Sorry, you need to enable JavaScript to visit this website.

വർണപ്പൊലിമയോടെ സൗദി ദേശീയ ദിനത്തിൽ സ്വദേശികളോടൊപ്പം തിമർത്താടി വിദേശികളും

ദമാം- സൗദി ദേശീയ ദിനം ആഘോഷിക്കുന്നതിനു കിഴക്കൻ പ്രവിശ്യയിൽ സ്വദേശികളോടൊപ്പം വിദേശികളും മതിമറന്ന് തിമർത്താടി. കഴിഞ്ഞ ഒരാഴ്ചയായി സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നാടും നഗരവും പച്ച പട്ടുടുത്ത് അലങ്കരിച്ചിരുന്നു. വർണാഭമായ തെരുവോരങ്ങളിൽ രാജാവിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങളടങ്ങിയ ഫ്ലക്‌സുകളും തോരണങ്ങളും വഴിവിളക്കുകളും കൊണ്ട് നഗരമാകെ ഹരിതാഭമാക്കിയിരുന്നു. 


മുൻകാലങ്ങളേക്കാൾ ആവേശവും അഹ്ലാദവും നിറഞ്ഞ ഏറെ പ്രതീക്ഷകളോടെയുള്ള പ്രകടനങ്ങളായിരുന്നു പ്രധാന നഗരങ്ങളിലെങ്ങും. തൊണ്ണൂറ്റി മൂന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യയിൽ വിവിധ ആഘോഷ പരിപാടികളാണ് ഒരാഴ്ചയായി നടന്നു വരുന്നത്. കിഴക്കൻ പ്രവിശ്യയിലെ പ്രധാന റോഡുകളിലും കോർണിഷുകളിലും തങ്ങളുടെ വാഹനങ്ങളിൽ സ്വദേശികളായ യുവാക്കളും ഇവരോടൊപ്പം വിദേശികളും ദേശീയ പതാക ഉയർത്തിക്കെട്ടിയും ഭരണാധികാരികളുടെ വർണ ചിത്രങ്ങളടങ്ങിയ സ്റ്റിക്കറുകൾ പതിച്ചും നിരത്തുകൾ കൈയടക്കിയിരുന്നു.ചായങ്ങൾ മുഖത്തടിച്ച് തുറന്ന വാഹനത്തിൽ ആർത്തുല്ലസിക്കുന്ന യുവാക്കൾ ഏറെ സന്തോഷവാന്മാരായിരുന്നു. ചില മലയാളി സംഘടനകളാവട്ടെ രക്തദാനം നടത്തിയാണ് അന്നം തരുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷ പരിപാടിയിൽ പങ്കാളികളായത്.  സൗദി ദേശീയ ദിനം ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പിലായിരുന്ന അധികൃതർ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് പ്രവിശ്യാ ഭരണകൂടം വിവിധ കേന്ദ്രങ്ങളിൽ ആസൂത്രണം ചെയ്തത്. സൗദി പതാകകൾ കൊണ്ട് നഗരത്തിലെ പ്രധാന വീഥികൾ എല്ലാം കമനീയമായി അലങ്കരിക്കുകയും പച്ച നിറത്തിലുള്ള ലൈറ്റുകൾ കെട്ടിടങ്ങളിലേക്ക് പതിപ്പിച്ച് വർണാഭമാക്കിയിരുന്നു. 


ദമാം, അൽകോബാർ, ജുബൈൽ, അൽഹസ, ഖഫ്ജി എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചും വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി കോർണിഷുകളിൽ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും അരങ്ങേറി. ദമാമിലും അൽകോബാറിലും ഇതുവരെ കണ്ടിട്ടില്ലാത്ത മണിക്കൂറുകൾ നീണ്ടുനിന്ന കരിമരുന്നു പ്രയോഗമാണ് ഇന്നലെ സംഘടിപ്പിച്ചത്. കലാപ്രകടനങ്ങൾ, നാടകങ്ങൾ, ചിത്ര പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികളും നടന്നു. 
സൗദിയുടെ സാംസ്‌കാരിക ചരിത്രവും പൈതൃകവും വളർച്ചയുമെല്ലാം വിഷയമാക്കുന്ന ചിത്ര പ്രദർശനങ്ങളും വിവിധ മത്സരങ്ങളും ദഹറാൻ സാംസ്‌ക്കാരിക കേന്ദ്രമായ ഇത്‌റയിൽ അരങ്ങേറി. സൗദി ദേശീയ ദിനത്തിന് നിറം പകർന്ന് കഴിഞ്ഞ ദിവസം അൽകോബാർ കോർണിഷിൽ അരങ്ങറിയ എയർഷോ നയനാനന്ദകരമായ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. സൗദിയുടെ പതാക വഹിച്ച് ആകാശത്ത്്് വിമാനങ്ങൾ വട്ടമിട്ട്് പറന്നത് കാണികളിൽ കൗതുകമുയർത്തി. പ്രത്യേകം പരിശീലനം പൂർത്തിയാക്കിയ വൈമാനികരുടെയും നാവിക സേനയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച എയർഷോ കാണികളുടെ സാന്നിധ്യം കൊണ്ടും സംഘാടനം കൊണ്ടും ഏറെ ശ്രദ്ധേയമായി.  

Latest News