കേരളത്തിന് 150 മെഡിക്കല്‍ സീറ്റ് കൂടി കിട്ടിയേക്കും

ന്യൂദല്‍ഹി- കേരളത്തിന് ഈ അധ്യയന വര്‍ഷം 150 മെഡിക്കല്‍ സീറ്റുകള്‍കൂടി കിട്ടിയേക്കും. പാലക്കാട് വാളയാറില്‍ ഇക്കൊല്ലം തുടങ്ങാനിരുന്ന പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് 150 എം.ബി.ബി.എസ്. സീറ്റിനുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

നാഷണല്‍ മെഡിക്കല്‍ കമ്മീഷനും ആരോഗ്യ സര്‍വകലാശാലയും 150 സീറ്റിന് അനുമതി നല്‍കിയെങ്കിലും 100 സീറ്റ് മാത്രമേ അനുവദിക്കാനാവൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ഈ നിലപാട് അംഗീകരിക്കാന്‍ സുപ്രീംകോടതി തയാറായില്ല. മെഡിക്കല്‍ കമ്മീഷനു കീഴിലെ മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിങ് ബോര്‍ഡ് 150 സീറ്റിന് അനുമതി നല്‍കിയിരിക്കെ 100 സീറ്റില്‍മാത്രം പ്രവേശനം നടത്താനാകില്ലെന്ന നിലപാടാണ് കോളേജ് സ്വീകരിച്ചത്. ഹൈക്കോടതി ഈ കോളേജിന് 150 സീറ്റിലേക്കുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഉത്തരവിടുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പിഴ ഇടുമെന്ന മുന്നറിയിപ്പോടെയാണ് ഹരജി തള്ളിയത്. കോളേജ് മാനേജ്‌മെന്റിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത്, അഭിഭാഷകന്‍ പി.എസ് സുല്‍ഫിക്കര്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശി എന്നിവര്‍ ഹാജരായി.

 

Latest News