കൊച്ചി- ചാരായം വാറ്റിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി പി ഒ ജോയി ആന്റണിയെയാണ് സസ്പെന്‍ഡ് ചെയ്തത്. വീട്ടില്‍നിന്ന് ചാരായം പിടികൂടിയതിന് പിന്നാലെ ജോയി ആന്റണി ഒളിവില്‍ പോയി. പറവൂര്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്ന് വാറ്റ് പിടികൂടിയത്.
എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജോയി ആന്റണിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ചാരായവും വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ജോയി ആന്റണി ചാരായം വാറ്റുന്നുവെന്ന വിവരം നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ കുറച്ചുദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് പറവൂരില്‍നിന്നുള്ള എക്സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്. ഈ സമയം ജോയി വീട്ടില്‍ ഇല്ലായിരുന്നു.
ചാരായം പിടിച്ചെടുത്ത വിവരം എക്സൈസ് ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജോയി ആന്റണിയെ സസ്പെന്‍ഡ് ചെയ്തത്.






