തിരുവനന്തപുരം - സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അധ്യാപകരെയും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്ന് നിയമസഭാ സമിതി ശിപാർശ. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്‌കൂൾക്കും ലഭ്യമാക്കാനാണ് ഇത്തരമൊരു ശിപാർശയെന്ന് മുൻ ആരോഗ്യമന്ത്രി കൂടിയായ കെ.കെ ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി വ്യക്തമാക്കി.
ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപകർക്കു മാത്രമാണ് നിർബന്ധിത സ്ഥലം മാറ്റമുള്ളത്. ഇത് എൽ.പി, യു.പി, ഹൈസ്‌കൂൾ അധ്യാപകർക്കും ബാധകമാവണം. ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ സ്ഥലം മാറ്റമുണ്ടാവുന്നതാണ് രീതി. അതേപോലെ എൽ.പി, യു.പി, ഹൈസ്‌കൂൾ അധ്യാപകർക്കും അഞ്ചു വർഷത്തിലൊരിക്കൽ സ്ഥലം മാറ്റം പ്രാവർത്തികമാക്കണം.
സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പാചകച്ചെലവിനുള്ള തുക കേന്ദ്രസർക്കാർ വർധിപ്പിച്ചിട്ടും സംസ്ഥാനസർക്കാർ ആനുപാതിക വർധന നടപ്പാക്കാത്തതിനെ സമിതി വിമർശിച്ചു. 2022 ഒക്ടോബർ ഒന്നുമുതൽ സാധനങ്ങൾക്കുള്ള വില കേന്ദ്രം 9.6 ശതമാനം വർധിപ്പിച്ചു. ആനുപാതിക തുക സംസ്ഥാനത്തും വർധിപ്പിക്കണം. ഒരു കുട്ടിക്ക് ദിവസം 8.17 രൂപ കൂട്ടാനാണ് കേന്ദ്രതീരുമാനം. 150 വരെ കുട്ടികളുള്ള സ്‌കൂളുകൾക്കു മാത്രമേ സംസ്ഥാന സർക്കാർ ദിവസം എട്ടുരൂപ നൽകുന്നുള്ളൂ. 151 മുതൽ 500 വരെ കുട്ടികളുള്ള സ്‌കൂളിന് ഏഴു രൂപയാണ്. 500ന് മുകളിൽ കുട്ടികളുണ്ടെങ്കിൽ ആറുരൂപയുമാണ് നൽകുന്നത്. ഇത് തീർത്തും അപര്യാപ്തമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
ഈ അധ്യയനവർഷം തന്നെ തസ്തികനിർണയം നടത്തി ഇംഗ്ലീഷ് അധ്യാപകരില്ലാത്ത സ്‌കൂളുകളിൽ നിയമനം പൂർത്തിയാക്കണം. കായിക വിദ്യാഭ്യാസത്തിനും കാതലായ നടപടി ഉണ്ടാകണം. കമ്പ്യൂട്ടർ, ഐ.ടി പഠനത്തിന് സെക്കൻഡറി തലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം. പ്ലസ് വൺ സീറ്റുകളുടെ പ്രശ്‌നം പരിഹരിക്കാൻ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ സീറ്റുകൾക്ക് ആവശ്യക്കാർ ഏറെയുള്ള പ്രദേശങ്ങളിലേക്ക് സീറ്റുകൾ പുനഃക്രമീകരിക്കാനുള്ള സാധ്യത തേടണം. എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നയുടനെ പ്ലസ് വൺ പ്രവേശനം നടത്തി അധ്യയനദിനങ്ങൾ നഷ്ടമാവാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിക്കണം.
സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്റർ മെഷീനും സ്ഥാപിക്കണം. ലഹരിക്കെതിരേ സ്‌കൂളിൽ പ്രചോദന പ്രഭാഷണങ്ങൾ, പരിസ്ഥിതി വിജ്ഞാനത്തിന് ജൈവ ഉദ്യാനങ്ങൾ തുടങ്ങിയ വിവിധ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചു.