബ് സ്ലാവെക്, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, പോളിഷ് ഇൻവെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി. ഉൽപന്നങ്ങൾ നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായി പോളണ്ടിലെ കാർഷിക സഹകരണ സംഘങ്ങളുമായി ലുലു ഗ്രൂപ്പ് കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
കർഷകർക്ക് മികച്ച വില ഉറപ്പാക്കി കാർഷിക മേഖലയിൽ നിന്ന് നേരിട്ട് സംഭരിച്ച് ലോകത്തെ വിവിധയിടങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മധ്യ യൂറോപ്യൻ മേഖലയിലെ ഭക്ഷ്യ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുകയാണ് പോളണ്ടിലെ പദ്ധതിയിലൂടെ ലുലു. ആദ്യഘട്ടമായി 50 മില്യൺ യൂറോയുടെ കയറ്റുമതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. തുടർന്നുള്ള കാലയളവിൽ കയറ്റുമതിയുടെ തോത് വർധിപ്പിച്ച് വലിയ കയറ്റുമതി സാധ്യത കൂടിയാണ് തുറക്കുന്നത്. പ്രദേശികമായി നിരവധി പേർക്ക് പുതിയ തൊഴിലവസരം ഒരുങ്ങും.
'ഭക്ഷ്യസുരക്ഷ പ്രോത്സാഹനത്തിനുള്ള ലുലുവിന്റെ ചുവടുവെപ്പിന്റെ ഭാഗമായാണ് യൂറോപ്പിലെ പദ്ധതികൾ. അന്താരാഷ്ട്ര തലത്തിൽ സ്ഥിരതയുള്ള ഭക്ഷ്യ ഉൽപന്ന വിതരണ ശൃംഖലയാണ് ലുലുവിന്റെ ലക്ഷ്യം. ഇതിന്റെ തുടർച്ചയായാണ് യൂറോപ്പിലും ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രങ്ങൾ തുറക്കുന്നത്. പോളിഷ് ഉൽപന്നങ്ങൾ മിതമായ നിരക്കിൽ നേരിട്ട് വിവിധയിടങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എത്തിക്കാനാകും. പോളണ്ടിലെ കാർഷിക മേഖലക്ക് കൂടി കൈത്താങ്ങാകുന്നതാണ് പദ്ധതിയെന്നത് ഏറെ സന്തോഷം നൽകുന്നു' വാർസോയിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. പോളണ്ടിലെ ലുലുവിന്റെ നിക്ഷേപ പദ്ധതികളെ പ്രശംസിച്ച പോളണ്ട് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സിഡ്‌സിസ്ലോ സോകാൽ, പ്രാദേശിക വികസനത്തിന് കൂടി വഴിവെക്കുന്ന ഇത്തരം പദ്ധതികൾ നാടിന്റെ കൂടി ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
ലുലു ഗ്രൂപ്പിന്റെ പദ്ധതികൾക്ക് പൂർണ പിന്തുണ സർക്കാർ നൽകുമെന്ന് പോളണ്ട് കാർഷിക ഗ്രാമീണ വികസന മന്ത്രി റോബേർട്ട് ടെല്ലസ് വ്യക്തമാക്കി. ഡിജിറ്റൽകാര്യ മന്ത്രി ജാനുസ് സിസിൻസ്‌കി, വികസന മന്ത്രി വാൾഡെമർ ബുദ എന്നിവരുമായും ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിക്കാഴ്ച നടത്തി.