തലശ്ശേരി- സ്വകാര്യ ആശുപത്രിയിലെ പരിശോധനാ മുറിയിൽ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ഡോക്ടർ മുങ്ങി. കഴിഞ്ഞ ദിവസം ഇയാൾ മുൻകൂർ ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നു. തലശ്ശേരി ജൂബിലി റോഡിലെ റോയൽ മലബാർ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധൻ ഡോ.സന്തോഷാണ് ഒളിവിൽ പോയത.് അഡ്വ.ജി.പി ഗോപാലകൃഷ്ണൻ മുഖേന കഴിഞ്ഞ ദിവസം ഡോ. സന്തോഷ് തലശ്ശേരി ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിരുന്നു. ഹരജി നാളെ ജഡ്ജ് ഇന്ദിര പരിഗണിക്കുന്നതിനിടെയാണ് പ്രതി മുങ്ങിയത്.
കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നെന്നാരോപിച്ച് പരാതിക്കാരി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഡോക്ടർ മുങ്ങിയത്. പോലീസ് ഡോക്ടറുടെ തിരുവങ്ങാട്ടെ വീട്ടിലും ഡോക്ടർ ജോലി നോക്കുന്ന റോയൽ മലബാർ ഹോസ്പിറ്റലിലും എത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ആശുപത്രിയിൽ ഡോക്ടറെ അന്വേഷിച്ചെത്തിയ രോഗികളോട് ഡോക്ടർ ടൂറിലാണെന്ന മറുപടിയാണ് ലഭിച്ചത്. അറസ്റ്റ് ഭയന്ന് കുടുംബ സമേതം ഡോക്ടർ വീട്ടിൽനിന്ന് മുങ്ങിയിരിക്കുകയാണ്. പോലീസ് ഇന്നലെയും പ്രതിയെ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്തിയില്ലെന്ന മറുപടിയാണ് നൽകിയത്. ഒളിവിൽ നിന്ന് ഡോക്ടർ പരാതിക്കാരിയെ പരാതിയിൽനിന്ന് പിന്തിരിപ്പിക്കാൻ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരെ കൊണ്ട് ശ്രമം നടത്തിയിരുന്നു.
തനിക്കെതിരെ ആശുപത്രിയിൽ നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരി കള്ളക്കേസ് കൊടുത്തിരിക്കുകയാണെന്നും ഇതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ ശ്രമം നടത്തുകയാണെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡോ.സന്തോഷ് മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചത.് തലശ്ശേരി പോലീസ് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവത്തിൽ കേസെടുത്തിരുന്നത്. പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഡോക്ടറെ അറസ്റ്റ് ചെയ്യാൻ മടികാണിക്കുകയായിരുന്നു.
തലശ്ശേരി റോയൽ മലബാർ ഹോസ്പിറ്റലിൽ ഒരു മാസം മുമ്പ് ജോലിക്കെത്തിയ യുവതിയെയാണ് ഡോ.സന്തോഷ് പീഡിപ്പിക്കാൻ ശ്രമിച്ചത.് ഡോക്ടറുടെ ദേഹത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ പരിക്കേറ്റെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന യുവതിയെ കൊണ്ട് ഡോക്ടറുടെ പുറത്ത് മെഷീൻ ഉപയോഗിച്ച് ഓയിൽ മസേജ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഷർട്ട് അഴിച്ച് മാറ്റി ഡോക്ടർ നഴ്‌സിനെ കൊണ്ട് ഉഴിച്ചിൽ നടത്തുന്നതിനിടെ യുവതിയുടെ കാലിൽ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു.