Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാൻ ഉടൻ നടപടി വേണം; യു.എന്നിൽ സൗദി അറേബ്യ

ജിദ്ദ - മധ്യപൗരസ്ത്യദേശത്ത് സുരക്ഷയും സമാധാനവുമുണ്ടാകാൻ ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവവും സമഗ്രവുമായ പരിഹാരം എത്രയും വേഗം സാധ്യമാക്കണമെന്ന് 78-ാമത് യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഉറപ്പുവരുത്തുന്ന നിലക്ക് യു.എൻ തീരുമാനങ്ങളുടെയും അറബ് സമാധാന പദ്ധതിയുടെയും അടിസ്ഥാനത്തിലായിരിക്കണം പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കേണ്ടത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമായ, പ്രാദേശികവും അന്തർദേശീയവുമായ സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുന്ന, രാഷ്ട്രീയ പരിഹാരങ്ങളിലേക്കുള്ള പാതകളെ തടസ്സപ്പെടുത്തുന്ന ഏകപക്ഷീയമായ മുഴുവൻ നടപടികളെയും സൗദി അറേബ്യ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. 
സുരക്ഷയും സ്ഥിരതയും ശക്തമാക്കുക, സമഗ്രമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സംവാദത്തിന് ഇടം നൽകുക, പിരിമുറുക്കം കുറക്കുക, സംഘർഷങ്ങൾ മൂർഛിപ്പിക്കുന്നത് ഒഴിവാക്കാൻ മേഖലാ രാജ്യങ്ങളെ പ്രേരിപ്പിക്കുക, നേട്ടങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മുഴുവൻ ശ്രമങ്ങളെയും പിന്തുണക്കാൻ സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. 
ഐക്യരാഷ് ട്രസഭാ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങൾ പാലിക്കണം. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെയും ഭിന്നതകൾ സമാധാനപരമായ മാർഗങ്ങളിൽ പരിഹരിച്ചും ബലപ്രയോഗമോ ഭീഷണിയോ അവലംബിക്കാതെയും, രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള സഹകരണത്തിലൂടെ മാനവരാശിക്ക് കൂടുതൽ മെച്ചപ്പെട്ട ഭാവിയാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. മനുഷ്യനെ കേന്ദ്രവും ലക്ഷ്യവുമാക്കുന്ന സമഗ്രവും സുസ്ഥിരവുമായ ഒരു നവോത്ഥാനം സൃഷ്ടിക്കാനാണ് വികസന സമീപനത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
 

Latest News