Sorry, you need to enable JavaScript to visit this website.

ഇറക്കുമതിയിൽ നട്ടെല്ലൊടിഞ്ഞ് നാടൻ കർഷകർ

ഭക്ഷ്യയെണ്ണ ഇറക്കുമതി ഡ്യൂട്ടിയിൽ മാത്രം വാണിജ്യ മന്ത്രാലയത്തിന്റെ കണ്ണ്. ഇറക്കുമതി ഇരട്ടിക്കുമെന്നതിനാൽ നാളികേര മേഖല ആശങ്കയിൽ. കുരുമുളകു വ്യവസായ ലോബിയുടെ താൽപര്യത്തിന് മുൻതൂക്കം, ഇറക്കുമതി മൂലം കുരുമുളകിന് 2600 രൂപ ഇടിഞ്ഞു. ടയർ കമ്പനികളും വിദേശ റബറിന്റെ മാധുര്യം നുകരുന്നു. 
ഇന്ത്യൻ മാർക്കറ്റ് കൈപ്പിടിയിൽ ഒതുക്കാൻ പാം ഓയിൽ കയറ്റുമതി രാജ്യങ്ങൾ നീക്കം തുടങ്ങി. മലേഷ്യയും ഇന്തോനേഷ്യയും നടത്തുന്ന നീക്കം ഫലത്തിൽ തിരിച്ചടിയാവുക കേരളത്തിലെ നാളികേര കർഷകർക്കാവും. മലേഷ്യ പാം ഓയിൽ വില ടണ്ണിന് 802 ഡോളറിൽ നിന്നും പെടുന്നനെ 779 ഡോളറാക്കി. 
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വിജയദശമി, ദീപാവലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നതിനാൽ മുന്നിലുള്ള ആഴ്ചകളിൽ കനത്ത തോതിൽ വിദേശ എണ്ണ ഇറക്കുമതി നടക്കും. വാരാന്ത്യം രൂപയുടെ മൂല്യം 83.23 ൽനിന്നു 82.94 ലേക്ക് മെച്ചപ്പെട്ടതും ഇറക്കുമതിക്കാർക്ക് നേട്ടമാകും.  
ഭക്ഷ്യയെണ്ണ ഇറക്കുമതി ഡ്യൂട്ടിയിലാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണ്ണ്. ആഭ്യന്തര വിപണിയിൽ പാം ഓയിൽ വില 8400 രൂപയിൽ നിന്നു 8000 ലേക്ക് ഇടിയുമെന്ന ഭീതിയിലാണ് വ്യാപാരികൾ. കൊച്ചിയിൽ കൊപ്ര 8000 ലെ താങ്ങ് നഷ്ടപ്പെട്ട് 7900 രൂപയായി. വെളിച്ചെണ്ണ വിൽപനയിലെ മാന്ദ്യം മൂലം തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചതും കാർഷിക മേഖലക്ക് തിരിച്ചടിയാവും. വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞ് 12,200 രൂപയായി.
വിദേശ കുരുമുളകിന് ഇറക്കുമതിക്ക് വാണിജ്യ മന്ത്രാലയം പച്ചക്കൊടി കാണിക്കുന്നത് അവസരമാക്കി ഇറക്കുമതി ലോബി. ആഭ്യന്തര കർഷകർക്ക് വിദേശ ചരക്ക് കനത്ത പ്രഹരമെന്ന് വ്യക്തമായി അറിയാമെങ്കിലും വ്യവസായികളെ തൃപ്തിപ്പെടുത്താൻ കേന്ദ്രം ഉത്സാഹിക്കുന്നു. 
വിയറ്റ്‌നാം കുരുമുളക് കൊച്ചിയിൽ വിൽപനക്ക് എത്തിയതോടെ പിന്നിട്ട വാരം ക്വിന്റലിന് 2400 രൂപ ഇടിഞ്ഞു. വില തകർച്ച കർഷക കുടംബങ്ങളെ പരിഭ്രാന്തരാക്കി, എന്നാൽ സ്‌റ്റോക്കുള്ള ചരക്കിൽ പിടിമുറുക്കിയത് വില ഇടിവിനെ ചെറിയ തോതിൽ തടയാൻ ഉപകരിച്ചു. ഇറക്കുമതി നടത്തിയ 3500 ടൺ കുരുമുളകിൽ ചെറിയ ഒരു അളവ് മാത്രമേ കേരളത്തിൽ എത്തിയുള്ളൂ.
വിപണി വിലയിലും താഴ്ത്തി മുളക് വാഗ്ദാനം ചെയ്തിട്ടും കെട്ടിക്കിടക്കുന്നതായി വിവരം. കേരളത്തിലെയും കൂർഗിലെ ചരക്കിനും ആഭ്യന്തര ഡിമാന്റ് നിലവിലുണ്ട്. ചരക്കുക്ഷാമം വിലക്കയറ്റം സൃഷ്ടിക്കുന്നതിന് തുരങ്കം വെക്കുകയെന്ന ലക്ഷ്യവും വിദേശ ചരക്ക് എത്തിച്ചതിന് പിന്നിൽ. വാരാന്ത്യം കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 60,800 രൂപ. 
വിദേശ റബറിന്റെ കടന്നാക്രമണത്തിന് മുന്നിൽ നമ്മുടെ കർഷകർ മുട്ടുമടക്കുന്നു. അഞ്ച് ലക്ഷം ടൺ റബറാണ് കഴിഞ്ഞ സാമ്പത്തിക വർഷം ടയർ കമ്പനികൾ ഇറക്കുമതി നടത്തി. ശ്രീലങ്ക, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് കൂട്ടുപിടിച്ചത്. ഉയർന്ന ഡ്യൂട്ടി നിൽകി ചരക്ക് ഇറക്കുമതി നടത്തുമ്പോൾ ആഭ്യന്തര വിലയിലും ഉയരുമെന്നത് നഷ്ടക്കച്ചവടമാണെങ്കിലും അതൊന്നും കണക്കിലെടുത്തില്ല ടയർ കമ്പനികൾ. 
വിദേശ റബർ വരവ് കർഷകരെ സാമ്പത്തിക പ്രതിസന്ധിലാക്കി. കനത്ത മഴ മൂലം റബർ ടാപ്പിംഗ് പല ഭാഗങ്ങളിലും തടസ്സപ്പെട്ടു. നാലാം ഗ്രേഡ് റബർ വില ടയർ വ്യവസായികൾ 14,400 രൂപ വരെ ഇടിച്ച ശേഷം വാരാന്ത്യം 14,500 ന് ശേഖരിച്ചു. 
ലേലത്തിൽ ഏലക്ക വരവ് പൊടുന്നനെ കുറഞ്ഞു. വാരാവസാനം ലേലത്തിൽ 18,482 കിലോ ചരക്ക് മാത്രമാണ് എത്തിയത്, ഇതിൽ 15,974 കിലോ ഏലക്കയും വിറ്റഴിഞ്ഞു. വാങ്ങൽ താൽപര്യത്തിൽ ശരാശരി ഇനങ്ങൾ കിലോ 1661 രൂപയിലും മികച്ചയിനങ്ങൾ 2102 രൂപയിൽ കൈമാറ്റം നടന്നു. മഴ വീണ്ടും സജീവമായ സാഹചര്യത്തിൽ അടുത്തു മാസം വിളവ് ഉയരുമെന്ന നിഗമനത്തിലാണ് വാങ്ങലുകാർ. 
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1924 ഡോളറിൽനിന്നു നേരിയ ചാഞ്ചാട്ടങ്ങൾ കാഴ്ച വെച്ച ശേഷം വാരാന്ത്യം പഴയ നിലവാരമായ 1924 ലാണ്. 
ഡോളറിന്റെ നീക്കങ്ങൾ കണക്കിലെടുത്താൽ സ്വർണ വിലയിൽ 200 ഡോളറിന്റെ തിരുത്തൽ അടുത്ത വർഷം രണ്ടാം പകുതിക്ക് മുന്നേ സംഭവിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. 

Latest News