Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വനിതാ കമ്മിഷന് നേരും നെറിയും വേണം; കെ.എം ഷാജിക്കെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ചെന്നിത്തല  

വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെണ്മക്കളെ വരെ വേട്ടയാടിയ നിരവധി വിഷയങ്ങളിൽ കമ്മിഷൻ നോക്കുകുത്തിയായിരുന്നു. കമ്മിഷൻ രാഷ്ട്രീയമായി അധ:പതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണം. ഇത്തരം വേട്ടയാടലുകൾ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സി.പി.എം ഓർത്താൽ അവർക്ക് നല്ലതാണെന്നും ചെന്നിത്തല.

തിരുവനന്തപുരം - ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ കേസെടുത്ത കേരള വനിതാ കമ്മിഷൻ നടപടിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഷാജിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ പകപോക്കലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 ആരോഗ്യ മന്ത്രിക്കെതിരെ ഉയർന്നത് രാഷ്ട്രീയവിമർശം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകൾക്ക് എതിരുമാകുമെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനു കേസെടുത്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. 
 മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്നു പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുക. ശാരീരികപീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന വനിതാ കമ്മിഷൻ ഷാജിക്കെതിരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെണ്മക്കളെ വരെ വേട്ടയാടിയ നിരവധി വിഷയങ്ങളിൽ കമ്മിഷൻ നോക്കുകുത്തിയായിരുന്നു. കമ്മിഷൻ രാഷ്ട്രീയമായി അധ:പതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണം. ഇത്തരം വേട്ടയാടലുകൾ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സി.പി.എം ഓർത്താൽ അവർക്ക് നല്ലതാണെന്നും ചെന്നിത്തല ഓർമിപ്പിച്ചു.
 എന്നാൽ, ഷാജിയുടെ പ്രസംഗത്തിലെ പരാമർശം പാർട്ടി നിലപാടല്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം. ഇത് ചോദ്യംചെയ്ത് പാർട്ടിക്കകത്ത് രൂക്ഷ വിമർശം തുടരവെയാണ് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തല ഷാജിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നത്. ഷാജിയുടെ പ്രസംഗത്തെ ന്യായീകരിച്ചും കേസെടുത്തതിനെ ശക്തമായി വിമർശിച്ചും മുതിർന്ന മുസ്‌ലിം ലീഗ് നേതാക്കളായ കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, പി.കെ അബ്ദുറബ്ബ് തുടങ്ങിയവരും രംഗത്തുവരികയുണ്ടായി. എന്നാൽ, ലീഗിന്റെ വിദ്യാർത്ഥി-യുവജന നേതാക്കളോ മറ്റോ ഇതുവരെയും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പാർട്ടി ജനറൽസെക്രട്ടറി ഷാജിയുടെ പ്രസംഗം തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ അതിന് എതിരേ പറയുന്നത് വാർത്തയാവുമെന്ന് ഭയന്നോ അതല്ല, ജനറൽസെക്രട്ടറിയുടെ അതേ നിലപാടു തന്നെയാണോ ഇവർക്കെന്നതിലും വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിക്കണമെന്ന ആവശ്യം പാർട്ടി അണികളിൽ ശക്തമാണ്.

Latest News