Sorry, you need to enable JavaScript to visit this website.

മുസ്ഹഫ് അവഹേളനം: ഡെന്മാർക്കിന്റെ നടപടികളെ പ്രശംസിച്ച് ഒ.ഐ.സി

ജിദ്ദ - വിശുദ്ധ മുസ്ഹഫിനെതിരായ അവഹേളനങ്ങൾ ആവർത്തിക്കാതെ നോക്കാൻ ഡെന്മാർക്ക് സ്വീകരിച്ച നടപടികളെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹ പ്രശംസിച്ചു. ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്ത് ഡാനിഷ് വിദേശ മന്ത്രി ലാർസ് ലോക്കെ റാസ്മ്യൂസനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഡാനിഷ് ഗവൺമെന്റിനെ ഒ.ഐ.സി സെക്രട്ടറി ജനറൽ പ്രശംസിച്ചത്. വിശുദ്ധ ഗ്രന്ഥങ്ങൾക്കെതിരായ അവഹേളനങ്ങളും അപകീർത്തികളും കുറ്റകരമാക്കുന്ന നിയമ നിർമാണം നടത്താനുള്ള നിർദേശം മുന്നോട്ടുവെച്ച് ഡാനിഷ് ഗവൺമെന്റ് സ്വീകരിച്ച നടപടികളെ കുറിച്ച് ഡാനിഷ് വിദേശ മന്ത്രി ഒ.ഐ.സി സെക്രട്ടറി ജനറലിനെ അറിയിച്ചു. 
വിശുദ്ധ ഖുർആൻ കോപ്പികൾ അഗ്നിക്കിരയാക്കുന്നതും അവഹേളിക്കുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന ഒ.ഐ.സി നിലപാട് ഹുസൈൻ ത്വാഹ കൂടിക്കാഴ്ചക്കിടെ ആവർത്തിച്ചു. ഒ.ഐ.സി വിദേശ മന്ത്രിമാരുടെ പതിനെട്ടാമത് അസാധാരണ യോഗം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെ നോക്കാൻ ബന്ധപ്പെട്ട രാജ്യങ്ങൾ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. 
 

Latest News