തിരുവനന്തപുരം- കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വി. മുരളീധരന്റെ നേതൃത്വത്തില്‍ തരംതാഴ്ന്ന രാഷ്ട്രീയക്കളി നടന്നുവെന്ന് കെ.മുരളീധരന്‍ എം.പി. കൊടിപിടിച്ച് ട്രെയിനിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ കയറുകയും നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിനായി ട്രെയിന്‍ വൈകിപ്പിച്ചെന്നും മുരളീധരന്‍ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരുന്നുവെന്നും അവര്‍ എന്തെങ്കിലും തരത്തിലുള്ള ആക്ഷന്‍ എടുത്താല്‍ വി.മുരളീധരന്‍ ഇടപെടല്‍ നടത്തിയിരുന്നെന്നും എംപി പറഞ്ഞു.
'സഹമന്ത്രിമാരുടെ ദല്‍ഹിയിലെ റോള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവിടെ വന്നിട്ട് ഇല്ലാത്ത പത്രാസ് കാണിക്കരുത്. പ്രധാനമന്ത്രി വരുമ്പോള്‍ പിന്നാലെ വരുന്നതാണ് ഇവരുടെ ജോലി. കൂടുതല്‍ പറയുന്നില്ല- കെ.മുരളീധരന്‍ പറഞ്ഞു.
വികസനം ആര് കൊണ്ടുവന്നു എന്നത് ചര്‍ച്ചചെയ്യേണ്ടത് തന്നെയാണ്. അതില്‍ എംപിമാരുടെ പങ്കുമുണ്ട്. കേരള സര്‍ക്കാരും ശുപാര്‍ശ ചെയ്തിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനില്‍ വരാം സ്വീകരിക്കുകയും ചെയ്യാം. എന്നാല്‍, വന്നവരൊക്കെ കൊടി പിടിച്ച് ട്രെയിനില്‍ കയറി നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
തിരുവനന്തപുരം-കൊല്ലം ബ്രോഡ്ഗേജിന്റെ ഉദ്ഘാടനത്തിന് അടിയന്തരവസ്ഥ കാലത്തായിട്ടുപോലും ഒരാളും കോണ്‍ഗ്രസിന്റെ കൊടി പിടിച്ചില്ല. ഒ.രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം മുന്‍കൈ എടുത്ത് ജനശതാബ്ദി കൊണ്ടുവരുന്നത്. ഒരു ബഹളവും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ ഉദ്ഘാടനത്തിന് പോയിരുന്നു.
എന്തിനാണ് ബി.ജെ.പി ഇപ്പോള്‍ ഇങ്ങനെ നാടകം കളിക്കുന്നത്. പത്ത് വോട്ട് പോലും കേരളത്തില്‍ കിട്ടില്ല. വോട്ടിങ്മെഷീന്‍ ഓണാക്കുമ്പോള്‍ തന്നെ പൊട്ടിപ്പോകുമെന്നും മുരളീധരന്‍ പരിഹസിച്ചു.